വൺ മാൻ ഷോ

സിനിമ ലോകത്ത് ഞാൻ വേണമോ വേണ്ടയോ എന്ന തീരുമാനം എടുക്കേണ്ടിവന്ന പോയന്റായിരുന്നു. പൂർണമായും ഒരു ചിത്രകാരനായി ഒതുങ്ങിക്കൂടണം എന്ന തീരുമാനമെടുത്ത് നിൽക്കുമ്പോഴായിരുന്നുറോഷാക്ക് എന്നെ തേടിയെത്തിയത്

ചലച്ചിത്ര താരങ്ങളെയും പ്രമുഖരെയും രൂപത്തിലും ഭാവത്തിലും ശബ്ദത്തിലും അതേപടി പകർത്തുന്ന കലാകാരൻ. 1995 മുതൽ സിനിമ മേഖലയിൽ സജീവമായു​ണ്ടെങ്കിലും നിസാം ബഷീർ സംവിധാനം ​ചെയ്ത റോഷാക്കിലെ പ്രകടനത്തിലൂടെ വരും കാലങ്ങളിലും താൻ സിനിമയിൽ സജീവമായുണ്ടാകുമെന്ന് അടിവരയിടുകയാണ് കോട്ടയം നസീർ. ചലച്ചിത്ര നടൻ, ടി.വി താരം, മിമിക്രി കലാകാരൻ, ചിത്രകാരൻ... നിരവധി ടൈറ്റിലുകളാണ് കോട്ടയം നസീറിന് സ്വന്തമായുള്ളത്. തന്റെ ഇതുവരെയുള്ള സിനിമ ജീവിതത്തിൽ അഭിമാനത്തോടെ പറയാൻ കഴിയുന്ന ​വേഷമാണ് റോഷാക്കിലെ 'ശശാങ്കനെ'ന്ന് കോട്ടയം നസീർ പറയുന്നു. അതിനൊപ്പം ഒരു ചിത്രകാരനെന്ന നിലയിൽ അഭിമാനിക്കാവുന്ന നിമിഷത്തിലൂടെയാണിപ്പോൾ കോട്ടയം നസീർ കടന്നുപോകുന്നതും. നവംബർ രണ്ടുമുതൽ 13 വരെ ഷാർജയിൽ നടക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ 50ലധികം പെയിന്റിങ്ങുകൾ അടങ്ങുന്ന പുസ്തകം റിലീസ് ചെയ്യും. കോട്ടയം നസീർ എന്ന നടന്റെ സിനിമ-ചിത്രകല-മി​മിക്രി വിശേഷങ്ങളിലൂടെ...

റോഷാക്കും ശശാങ്കനും

റോഷാക്ക് സിനിമയിലെ നിർണായക കഥാപാത്രമാണ് ശശാങ്കനെന്ന് സംവിധായകൻ നിസാം ബഷീർ തുടക്കത്തിൽതന്നെ പറഞ്ഞിരുന്നു. ഒരു കുടുംബത്തിലെത്തിയതിന് ശേഷം അവിടെ 'പെട്ടുപോയി' എന്ന അവസ്ഥ നേരിടുന്ന കഥാപാത്രമാണ് ശശാങ്കൻ. അവിടെ കുടുംബത്തിന്റെ ആഗ്രഹത്തിനൊത്ത് നിന്നുകൊടുക്കേണ്ട അവസ്ഥ നേരിടുന്നയാൾ. പിന്നീട് ഒരു തിരിച്ചറിവുണ്ടാകുന്നതോടെ അയാളിൽ മാറ്റങ്ങളുണ്ടാകുന്നു. അതാണ് ശശാങ്കനെന്ന കഥാപാത്രം. ഉള്ളിൽ നഷ്ടബോധം കൊണ്ടുനടക്കുന്ന ഒരാളാണ് ശശാങ്കനെന്ന് സംവിധായകൻ പറഞ്ഞുതന്നിരുന്നു. കഥാപാത്രമാകാൻ, വണ്ണം കൂട്ടണമെന്നും താടി വളർത്തണമെന്നും നിർദേശിച്ചു. കൂടാതെ കഥാപാത്രത്തിന്റെ സ്വഭാവം രൂപത്തിലും സംവിധായകൻ വരുത്താൻ ശ്രദ്ധിച്ചിരുന്നു.

നൂറോളം സിനിമകളിൽ ഇതുവരെ അഭിനയിച്ചിട്ടുണ്ടാകും. എന്നാൽ ബാവൂട്ടിയുടെ നാമത്തിൽ, കഥപറയുമ്പോൾ, വില്ലൻ, യൂത്ത് ഫെസ്റ്റിവൽ തുടങ്ങിയവയാണ് കോമഡിയാണെങ്കിൽപോലും എന്തെങ്കിലും ചെയ്യാനുണ്ടായിരുന്നവ. ഈ സിനിമകൾ മാറ്റിനിർത്തിയാൽ മറ്റെല്ലാ സിനിമകളിലും, മിമിക്രി വന്നു, ചിലരെപ്പോലെ തോന്നി എന്നു മാത്രമേ കേൾക്കൂ. എന്നാൽ, നന്നായി അഭിനയിച്ചു, നല്ല കഥാപാത്രം ചെയ്തു തുടങ്ങിയ പ്രതികരണങ്ങൾ കേൾക്കുന്നത് റോഷാക്കിലെ ശശാങ്കനിലൂടെയാണ്. മിമിക്രിയല്ലാതെ ഒരു നടനെന്ന നിലയിൽ ഒരു വേഷം ​ചെയ്യാൻ കഴിഞ്ഞുവെന്ന് പ്രേക്ഷകർ സമ്മതിച്ച കഥാപാത്രം ഇതായിരിക്കും. ഇതുവരെയുള്ള സിനിമ ജീവിതം എടുത്തുനോക്കുമ്പോൾ അഭിമാനത്തോടെ പറയാൻ കഴിയുന്ന ​വേഷമായിരിക്കും റോഷാക്കിലേ​തെന്ന് പറയാം.

ഞെട്ടൽ, സ​ന്തോഷം

റോഷാക്ക് സിനിമയിലേക്ക് എത്തിയത് എങ്ങനെയെന്ന് ഇപ്പോഴും അറിയില്ല. ലോക്ഡൗൺ സമയത്ത് നിസാം ബഷീർ വിളിക്കുകയായിരുന്നു. അദ്ദേഹത്തെ അന്ന് പരിചയമില്ല. കെട്ട്യോളാണ് എന്റെ മാലാഖ ചിത്രം സംവിധാനം ചെയ്ത വ്യക്തിയാണെന്നു മാ​ത്രമേ അറിയൂ. ഒരു പുതിയ ചിത്രം ചെയ്യാൻ പോവുകയാണ്, മമ്മൂക്കയാണ് നായകനെന്നും മമ്മൂട്ടി കമ്പനിയാണ് നിർമിക്കുന്നതെന്നും അറിയിച്ചു. അതിൽ ഒരു കഥാപാത്രം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ആദ്യം ഞെട്ടിപ്പോയി, കാരണം ഒരാൾ വിളിച്ച് എന്നോട് ഒരു കഥാപാത്രം ചെയ്യണമെന്ന് പറയുന്നത് അപൂർവമായി നടക്കുന്ന കാര്യമായിരുന്നു. തീർച്ചയായും ചെയ്യാമെന്നായിരുന്നു എന്റെ മറുപടി. അതിനുശേഷം നിസാം വരുകയും മുഴുവൻ തിരക്കഥയും നൽകുകയും ചെയ്തു. കഥാപാത്രത്തെക്കുറിച്ചും അതിന്റെ മാനസികാവസ്ഥയെക്കുറിച്ചും ഒന്നര മണിക്കൂറോളം സംസാരിച്ചു.

''എന്റെ മുൻകാല ചിത്രങ്ങളിലെല്ലാം അഴിച്ചുവിട്ട പോലെ ഒരു അഭിനയശൈലി ആയിരുന്നു. കൈയും കാലും അനക്കുന്നത് കുറച്ച് കൂടുതലായിരിക്കും, അതിനാൽ നിങ്ങ​ൾ എന്നെയൊന്ന് പിടിച്ചുകെട്ടണം. എന്നെ നിയന്ത്രിച്ച് കൊണ്ടുപോയാൽ സ്ഥിരം ശൈലിയിൽനിന്ന് ഒരുപാട് മാറ്റമുണ്ടാകും'' -എന്നു മാത്രമായിരുന്നു സംവിധായകനോടുള്ള എന്റെ നിർദേശം. എനിക്ക് എന്റെ പരിമിതികൾ അറിയാം. കാലങ്ങളായി ചെയ്തുവന്നത് ഇങ്ങനെയാണെന്ന ബോധവും എനിക്കുണ്ട്. അതിനാൽ ആരെങ്കിലും ഒരാൾ മാറ്റാൻ ശ്രമിക്കുകയാണെങ്കിൽ കുറച്ചുകൂടി നന്നായി എനിക്ക് ചെയ്യാനാകുമെന്ന് അറിയാം. എന്റെ സീൻസ് മാത്രമായി സംവിധായകൻ നൽകിയിരുന്നു. കൂടാതെ സെറ്റിലെത്തിയതിന് ശേഷം ആദ്യ സീൻ കഴിഞ്ഞപ്പോൾതന്നെ അവർക്ക് എങ്ങനെയാണ് വേണ്ടതെന്നും എന്താണ് വേണ്ടതെന്നും മനസ്സിലായി. എങ്ങനെയാണ് ഈ കഥാപാത്രത്തിന് നിങ്ങൾ എന്റെ മുഖം കണ്ടെത്തിയതെന്ന് ഇപ്പോഴും ചോദിക്കും. പക്ഷേ, 'എനിക്കങ്ങനെ തോന്നി' എന്ന മറുപടി മാത്രമാണ് നിസാം നൽകുക.

മാറ്റങ്ങൾ ഉണ്ടാകട്ടെ

ഏതു കലാരൂപത്തിലും പുതിയ ആശയങ്ങളും ചിന്തകളും വന്നെങ്കിൽ മാത്രമേ അതിൽ എന്തെങ്കിലും പുതുമയുണ്ടാകൂ. അല്ലെങ്കിൽ അതിന് പഴക്കം തോന്നും. സിനിമയിൽ അത്തരം പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. ക്രിയേറ്റിവായി ചിന്തിക്കുന്ന ഒരുപാട് പുതിയ ആളുകൾ ഇപ്പോഴുണ്ട്. ജാഫർ ഇടുക്കി എന്ന നടൻ തമാശകൾ മാത്രം ചെയ്തിരുന്ന ആളായിരുന്നു. എന്നാൽ, ഇപ്പോൾ വ്യത്യസ്തങ്ങളായ ഒരുപാട് കഥാപാത്രങ്ങൾ ചെയ്യുന്നു. കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും അങ്ങനെതന്നെ. അവരുടെ മാറ്റങ്ങൾ വന്നത് കുറെപേർ മുൻകൈയെടുത്തതുകൊണ്ടായിരുന്നു. ആ മാറ്റം വേണമെന്നാണ് എന്റെ അഭിപ്രായം. എന്നെപ്പോലെതന്നെ സിനിമയിൽ നല്ല വേഷം ലഭിക്കണമെന്ന് ചിന്തിക്കുന്ന ഒരുപാട് മിമിക്രിക്കാരുണ്ടിവിടെ. അതുകൊണ്ടുതന്നെ നമുക്കൊപ്പമുള്ളവർ ഓരോ അംഗീകാരം നേടുമ്പോൾ മറ്റുള്ളവർക്ക് പ്രചോദനമായിരിക്കും.

റോഷാക്കിൽ ജഗദീഷിന് പകരം സ്ഥിരം ​പൊലീസ് വേഷം ചെയ്യുന്ന ഒരാളെയോ എനിക്കു പകരം അതേപോലത്തെ കഥാപാത്രങ്ങൾ ചെയ്യുന്ന മറ്റൊരാളെയോ കാസ്റ്റ് ചെയ്താൽ ഈ ചിത്രത്തിന് ഒരിക്കലും പുതുമ ലഭിക്കില്ല. ഇതുവരെ തമാശ ചെയ്തിരുന്ന കോട്ടയം നസീർ എന്നയാൾ ശശാങ്കനായി എത്തിയതാണ് ആ ചിത്രത്തിലെ ഒരു പുതുമ. എല്ലാവരും അത്തരം വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് തെളിയിച്ചതോടെയാണ് അവരെ ഉപ​യോഗിച്ച് പരീക്ഷണങ്ങൾ നടത്താൻ മറ്റുള്ളവർ തയാറായതും. അങ്ങനെ തെളിയിക്കാനായി ആരെങ്കിലും ഒരാൾ ഒരു റിസ്ക് ഏറ്റെടുക്കണം. എന്റെ കാര്യത്തിൽ ആ റിസ്കാണ് നിസാം ബഷീർ എടുത്തതെന്ന് പറയാം.

നല്ല നടനാകണം

സിനിമ ലോകത്ത് ഞാൻ വേണമോ വേണ്ടയോ എന്ന തീരുമാനം എടുക്കേണ്ടിവന്ന പോയന്റായിരുന്നു റോഷാക്ക്. പൂർണമായും ഒരു ചിത്രകാരനായി ഒതുങ്ങിക്കൂടണം എന്ന തീരുമാനമെടുത്ത് നിൽക്കുമ്പോഴായിരുന്നു ഈ ചിത്രം എന്നെ തേടിയെത്തിയതെന്ന് പറയാം. എല്ലാക്കാലത്തും നല്ല വേഷങ്ങൾ ചെയ്യുന്ന ഒരു നടനാകണം. എന്നാൽ, സംവിധാനമോഹവും എഴുത്തുമെല്ലാം മനസ്സിലുണ്ട്. അതി​നുവേണ്ടി ശ്രമങ്ങളും നടത്തിയിരുന്നു. എന്നാൽ, ഒരു ഘട്ടത്തിൽവെച്ച് അവയെല്ലാം പരാജയപ്പെട്ടു. നിലവിൽ നല്ല വേഷങ്ങൾ ചെയ്യാൻ മാത്രമേ ആഗ്രഹമുള്ളൂ. സംവിധാന രംഗത്തേക്ക് കടന്നുവരാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല.

ആർട്ട് ഓഫ് മൈ ഹാർട്ട്

നവംബർ രണ്ടു മുതൽ 13 വരെ ഷാർജയിൽ നടക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ എന്റെ 50ലധികം പെയിന്റിങ്ങുകൾ അടങ്ങുന്ന പുസ്തകം റിലീസ് ചെയ്യും. 'Art Of My Heart' എന്നാണ് പുസ്തകത്തിന്റെ പേര്. അവിടെ ചിത്രങ്ങളുടെ പ്രദർശനവും വിൽപനയും ഉണ്ടാകും. നാട്ടിൽവെച്ച് ഒരു പ്രദർശനവുമുണ്ടാകും. അതാണ് ഒരു ചിത്രകാരനെന്ന നിലയിൽ ഏറ്റവും പുതിയ വിശേഷം. പുതിയ ചിത്രങ്ങളും റിലീസ് ചെയ്യാനുണ്ട്. ടി.കെ. രാജീവ്കുമാറിന്റെ ബർമുഡ, സജീവൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ലാ ടൊമാറ്റിന, രാഹുൽ കൈമല ​സംവിധാനം ചെയ്യുന്ന ചോപ്പ് തുടങ്ങിയവയാണ് പുതിയ ചിത്രങ്ങൾ.

എല്ലാവർക്കും സന്തോഷം

സുഹൃത്തു​ക്കളോടും ഭാര്യ ഹസീനയോടും മക്കളായ മുഹമ്മദ് നൗഫലിനോടും മുഹമ്മദ് നിഹാലിനോടും റോഷാക്കിൽ ഇത്രയും പ്രാധാന്യമുള്ള ഒരു കഥാപാത്രമാണെന്ന് പറഞ്ഞിരുന്നില്ല. ഇത്രയും നാൾ സിനിമയുമായി നടന്നിട്ട് ഇപ്പോഴാണ് ഒരു വേഷം ചെയ്തതെന്നായിരുന്നു ഇളയമകന്റെ അഭിപ്രായം. അവർക്ക് എന്റെ സിനിമയോടുള്ള ആഗ്രഹം അറിയാമല്ലോ. അതുകൊണ്ടുതന്നെ അവർ അതിയായ ആവേശത്തിലും സന്തോഷത്തിലുമായിരുന്നു. 

Tags:    
News Summary - One Man Show

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.