തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ഒരേസമയം 100 ആദിവാസി യുവതി-യുവാക്കൾ പൊലീസ്, എക്സൈസ് സേനയിലേക്ക്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലെ വനാന്തരങ്ങളിലും വനാതിര്‍ത്തിയിലും കഴിയുന്ന കാട്ടുനായ്ക്ക, പണിയ, അടിയ വിഭാഗങ്ങളിലെ ആദിവാസികളാണ് പ്രത്യേക നിയമനത്തിലൂടെ കാക്കിയണിയുന്നത്. മാർച്ച് അവസാനത്തോടെ നിയമനം ഉറപ്പാക്കി തിരക്കിട്ട ജോലികളാണ് പി.എസ്.സി ആസ്ഥാനത്ത് നടക്കുന്നത്.
പൊലീസ്, എക്സൈസ് വിഭാഗങ്ങളിലായി 100പേരെയാണ് ആദ്യഘട്ടം നിയമിക്കുക. 21 വനിതകൾ ഉൾപ്പടെ 75പേരാണ് സിവിൽ പൊലീസ് ഓഫിസർ തസ്തികയിലുണ്ടാവുക. രണ്ടു വനിതകൾ ഉൾപ്പടെ 25പേരെ സിവിൽ എക്സൈസ് ഓഫിസർ തസ്തികയിലും നിയമിക്കും. റാങ്ക്ലിസ്റ്റിെൻറ കാലാവധി ഒരുവർഷമായതിനാൽ താമസിയാതെ നൂറുപേരെ കൂടി നിയമിച്ചേക്കും. മാവോയിസ്റ്റ് ഭീഷണി ഉൾപ്പടെയുള്ള കാര്യങ്ങൾ തടയാൻ ലക്ഷ്യമിട്ടാണ് വനത്തിൽ കഴിയുന്നവരെ സേനയിൽ എടുക്കാൻ തീരുമാനിച്ചത്. ഇതിനായി പി.എസ്.സി പ്രത്യേക വിജ്ഞാപനമിറക്കി.
അപേക്ഷകരെ തേടി വനത്തിലേക്ക് പോവുകയാണ് ഉദ്യോഗസ്ഥർ ചെയ്തത്. ഒാൺലൈൻ അപേക്ഷക്കു പകരം നിശ്ചിത മാതൃകയിൽ അപേക്ഷിക്കാനുള്ള സൗകര്യം ഒരുക്കി. അട്ടപ്പാടിയിലും നിലമ്പൂരിലും മീനങ്ങാടിയിലുമൊക്കെയുള്ള അപേക്ഷകരെ തേടി വനംവകുപ്പിലെയും പട്ടികവർഗ വകുപ്പിലെയും ഉദ്യോഗസ്ഥർ എത്തി. എഴുത്തുപരീക്ഷയില്ലെന്നതാണ് മറ്റൊരു സവിശേഷത. അപേക്ഷിച്ച എല്ലാവരെയും കായികക്ഷമത പരിശോധനക്ക് വിളിച്ചു. പാലക്കാട് 466ഉം വയനാട്ടിൽ 651ഉം മലപ്പുറത്ത് 200ഉം പേർ കായികക്ഷമത പരീക്ഷ പാസായി. വയനാട് ഒഴികെ രണ്ടിടത്തും കായികക്ഷമത പരിശോധന പാസായവർ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചു. വയനാട്ടിൽ ചുരുക്കപ്പട്ടിക അടുത്തയാഴ്ചയാണ് പ്രസിദ്ധീകരിക്കുക. ചുരുക്കപ്പട്ടികയിലുള്ളവർക്ക് ഫെബ്രുവരി 21, 22, 23 ദിവസങ്ങളിലാണ് കൂടിക്കാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.