കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് 13 കോടികൂടി തിരികെ നൽകുന്നു

തൃശൂർ/ഇരിങ്ങാലക്കുട: നിക്ഷേപകര്‍ക്ക് കൂടുതൽ ആശ്വാസ നടപടികളുമായി കരുവന്നൂര്‍ സഹകരണ ബാങ്ക്. 13 കോടി രൂപ ഉടൻ നിക്ഷേപകർക്ക് തിരികെ നൽകാൻ തീരുമാനമായി. ശനിയാഴ്ച മുതൽ തുക വിതരണം ചെയ്യുമെന്ന് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അറിയിച്ചു.

അഞ്ചു ലക്ഷത്തിന് താഴെയുള്ളവരുടെ തുകയാണ് ശനിയാഴ്ച മുതൽ നൽകുക. ഈ വർഷം ഒക്ടോബറിൽ കാലാവധി പൂർത്തിയായ, അഞ്ചു ലക്ഷത്തിന് മുകളിൽ സ്ഥിര നിക്ഷേപമുള്ളവർക്ക് ഡിസംബർ 11 മുതൽ 10 ശതമാനം വരെ തുക പലിശ സഹിതം തിരികെ നൽകും. അര ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം പൂർണമായും പിൻവലിക്കാം. ചെറുകിട സ്ഥിര നിക്ഷേപകർക്ക് നിശ്ചിത ശതമാനം തുകയും പലിശയും പിൻവലിക്കാം.

13 കോടിയാണ് നിക്ഷേപത്തിന്റെ 10 ശതമാനവും പലിശയുമായി വിതരണം ചെയ്യുന്നത്. ഇതിന് ആവശ്യമായ പണം കുടിശ്ശിക പിരിവ്, ബാങ്കിന്റെ മറ്റു ധനകാര്യ സ്ഥാപനങ്ങളിലുള്ള നിക്ഷേപം, സഹകരണ സംഘങ്ങളിൽനിന്ന് സ്വീകരിക്കുന്ന നിക്ഷേപങ്ങൾ, സഹകരണ വികസന ക്ഷേമനിധി ബോർഡിൽനിന്നുള്ള സഹായം എന്നിവയിലൂടെ കണ്ടെത്തി. നവംബർ ഒന്നിന് ആരംഭിച്ച പാക്കേജ് വഴി 4050 നിക്ഷേപകർ 15.5 കോടിയുടെ നിക്ഷേപം പിൻവലിച്ചപ്പോൾ 1820 പേർ 11. 2 കോടിയുടെ നിക്ഷേപ കാലാവധി നീട്ടി. ബാങ്ക് നൽകിയ വായ്പയിൽ തിരിച്ചടവ് ബാക്കിയുണ്ടായിരുന്ന 382.74 കോടിയിൽ 85 കോടിയും പിരിച്ചെടുത്തു. നിക്ഷേപവും പലിശയുമായി 93 കോടി തിരിച്ചുനൽകിയതായി ബാങ്ക് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ചെയർമാൻ പി.കെ. ചന്ദ്രശേഖരൻ വാര്‍ത്തസമ്മേളനത്തിൽ അറിയിച്ചു.

മൂല്യമില്ലാത്ത വസ്തു ഈടിൽ ലോൺ നൽകിയത് 103.6 കോടി രൂപയാണ്. അതിൽ 50 കോടി തിരിച്ചുപിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബാങ്ക്. അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗങ്ങളായ പി.പി. മോഹൻദാസ്, എ.എം. ശ്രീകാന്ത്, സി.ഇ.ഒ കെ.ആർ. രാജേഷ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - 13 crores is being returned to Karuvannur bank depositors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.