ജില്ല പൊലീസ് മേധാവി എസ്. ശശിധരൻ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ മലപ്പുറം സൈബർ പൊലീസ് പിടികൂടിയ മൊബൈൽ ഫോണുകളും സിം കാർഡുകളും. അന്വേഷണ ഉദ്യോഗസ്ഥരും പ്രതി അബ്ദുൽ റോഷനും സമീപം

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്: റാക്കറ്റിലെ മുഖ്യകണ്ണി പിടിയിൽ; 40,000ത്തോളം സിം കാർഡുകളും 180 ഫോണും പിടിച്ചെടുത്തു

മലപ്പുറം: ഓൺലൈൻ ട്രേഡിങ് തട്ടിപ്പുകാർക്ക് വ്യാജ സിം കാർഡ്​ എത്തിച്ച് നൽകുന്ന മുഖ്യ സൂത്രധാരൻ കർണാടകയിലെ മടിക്കേരിയിൽ മലപ്പുറം സൈബർ ക്രൈം പൊലീസിന്‍റെ പിടിയിൽ. ഓൺലൈൻ വ്യാജ ഷെയർ മാർക്കറ്റ് സൈറ്റിൽ വേങ്ങര സ്വദേശിയുടെ ഒരു കോടി എട്ട് ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിന് സിം കാർഡുകൾ സംഘടിപ്പിച്ച് നൽകുന്ന മടിക്കേരിയിൽ താമസിക്കുന്ന അബ്ദുൽ റോഷനാണ് (46) അറസ്റ്റിലായതെന്ന്​ ജില്ല പൊലീസ്​ മേധാവി എസ്​. ശശിധരൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു​. ഇദ്ദേഹം ജിയോ സിം ഡിസ്​ട്രിബ്യൂട്ടറാണ്​. പ്രതിയെ മടിക്കേരിയിലെ വാടക ക്വാർട്ടേഴ്സിൽനിന്നാണ്​ ജില്ല പൊലീസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക സൈബർ ക്രൈം സ്ക്വാഡ്​​ അറസ്റ്റ് ചെയ്തത്​.

അന്വേഷണം വേങ്ങര സ്വദേശിയുടെ പരാതിയിൽ

വേങ്ങര സ്വദേശിയായ യുവാവ് ഫേസ്ബുക്ക് പേജ് ബ്രൗസ് ചെയ്തപ്പോൾ ഷെയർ മാർക്കറ്റ് സൈറ്റിന്‍റെ ലിങ്ക് കണ്ടിരുന്നു. ക്ലിക്ക് ചെയ്തപ്പോൾ ഷെയർ മാർക്കറ്റ് സൈറ്റിന്‍റെ കസ്റ്റമർ കെയർ എന്ന വ്യാജേന വാട്സ്​ആപ്പിൽ ട്രേഡിങ് വിശദാംശങ്ങൾ നൽകി വമ്പൻ ഓഫറുകൾ നൽകി പരാതിക്കാരനെക്കൊണ്ട് നിർബന്ധിച്ച് ഒരു കോടി എട്ട് ലക്ഷം രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ ഡെപ്പോസിറ്റ് ചെയ്യിപ്പിച്ച്​ കബളിപ്പിച്ച് പണം തട്ടിയതാണ് കേസിന് തുടക്കം. പണം നഷ്ടപ്പെട്ട യുവാവ്​ നൽകിയ പരാതിയിൽ മാർച്ചിൽ​ വേങ്ങര സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിന്നീട് ജില്ല പൊലീസ് മേധാവി എസ്. ശശിധരന്‍റെ ഉത്തരവ് പ്രകാരം പ്രത്യേക സൈബർ ക്രൈം സ്ക്വാഡിനെ നിയോഗിച്ച് അന്വേഷണം ദ്രുതഗതിയിലാക്കി.

40,000ത്തോളം സിം കാർഡുകളും 180 ഫോണും പിടിച്ചെടുത്തു

മടിക്കേരിയിലെ വാടകവീട്ടിൽ പ്രതി താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തി കർണാടക പൊലീസിന്റെ സഹായത്തോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പരിശോധന നടത്തിയ സമയം വിവിധ മൊബൈൽ കമ്പനികളുടെ 40,000ത്തോളം സിം കാർഡുകളും 180ൽപരം മൊബൈൽ ഫോണുകളും കണ്ടെടുത്തു. കസ്റ്റമർ അറിയാതെ ആക്ടിവാക്കിയ 40,000ത്തിൽ പരം സിം കാർഡുകൾ പ്രതി വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരിക്കാമെന്നാണ് നിഗമനം.

സൈബർ നോഡൽ ഓഫിസറായ ഡി.സി.ആർ.ബി ഡിവൈ.എസ്​.പി വി.എസ്.​ ഷാജു, സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഐ.സി ചിത്തരഞ്ജൻ, സൈബർ സ്ക്വാഡ് അംഗങ്ങളായ സബ് ഇൻസ്പെക്​ടർ നജുമുദ്ദീൻ മണ്ണിശ്ശേരി, പൊലീസുകാരായ പി.എം. ഷൈജൽ പടിപ്പുര, ഇ.ജി. പ്രദീപ്, കെ.എം. ഷാഫി പന്ത്രാല, രാജരത്നം, മടിക്കേരി പൊലീസിലെ പി.യു. മുനീർ എന്നിവരും സൈബർ വിദഗ്​ധരും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു.

Tags:    
News Summary - 1 Crore Online Fraud: The main link in the racket is nabbed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.