13കാരിയുടേത് മുങ്ങിമരണമെന്ന് പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്; പിതാവിനെ കണ്ടെത്താനായില്ല

കളമശ്ശേരി: പെൺകുട്ടിക്കൊപ്പം കാണാതായ പിതാവിനെ അഗ്​നിരക്ഷാസേനയുടെ രണ്ടാംദിവസ തിരച്ചിലിലും കണ്ടെത്താനായില്ല. തിങ്കളാഴ്ച മഞ്ഞുമ്മൽ റെഗുലേറ്റർ ബ്രിഡ്ജിന് സമീപം പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ കാക്കനാട് കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ലാറ്റിൽ താമസിക്കുന്ന വൈഗയുടെ (13) പിതാവ് സനു മോഹനെയാണ് രണ്ടുദിവസത്തെ തിരച്ചിലിലും കണ്ടെത്താനാകാത്തത്.

ഞായറാഴ്ച രാത്രിയാണ് പിതാവി​െനയും മക​െളയും കാണാതായെന്ന പരാതി ലഭിച്ചത്. തുടർന്ന് തിങ്കളാഴ്ച ഉച്ചയോടെ മഞ്ഞുമ്മൽ ബ്രിഡ്ജിനുസമീപം പുഴയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. എറണാകുളം ഗവ. മെഡിക്കൽ കോളജിൽ പോസ്​റ്റ്​മോർട്ടം നടത്തിയ കുട്ടിയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി ആലപ്പുഴയിലേക്ക് കൊണ്ടുപോയി. മുങ്ങിമരണമാണെന്നാണ് പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്. അതേസമയം, പെൺകുട്ടിയുടെ അച്ഛനുവേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. പ്രത്യേകസംഘമാണ് അന്വേഷിക്കുന്നത്.

കുട്ടിക്കൊപ്പം പുഴയിൽ ചാടിക്കാണും എന്ന നിഗമനത്തിൽ രാവിലെ മുതൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ മുട്ടാർ പുഴ മുതൽ വരാപ്പുഴ വരെയുള്ള ഭാഗംവരെ അഗ്​നിരക്ഷാസേന തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പുഴയിൽ ചാടിയതാണെങ്കിൽ പൊങ്ങിവരേണ്ട സമയം കഴിഞ്ഞു. ഇവർ സഞ്ചരിച്ച കാറും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കാർ എവിടെയെങ്കിലും നിർത്തിയിട്ടുണ്ടോ, ഉപേക്ഷിച്ചിട്ടുണ്ടോ എന്ന അന്വേഷണവും പൊലീസ് നടത്തുന്നുണ്ട്. കാർ ജില്ല വിട്ട് പോയിട്ടില്ലെന്നാണ് വിവരം. കുമ്പളം, പാലിയേക്കര ടോൾ പ്ലാസകൾ കടന്നിട്ടില്ല. ഇയാളുടെ മൊബൈൽ ഫോൺ നേര​േത്തതന്നെ സ്വിച്ച് ഓഫ് ആയിരുന്നു. അവസാനത്തെ കാൾ ഭാര്യാപിതാവിനെന്നാണ് പൊലീസ് പറയുന്നത്. പ്രദേശത്തെ സി.സി ടി.വി കേന്ദ്രീകരിച്ച് പരിശോധനകൾ നടത്തിയെങ്കിലും വിവരം ലഭിച്ചില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.