അഡ്വ. കെ.യു ജെനീഷ് കുമാർ
ബഹ്റൈനിൽ ഹ്രസ്വകാല സന്ദർശനത്തിനെത്തിയ കോന്നി എം.എൽ.എ അഡ്വ. കെ.യു. ജെനീഷ് കുമാർ ‘ഗൾഫ് മാധ്യമ’ത്തോട് സംസാരിക്കുന്നു
കേരളത്തിൽ ഭരണത്തുടർച്ച ഉണ്ടാവാതിരിക്കേണ്ട ഒരു കാരണവും നിലനിൽക്കുന്നില്ല. യു.ഡി.എഫിലെ അംഗങ്ങൾപോലും എൽ.ഡി.എഫ് ഭരണത്തിലെത്തുമെന്നാണ് പറയുന്നത്. യു.ഡി.എഫിന്റെ നേതൃനിരക്ക് ഐക്യമില്ല. ജനങ്ങളുടെ വികാരം അവർ മനസ്സിലാക്കുന്നില്ല. എന്നാൽ, എൽ.ഡി.എഫ് അങ്ങനെയല്ല. മികച്ച അച്ചടക്കമുള്ള നേതൃത്വവും അണികളും ഞങ്ങളുടെ പ്രത്യേകതയാണ്.
യു.ഡി.എഫ് തകരരുതെന്ന് ആഗ്രഹിക്കുന്നവരാണ് പ്രബുദ്ധരായ മലയാളികളെല്ലാവരും. പ്രതിപക്ഷമായോ ഭരണപക്ഷമായോ അതല്ലെങ്കിൽ സമൂഹത്തെ നിയന്ത്രിക്കുന്ന ഒരു പ്രധാന പാർട്ടിയായോ തുടരണമെന്നോയാണ് എല്ലാവരുടെയും ആഗ്രഹിക്കുന്നത്. എന്നാൽ, കോൺഗ്രസിന് ആ താൽപര്യമില്ല എന്നതാണ് സത്യം. ഗോൾവാൾക്കറുടെ ഫോട്ടോക്ക് വരെ വിളക്ക് കത്തിച്ചുനിന്ന ആളാണ് കോൺഗ്രസിന് നേതൃത്വം നൽകുന്നത്. അവരുടെ കൂടെ മതനിരപേക്ഷ വാദികൾ എങ്ങനെ നിലനിൽക്കാനാണ്. അങ്ങനെയുള്ളവർ കോൺഗ്രസിനെ നയിക്കുന്നതിൽനിന്ന് മാറി ചിന്തിക്കണം. എന്നാലേ കോൺഗ്രസിന് രക്ഷപ്പെടാനാകൂ.
സി.പി.എമ്മിന്റെ നിയമസഭമണ്ഡലങ്ങളിലെ കണക്കെടുത്ത് നോക്കിയാൽ കോൺഗ്രസിനെക്കാൾ കൂടുതലാണ് യുവനേതാക്കൾ. യു.ഡി.എഫിന് ആകെ വടകര എം.എൽ.എ മാത്രമാണ് നിയമസഭയിലുള്ളത്. എന്നാൽ, എൽ.ഡി.എഫിന്റെ ഭാഗത്ത് അതിലധികമുണ്ട്. ലോക്സഭ സീറ്റിലേതടക്കം ഡി.വൈ.എഫ്.ഐയുടെ അഖിലേന്ത്യാ നേതാവിനെയാണ് പറഞ്ഞയച്ചത്. പിന്നെ എവിടെയാണ് എൽ.ഡി.എഫ് യുവാക്കളെ പരിഗണിക്കുന്നില്ലെന്ന് പറയുക.
വിഴിഞ്ഞം പോർട്ടിന്റെ പ്രശസ്തി മുഴുവനായും എൽ.ഡി.എഫിനാണെന്ന് ആരും പറഞ്ഞിട്ടില്ല. മുൻ സർക്കാറുകളുടെ ഇടപെടലുകളും വിഴിഞ്ഞത്ത് ഉണ്ടായിട്ടുണ്ട്. പക്ഷേ, പദ്ധതി പൂർത്തിയാക്കിയത് എൽ.ഡി.എഫ് സർക്കാറാണ്. പോർട്ടിന് ആകെ ചെലവായ തുകയിൽ കേന്ദ്രവിഹിതം എത്രയാണെന്നും കേരള സർക്കാർ എത്ര ചെലവാക്കിയതെന്നും ജനങ്ങൾക്കറിയാം. യാഥാർഥ്യമാകുമെന്ന് കണ്ടപ്പോൾ പ്രാദേശിക വികാരം ഉയർത്തി വിൻസെന്റ് എം.എൽ.എ എന്തിനായിരുന്നു പ്രക്ഷോപമുണ്ടാക്കിയത്.
പ്രതിപക്ഷ നേതാവടക്കം സമരത്തിന് നേതൃത്വം കൊടുക്കാൻ അവിടെ പോയത് നമ്മൾ കണ്ടതാണ്. പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രി ആയതുകൊണ്ട് മാത്രമാണ് വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായത്. ഈ ബോധം ജനങ്ങൾക്കുണ്ട്. ആരോഗ്യമേഖല കഴിഞ്ഞ 10 വർഷം ആർജിച്ച നേട്ടം മറ്റേത് മേഖലയിലുമുണ്ടായിട്ടില്ല. ഏത് സൂചിക ദേശീയതലത്തിൽ എടുത്ത് പരിശോധിച്ചാലും കേരളമാണ് മുന്നിൽ. അതിനിടയിൽ ചെറിയ ചെറിയ സംഭവങ്ങളെ പർവതീകരിച്ച് സർക്കാർ പ്രതിസന്ധിയിലാണെന്ന് തെറ്റായ പ്രചാരണത്തിലൂടെ വരുത്തിത്തീർക്കുകയാണ്.
അത് തെറ്റായ ധാരണയും ആരോപണവുമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ട സംസ്ഥാന ഗവൺമെന്റ് കേരളമാണ്. എത്ര ഏജൻസികൾ ഇവിടെ വന്നു, ഒരു പക്ഷേ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തെ ഭരണത്തെയും ദുർബലപ്പെടുത്താൻ ഒരു ഏജൻസിയും ശ്രമിച്ചിട്ടുണ്ടാവില്ല. മന്ത്രിമാർ, പാർട്ടി നേതാക്കൾ എന്നിവരുൾപ്പെടെ പലരെയും പെടുത്താൻ ശ്രമിച്ചു. ഇപ്പോൾ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെ വേട്ടയാടാൻ വലിയ ശ്രമമാണ് നടക്കുന്നത്. ഇത്തരത്തിലുള്ള വേട്ടയാടലുകൾ ഒരു ഭാഗത്ത്, സാമ്പത്തിക ഉപരോധം മറ്റൊരു ഭാഗത്ത് ഇങ്ങനെയെല്ലാം കേരളത്തെ പ്രതിസന്ധിയിലാക്കി പരാജയപ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്.
സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിലുള്ള ഉദ്യോഗസ്ഥരിൽ പലരെയും ബി.ജെ.പി വാഗ്ദാനങ്ങൾ നൽകി പിന്തുടരുന്നുണ്ട്. കേന്ദ്രം ബി.ജെ.പി ഭരിക്കുന്നതുകൊണ്ട് തന്നെ ഉന്നത പദവി മോഹിക്കുന്ന ഉദ്യോഗസ്ഥരും ഉണ്ടെന്നാണ് സത്യം. അതിൽ ചുരുക്കം ചിലരൊഴികെ ബാക്കിയുള്ള ഉദ്യോഗസ്ഥർ ഇവരുടെ വലയിൽ വീഴാതിരിക്കാനുള്ള കാരണം, കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർക്കു മേലുള്ള ശക്തമായ നിയന്ത്രണങ്ങളും നിരീക്ഷണവുമാണ്.
ഒരു അൻവർ നെറികേട് കാട്ടിയതുകൊണ്ട് എല്ലാ സ്വതന്ത്രരും അങ്ങനെയാകണമെന്നില്ല. അതിനുത്തമ ഉദാഹരണമാണ് കെ.ടി. ജലീൽ. മുന്നണിക്കാകെ അഭിമാനമായാണ് ജലീൽ പ്രവർത്തിക്കുന്നത്. 1957ലെ തിരഞ്ഞെടുപ്പ് മുതലേ പാർട്ടി സ്വതന്ത്രരെ പരീക്ഷിക്കുന്നുണ്ട്. നിയമസഭ എല്ലാ വിഭാഗം ജനങ്ങളുടെയും പരിച്ഛേദമാകണം. അതിനായി കലാ, കായിക, സാംസ്കാരിക വിഭാഗത്തിലുള്ളവരെ മത്സരിപ്പിക്കാൻ എൽ.ഡി.എഫ് ശ്രമിച്ചിട്ടുണ്ട്.
ശബരിമല വിഷയത്തിൽ കോൺഗ്രസ് യഥാർഥത്തിൽ ആർ.എസ്.എസ് ആസൂത്രണം ചെയ്ത പ്രക്ഷോഭങ്ങളിൽ പങ്കുചേരുകയാണ് ചെയ്തത്. കൊടിയില്ലാതെ പ്രതിഷേധത്തിൽ പങ്കെടുക്കാനുള്ള ആഹ്വാനമായിരുന്നു അക്കാലത്ത് കോൺഗ്രസ് ചെയ്തിരുന്നത്. അന്ന് പ്രക്ഷോഭത്തിൽ പങ്കെടുത്ത കോൺഗ്രസുകാരൊന്നും പിന്നീട് പാർട്ടിയിലേക്ക് തിരിച്ചുപോയിട്ടുമില്ല. സി.പി.എം ആർ.എസ്.എസിന്റെ അജണ്ട മനസ്സിലാക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തു. അതുകൊണ്ട് മതനിരപേക്ഷ വാദികൾ ഞങ്ങളോടൊപ്പം നിൽക്കുകയായിരുന്നു. അതുകൊണ്ടാണ് ഞങ്ങൾക്ക് 2021 ഇലക്ഷനിൽ കെ. സുരേന്ദ്രനോ സംഘ്പരിവാറോ ഒരു ഭീഷണിയായി മാറാതിരുന്നതും വിജയം അനായാസമായതും.
ജനങ്ങൾ മാറ്റമാഗ്രഹിക്കുന്നു എന്ന നിലയിലാണ് ഞാൻ കോന്നിയിൽ ജയിച്ചുകയറിയത്. കോന്നി ജനങ്ങൾ എന്തെല്ലാം ആഗ്രഹിച്ചോ അതെല്ലാം നൽകാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. മെഡിക്കൽ കോളജിനടക്കം അംഗീകാരം വാങ്ങുകയും വികസനങ്ങൾ വേഗത്തിലാക്കുകയും ചെയ്തു.
എൽ.ഡി.എഫിന്റെ ഏറ്റവും സുരക്ഷിതമായ മണ്ഡലങ്ങളിൽ ഒന്നാണ് നിലവിൽ കോന്നി. തദ്ദേശ തിരഞ്ഞെടുപ്പിലടക്കം ഭൂരിപക്ഷവും എൽ.ഡി.എഫിനൊപ്പമാണ്. എൽ.ഡി.എഫിന്റെ വികസനനയങ്ങളും ജനങ്ങളെ രാഷ്ട്രീയത്തിനപ്പുറം മുന്നണിക്ക് പിന്തുണ നൽകാൻ കാരണമായി മാറിയിട്ടുണ്ട്.
പ്രവാസികളാണ് നമ്മുടെ നാട്ടിന്റെ സമ്പത്തും സ്വത്തുമെല്ലാം. അത് പലരും വേണ്ടത്ര പരിഗണനയോടെ മനസ്സിലാക്കുന്നില്ല. കേന്ദ്ര ഗവൺമെന്റ് പ്രവാസികളുടെ കാര്യത്തിൽ വേണ്ട പരിഗണനകൾ നൽകാൻ ശ്രമിക്കണം. ഇന്ത്യയിൽ ആദ്യമായി പ്രവാസികൾക്ക് ക്ഷേമ പെൻഷൻ തീരുമാനിച്ചത് കേരളമാണ്. കൂടാതെ പ്രവാസി ക്ഷേമബോർഡും സ്ഥാപിച്ചു. പക്ഷേ അതുകൊണ്ടൊന്നും പ്രവാസികൾക്ക് ഒന്നും പൂർണമാകുന്നില്ല. വർഷങ്ങളോളം പ്രവാസലോകത്ത് കഴിഞ്ഞ് തിരിച്ചെത്തിയിട്ടും നാട്ടിൽ മറ്റെന്തെങ്കിലും ജോലി ചെയ്താലേ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുള്ളൂ എന്ന അവസ്ഥയാണ്. അതിനൊരു പരിഹാരമെന്നോണം നമുക്ക് ദീർഘകാല അടിസ്ഥാനത്തിൽ ക്ഷേമപദ്ധതിതന്നെ അനിവാര്യമാണ്. അതിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ട്. കേരളത്തിലെ പ്രവാസി വ്യവസായി പ്രമുഖകരെ ചേർത്തുപിടിച്ച് വ്യവസായവകുപ്പ് പല പദ്ധതികൾക്കും നാട്ടിൽ തുടക്കം കുറിച്ചിട്ടുണ്ട്. ഇതിലൂടെ പ്രവാസികൾക്ക് കൂടുതൽ സഹായങ്ങൾ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ.
പ്രിന്റ് മീഡിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലും ‘ഗൾഫ് മാധ്യമം’ പ്രവാസികൾക്കിടയിൽ ഉണ്ടാക്കിയെടുക്കുന്ന സ്വീകാര്യത അഭിനന്ദനാർഹമാണ്. പ്രവാസികളുടെ ചെറിയ ചെറിയ പ്രശ്നങ്ങൾപോലും ചൂണ്ടിക്കാണിക്കാൻ ‘ഗൾഫ് മാധ്യമ’ത്തിന് സാധിക്കുന്നുവെന്നത് പ്രവാസ ലോകത്ത് നടത്തുന്ന മികച്ച മാധ്യമ പ്രവർത്തനമായി ഞാൻ കാണുന്നു. ഈ സാഹചര്യത്തിൽ ‘ഗൾഫ് മാധ്യമ’ത്തിന് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.