മകൾ ഫെറക്ക് മുത്തം നൽകുന്ന ഉമ്മ സഫ്രീന
തൃശൂർ: ചായംപൂശി കലോത്സവവേദികളിൽ നൃത്തം ചെയ്യണമെന്നും സമ്മാനങ്ങൾ വാരിക്കൂട്ടണമെന്നും പതിറ്റാണ്ടുകൾക്കുമുമ്പ് ഒരു പെൺകുട്ടി ആഗ്രഹിച്ചിരുന്നു. ആ പെൺകുട്ടിയുടെ ഉമ്മക്കും അതേ ആഗ്രഹങ്ങളുണ്ടായിരുന്നു. അന്നത്തെ സാമൂഹിക സാഹചര്യങ്ങൾ ഒട്ടും അനുകൂലമല്ലാത്തതിനാൽ അതൊക്കെയും ഉള്ളിലൊതുക്കി. ഇന്ന് അതിനൊക്കെയും കാലത്തിന്റെ കണക്കുപുസ്തകത്തിൽ വരവുവെച്ച് പരിഹാരം കണ്ടിരിക്കുന്നു. താൻ കണ്ട സ്വപ്നങ്ങൾ മകളിലൂടെ യാഥാർഥ്യമാക്കിയ അനുഭൂതിയിലാണ് ഒരുമ്മ. പേരമകളിലൂടെ ആഗ്രഹപൂർത്തീകരണം നടന്ന സന്തോഷത്തിൽ രണ്ട് ഉമ്മൂമ്മമാരും. ഇത് കലോത്സവ വേദിയിൽ അരങ്ങ് തകർത്ത ഫെറ യാസ്ലിന്റെ കഥയല്ല, അവളുടെ ഉമ്മയുടെയും ഉമ്മൂമ്മമാരുടെയും കഥയാണ്.
ഒന്നാംവേദിയായ ‘സൂര്യകാന്തി’യിൽ ഫെറ യാസ്ലിൻ മോഹിനിയാട്ടമത്സരത്തിൽ നിറഞ്ഞാടിയപ്പോൾ ഉമ്മ സഫ്രീനയുടെ മുഖം ശരിക്കും സൂര്യകാന്തിപ്പൂപോലെ വിരിഞ്ഞു. സഫ്രീന മലപ്പുറം മമ്പാട് എം.ഇ.എസ് എച്ച്.എസ്.എസിൽ കെമിസ്ട്രി അധ്യാപികയാണ്. വളരെ ചെറുപ്പത്തിലേ നൃത്ത ഇനങ്ങളോട് അങ്ങേയറ്റം താൽപര്യമായിരുന്നു. സഫ്രീനയുടെ ഉമ്മ സാറാബി ടീച്ചറും മകൾ നൃത്തം ചെയ്യുന്നതിൽ സന്തോഷിച്ചു. ഭരതനാട്യം, നാടോടിനൃത്തം, സംഘനൃത്തം എന്നിവയെല്ലാം ശാസ്ത്രീയമായി അഭ്യസിച്ചു. ഏഴാം ക്ലാസ് വരെ ഉപജില്ലതലംവരെ സഫ്രീന മത്സരിച്ചു. പിന്നീട് സാമൂഹിക സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനാൽ കലയോട് വിടപറഞ്ഞു.
വിവാഹശേഷം മൂന്നാമത്തെ കുട്ടിയായി ഫെറ പിറന്നതോടെയാണ് നൃത്തമോഹങ്ങൾക്ക് അവളിലൂടെ വീണ്ടും ചിറകുമുളച്ചത്. ചെറുപ്പം മുതൽതന്നെ ഫെറയെ നൃത്തം അഭ്യസിപ്പിച്ചു. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, സംഘനൃത്തം, നാടോടിനൃത്തം എന്നിവയിലെല്ലാം പരിശീലനം നൽകി. നൃത്താധ്യാപകൻ ഗിരീഷ് നടുവത്താണ് പരിശീലകൻ. സഫ്രീന പഠിപ്പിക്കുന്ന സ്കൂളിൽ തന്നെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് ഫെറ. പിതാവ് അഡ്വ. കെ.സി. നസീം മഞ്ചേരി കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നു. നസീമിന്റെ ഉമ്മ ആയിഷ ടീച്ചറും കലാരംഗത്ത് നിറഞ്ഞ പിന്തുണയാണ് പേരക്കുട്ടിക്ക് നൽകുന്നത്. ഷിദിൽ റുഷ്ദ്, സനു സാബിത്ത് എന്നിവരാണ് ഫെറയുടെ സഹോദരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.