അർവിന്ദ്
മലപ്പുറം: വേങ്ങര സ്വദേശിയുടെ ഒരു കോടി എട്ട് ലക്ഷം രൂപ ഓൺലൈൻ തട്ടിപ്പിലൂടെ കൈക്കലാക്കിയ റാക്കറ്റിലെ മുഖ്യപ്രതി പിടിയിൽ. ഓൺലൈൻ ട്രേഡിങ് തട്ടിപ്പുകാർക്ക് സമൂഹ മാധ്യമ അക്കൗണ്ടുകളുണ്ടാക്കാൻ ഒ.ടി.പിയും മൊബൈൽ നമ്പറുകളും ഓൺലൈനിലൂടെ നിയന്ത്രിച്ചിരുന്ന പഞ്ചാബ് സ്വദേശി അർവിന്ദാണ് (44) ഹരിയാനയിൽ അറസ്റ്റിലായത്. മലപ്പുറം ജില്ല പൊലീസ് മേധാവി എസ്. ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം അന്വേഷണസംഘമാണ് ഇയാളെ പിടികൂടിയത്. ഹരിയാന പൊലീസിന്റെ സഹായത്തോടെയാണ് അറസ്റ്റ്.
പ്രതിയുടെ സുഹൃത്തുക്കൾ സംഘർഷത്തിന് ശ്രമിച്ചെങ്കിലും പ്രാദേശിക പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്ത് ദബ്ബുവാലി കോടതിയിൽ ഹാജരാക്കുകയായിരുന്നു. കോടതി ട്രാൻസിറ്റ് കസ്റ്റഡി അനുവദിച്ചാണ് മലപ്പുറത്ത് എത്തിച്ചത്. ഓൺലൈൻ വ്യാജ ഷെയർമാർക്കറ്റ് സൈറ്റിൽ വേങ്ങര സ്വദേശിയുടെ ഒരു കോടി എട്ട് ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിന് സിം കാർഡുകൾ സംഘടിപ്പിച്ച് നൽകുന്ന അബ്ദുൽ റോഷനെ കർണാടകയിലെ മടിക്കേരിയിൽനിന്ന് കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോൾ മറ്റു കണ്ണികളെ സംബന്ധിച്ച് സൂചന ലഭിച്ചിരുന്നു.
അറസ്റ്റിലായ അർവിന്ദ് ഹരിയാനയിലെ ദബ്ബുവാലിയിൽ മൊബൈൽ ഫോൺ ഷോപ്പ് നടത്തുന്ന ആളാണ്. എന്നാൽ, ഇയാൾ ഷോപ്പിൽ വരാറില്ല. നേരത്തേ പിടിയിലായ റോഷനിൽനിന്ന് ലഭിക്കുന്ന സിം നമ്പറുകളും ഒ.ടി.പിയും വീട്ടിലിരുന്ന് ഓൺലൈനായി സ്റ്റാഫിനെ വെച്ച് മറ്റു കണ്ണികൾക്ക് കൈമാറുകയാണ് അർവിന്ദ് ചെയ്യുന്നത്.
എ.എസ്.പി ഹരീഷ് ജയിൻ, സൈബർ നോഡൽ ഓഫിസറായ ഡി.സി.ആർ.ബി ഡിവൈ.എസ്.പി വി.എസ്. ഷാജു, സൈബർ ക്രൈം സ്റ്റേഷൻ ഇൻസ്പെക്ടർ ചിത്തരഞ്ജൻ, ജില്ല സൈബർ സ്ക്വാഡ് അംഗങ്ങളായ സബ് ഇൻസ്പെക്ടർ നജ്മുദ്ദീൻ മണ്ണിശ്ശേരി, സിവിൽ പൊലീസ് ഓഫിസർമാരായ പി.എം. ഷൈജൽ പടിപ്പുര, ഇ.ജി. പ്രദീപ്, എ.എസ്.ഐ അനീഷ് കുമാർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതിയെ മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.