താങ്കൾ കൺവീനറായി ചുമതലയേറ്റതു മുതൽ ഇടതുമുന്നണി വിപുലീകരണം ചർച്ചയാണ്...?

ചരിത്രത്തിലാദ്യമായി ഇടതുമുന്നണിക്ക് തുടർഭരണം ലഭിച്ചു. ഇനിയും ആ വഴിയിൽ തന്നെയാണ് കേരളം സഞ്ചരിക്കേണ്ടത്. ഇടതു മുന്നണിക്ക് വീണ്ടും തുടർഭരണം സാധ്യമാക്കുകയാണ് ലക്ഷ്യം. കേരളത്തിന്‍റെ സമഗ്രവികസനത്തിനു വേണ്ടിയുള്ള നയമാണ് ഇടതുമുന്നണിയുടേത്. വർഗീയതക്കെതിരെ ഉറച്ച നിലപാടാണ്. പിണറായി വിജയന്‍റെ മികവുറ്റ പ്രകടനമാണ്. ഇവയെല്ലാം ഇടതുമുന്നണിയുടെ വിപുലീകരണത്തെ സഹായിക്കുന്ന ഘടകങ്ങളാണ്. അതനുസരിച്ചുള്ള മാറ്റങ്ങളുണ്ടാകും. വിപുലീകരണം സംഭവിക്കും. അതൊരു മഹാപ്രസ്ഥാനമായി വളരും. പി.സി. ചാക്കോ കോൺഗ്രസിന്‍റെ അഖിലേന്ത്യാ നേതാവായിരുന്നല്ലോ. കെ.വി. തോമസ് കോൺഗ്രസിന്‍റെ കേന്ദ്രമന്ത്രിയായിരുന്നില്ലേ. അവർ ഇടതുമുന്നണിയുമായി സഹകരിക്കുന്നത് ഇടതുമുന്നണി ജനങ്ങൾക്കു വേണ്ടിയുള്ള നയങ്ങളാണ് സ്വീകരിക്കുന്നത് എന്ന നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തിലാണ്. അതുപോലെ ഇനിയും ഒരുപാട് സംഭവങ്ങൾ ഉണ്ടായേക്കാം.

മുന്നണി വിപുലീകരണം ചർച്ചയിൽ ഇല്ലെന്നാണ് സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രൻ പറയുന്നത്?

അത് അദ്ദേഹത്തിന്‍റെ അഭിപ്രായമാണ്. അത് പറയാൻ അദ്ദേഹത്തിന് അവകാശമുണ്ട്. ഞങ്ങൾ ആരുടെയും അഭിപ്രായസ്വാതന്ത്ര്യത്തെ തടയുന്ന പാർട്ടിയല്ല. നിന്നേടത്ത് നിൽക്കാനല്ല. ഈ മുന്നണി മഹാഭൂരിപക്ഷത്തിന്‍റെ മുന്നണിയായി മാറ്റാനാണ് ശ്രമം. ആ ലക്ഷ്യമാണ് ഞങ്ങൾ എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുന്നത്.

മുന്നണി വിപുലീകരണം ചർച്ചയാകുമ്പോഴെല്ലാം സി.പി.ഐ ഉടക്കിടുകയാണല്ലോ?

കാനത്തിന്‍റെ അഭിപ്രായത്തെ അങ്ങനെയൊന്നും ദുർവ്യാഖ്യാനിക്കേണ്ടതില്ല. ഇടതുമുന്നണിയെ ശക്തിപ്പെടുത്താൻ എല്ലാ സഹായവും സഹകരണവും നൽകുന്ന പാർട്ടിയാണ്. മാത്രമല്ല, സി.പി.ഐ ദേശീയതലത്തിലുള്ള ഒരു ഇടതുപക്ഷ പാർട്ടി കൂടിയാണ്. ഇടത് ഐക്യത്തിനുവേണ്ടി നല്ലതുപോലെ അവർ സഹകരിക്കുന്നുമുണ്ട്. അതുകൊണ്ട് അവർ പറയുന്ന കാര്യത്തിൽ എന്തെങ്കിലും സംശയിക്കേണ്ട കാര്യമില്ല. ആത്മാർഥതയോടുകൂടി ശരിയായ നിലപാട് സ്വീകരിച്ചുപോകുന്ന പാർട്ടിയാണ് സി.പി.ഐ.

മുസ്ലിം ലീഗിന് ഇടതുമുന്നണിയിൽ ഇടമുണ്ടോ?

മുസ്ലിം ലീഗിനെ ആരും ക്ഷണിച്ചിട്ടില്ല. ഇപ്പോൾ ക്ഷണിക്കേണ്ട കാര്യവുമില്ല. 140ൽ 99 സീറ്റുമായാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഭരണം നടത്തുന്നത്. എന്തിനാണ് ഊഹങ്ങൾക്ക് ഇടംനിൽക്കുന്നത്. ഭൗതിക സാഹചര്യം ഉണ്ടാകട്ടെ. അതുണ്ടാകുമ്പോൾ നോക്കിനിൽക്കുന്ന പാർട്ടിയല്ല ഞങ്ങൾ. ഇടപെടുന്ന പാർട്ടിയാണ്. ഞങ്ങൾ രാഷ്ട്രീയത്തിൽ ഫലപ്രദമായി ഇടപെടും.

കുഞ്ഞാലിക്കുട്ടിയെ രാഷ്ട്രീയ തന്ത്രജ്ഞതയുടെ കിങ് മേക്കർ എന്ന് താങ്കൾ വിശേഷിപ്പിച്ചതിൽ രാഷ്ട്രീയ സൂചന കാണുന്നവരുണ്ട്?

ഞങ്ങൾക്ക് ആരെയും കുറ്റപ്പെടുത്തേണ്ട കാര്യമില്ല. ഉള്ള കാര്യങ്ങൾ, ഞങ്ങൾക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് പറഞ്ഞത്.

സി.പി.എം കാഴ്ചപ്പാടിൽ ലീഗ് മതനിരപേക്ഷ പാർട്ടിയാണോ?

ആ ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ല. പ്രസക്തി വരുമ്പോൾ നമുക്ക് ആ കാര്യം ചർച്ച ചെയ്യാം.

ആർ.എസ്.പി, ഫോർവേഡ് ബ്ലോക്ക് തുടങ്ങിയ കക്ഷികളെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ ഉണ്ടാകുമോ?

ദേശീയതലത്തിൽ ഇടതിനൊപ്പം നിൽക്കുന്ന ആർ.എസ്.പി കേരളത്തിൽ യു.ഡി.എഫിൽ പോയത് ചില വ്യക്തിതാൽപര്യങ്ങളുടെ പേരിലാണ്. ഇപ്പോൾ എവിടെയെത്തി? കോവൂർ കുഞ്ഞുമോൻ ജയിച്ച് എം.എൽ.എയായി. ഷിബു ബേബി ജോൺ പരാജയപ്പെട്ടെന്ന് മാത്രമല്ല, രാഷ്ട്രീയത്തിൽ ആർ.എസ്.പി ദുർബലപ്പെടുകയും ചെയ്തല്ലോ. ഇടതുമുന്നണിയുടെ ശരിയായ നിലപാടാണ് ഞങ്ങളുടെ ശക്തിപ്പെടലിന്‍റെ അടിസ്ഥാനം.

പാർട്ടി കോൺഗ്രസ് സെമിനാറിനോട് കോൺഗ്രസ് മുഖംതിരിച്ചത് സി.പി.എമ്മിന് നേട്ടമായോ?

അത് കോൺഗ്രസിന് പറ്റിയ പിഴവാണ് എന്നാണ് എന്‍റെ വിലയിരുത്തൽ. സെമിനാറിൽ ആരെല്ലാം വന്ന് പ്രസംഗിക്കുന്നു. ഞങ്ങൾ പോയി പല സെമിനാറുകളിലും പ്രസംഗിക്കാറുണ്ട്. അത് കേരളത്തിന്‍റെ പൊതുരീതിയാണ്. അതിനെ എതിർത്ത കോൺഗ്രസ് നേതൃത്വത്തിന്‍റെ നിലപാട് തെറ്റായ സമീപനമാണ്. കോൺഗ്രസ് ഇങ്ങനെ കുറെ തെറ്റുകൾ ചെയ്തുവരുകയാണ്. രാഹുൽ ഗാന്ധി ജയ്പുരിലെ റാലിയിൽ പറഞ്ഞത് ഇന്ത്യ ഹിന്ദുരാജ്യമാണ് എന്നാണ്. ആർ.എസ്.എസ് പറയുന്നത് ഹിന്ദുരാഷ്ട്രം എന്നാണ്.

രാജ്യവും രാഷ്ട്രവും തമ്മിലുള്ള പദപ്രയോഗത്തിലെ വ്യത്യാസമേയുള്ളൂ. രാഹുൽ ഒന്നുകൂടി കടത്തിപ്പറഞ്ഞു. ഇന്ത്യ ഹിന്ദുക്കൾ ഭരിക്കണമെന്നാണ്. ഇത് എന്ത് കോൺഗ്രസ് രാഷ്ട്രീയമാണ്. എന്ത് നെഹ്റുയിസവും ഗാന്ധിയിസവുമാണ്. ഏതെങ്കിലും ഒരു കോൺഗ്രസ് നേതാവ് തിരുത്തിയോ. ഈ പറഞ്ഞത് അബദ്ധമാണ്. അതല്ല കോൺഗ്രസ് എന്ന് ആരെങ്കിലും പറഞ്ഞോ. അതാണ് കോൺഗ്രസിന്‍റെ തകർച്ചയുടെ കാരണം.

സിൽവർലൈൻ വിരുദ്ധ സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നുവെന്നാണ് സർക്കാറിനെതിരായ പരാതി?

പൊലീസ് സമരക്കാരെ ചവിട്ടുകയല്ല, മറിച്ചാണ് സംഭവിക്കുന്നത്. കണ്ടിട്ടുള്ള ചിത്രങ്ങൾ അതാണ്. സർവേക്കല്ല് പൊരിച്ച് പൊലീസിന്‍റെ കാലിൽ ഇടുക. പൊലീസിനെ ആക്രമിക്കുക എന്നിവയൊന്നും ശരിയായ രീതിയല്ല. അക്രമ സമരം യു.ഡി.എഫ് ഉപേക്ഷിക്കണം. ദേശീയപാത വികസനം എത്രകോടിയുടേതാണ്. നാട് വലിയ തോതിൽ വികസിക്കുകയാണ്. നാടു മാറുകയാണ്. പുരോഗമിക്കുകയാണ്. കേരളത്തിന്‍റെ എല്ലാ മേഖലകളിലും അതിന്‍റെ ഗുണം ഉണ്ടാകും. ഓരോ കുടുംബത്തിന്‍റെയും പുരോഗതി ലക്ഷ്യംവെച്ചുള്ള വികസന പ്രവർത്തനത്തെ എതിർത്ത് എന്തിനാണ് പൊലീസുമായി ഏറ്റുമുട്ടാൻ പോകുന്നത്. എന്തിനാണ് കല്ലുപറിക്കാൻ പോകുന്നത്. അതുകൊണ്ടൊന്നും സിൽവർ ലൈൻ ഇല്ലാതാകാൻ പോകുന്നില്ല.

സിൽവർ ലൈൻ വിഷയത്തിൽ സർക്കാർ ആവർത്തിച്ച് വിശദീകരിച്ചിട്ടും ശാസ്ത്ര സാഹിത്യ പരിഷത്ത് ഉൾപ്പെടെയുള്ളവർക്ക് കാര്യം ബോധ്യപ്പെട്ടിട്ടില്ല?

ജനങ്ങളെല്ലാം പദ്ധതിക്ക് എതിരല്ല. കുറച്ചുപേർ മാത്രമാണ് സമരത്തിനുള്ളത്. നിലപാട് ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രി തന്നെ യോഗങ്ങൾ വിളിച്ചുചേർത്തു. ഇപ്പോൾ എൽ.ഡി.എഫ് നേതാക്കളും പ്രവർത്തകരും ബന്ധപ്പെട്ട പ്രദേശങ്ങളിൽ ജനങ്ങളെ സന്ദർശിച്ച് വികസനത്തിന്‍റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണ്. ചില മാധ്യമ മാനേജ്മെന്‍റുകളും എതിരായി നിൽക്കുന്നുണ്ട്. മാധ്യമ മാനേജ്മെന്‍റുകൾ എന്താണ് ഇങ്ങനെ എതിർക്കുന്നതെന്ന് മനസ്സിലാകുന്നില്ല. മാധ്യമ മാനേജ്മെന്‍റുകളുമായി ഞങ്ങൾ ഇക്കാര്യത്തിൽ ആശയവിനിമയം നടത്തും.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി. ശശിയുടെ നിയമനത്തെ പി. ജയരാജൻ എതിർക്കുകയാണല്ലോ?

വെറുതെ ആ പി. ജയരാജന്‍റെ പേരിൽ എന്തിനാ ഇതെല്ലാം വലിച്ചിഴച്ച് വേണ്ടാതെ ഒരു പ്രശ്നമുണ്ടാക്കാൻ നോക്കുന്നത്. വാർത്തകൾ പി. ജയരാജൻതന്നെ നിഷേധിച്ചിട്ടുണ്ട്. പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഞാനായിരുന്നു അധ്യക്ഷൻ. അഭിപ്രായങ്ങൾ പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ പറയും. പക്ഷേ, അതെല്ലാം തീരുമാനത്തെ ശക്തിപ്പെടുത്തുന്നതായിരുന്നു.

വിമർശിക്കുന്നതായിരുന്നില്ല. അതാണ് പ്രത്യേകത. പാർട്ടി കൈക്കൊണ്ട തീരുമാനത്തെ കൂടുതൽ സമ്പുഷ്ടമാക്കാനുള്ള അഭിപ്രായങ്ങളാണ് ഉയർന്നുവന്നത്. സംസ്ഥാന കമ്മിറ്റി അതിന്‍റെയെല്ലാം അടിസ്ഥാനത്തിൽ ഏകകണ്ഠമായാണ് തീരുമാനമെടുത്തത്. വെറുതെ എന്തിനാണ് പി. ശശിയെ വേട്ടയാടുന്നത്. തെറ്റുകളുണ്ടെങ്കിൽ പറഞ്ഞോളൂ. ഞങ്ങളും മനുഷ്യരല്ലേ, ചിലപ്പോൾ തെറ്റുകൾ പറ്റാം. ചൂണ്ടിക്കാണിച്ചാൽ പരിശോധിച്ച് തെറ്റാണെങ്കിൽ തിരുത്താൻ മടിയില്ല.

മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇപ്പോൾ മുന്നണി കൺവീനറായി താങ്കളും... പാർട്ടിയിൽ കണ്ണൂർ ലോബി പിടിമുറുക്കുകയാണോ?

ഇതൊക്കെ സങ്കുചിത വലയത്തിനുള്ളിൽനിന്ന് നിരീക്ഷിക്കുന്നതുകൊണ്ട് തോന്നുന്നതാണ്. കമ്യൂണിസ്റ്റ് പാർട്ടി ചുമതല നൽകുന്നത് ആളുടെ പ്രദേശം നോക്കിയിട്ടോ, രാജ്യം നോക്കിയിട്ടോ അല്ല. കണ്ണൂർ വിപ്ലവ പ്രസ്ഥാനങ്ങളുടെ കരുത്തുറ്റ ഭൂമിയാണ്. കണ്ണൂരിൽ ജനിച്ചുവളർന്നു എന്നത് തെറ്റാണ് എന്ന് പറയാൻ പറ്റുമോ..? ഞങ്ങൾ മലയാളികൾ അല്ലേ. തൊഴിലാളി പ്രസ്ഥാനത്തിന്‍റെ പ്രവർത്തകരല്ലേ. പത്ത്-അമ്പത് വർഷമായി ഈ നാടിന്‍റെ വികസനത്തിനുവേണ്ടി പ്രവർത്തിക്കുന്നവരല്ലേ. അതിന് വല്ല കുറവുമുണ്ടോ. ഞങ്ങൾ ഒരേ ജില്ലയിൽ ആയിപ്പോയി. നിങ്ങൾക്ക് ഞങ്ങളിൽ കുറ്റം കാണാൻ കഴിയുന്നുണ്ടോ..? പ്രവർത്തനങ്ങളും മറ്റുകാര്യങ്ങളുമെല്ലാം നിരീക്ഷിച്ചിട്ടാണ് കമ്യൂണിസ്റ്റ് പാർട്ടി ചുമതല നൽകുന്നത്.

ഇസ്ലാമിക ഭീകരപ്രവർത്തനത്തിന്‍റെ ഇരകളായ ക്രൈസ്തവരുടെ ആശങ്ക ഇടതു സർക്കാർ പരിഗണിക്കുന്നില്ലെന്നാണ് കേന്ദ്രമന്ത്രി വി. മുരളീധരന്‍റെ ആക്ഷേപം?

അദ്ദേഹം കേന്ദ്രമന്ത്രിയാണെന്ന നിലവാരം കാത്തുസൂക്ഷിക്കുന്നില്ല. ഇരിക്കുന്ന സ്ഥാനത്തെക്കുറിച്ച് ആലോചിക്കണം. ക്രിസ്തീയ സമൂഹത്തിന് നേരെ അക്രമം നടത്തുന്നത് ആരാണ്. യു.പിയിൽ എത്ര ക്രിസ്ത്യൻ പള്ളി സംഘ്പരിവാർ തകർത്തു.

ക്രിസ്മസ് ആഘോഷം വിലക്കുന്നത് ആരാണ്. ഒഡിഷ, ഹരിയാന ഇവിടെയെല്ലാം എത്രയെത്ര ക്രിസ്ത്യൻ പുരോഹിതരെ ആക്രമിച്ചു. അങ്ങനെയുള്ള ഒരു പാർട്ടിയുടെ നേതാവാണ് വി. മുരളീധരൻ. ഇതുപോലെ പ്രസ്താവന നടത്തുകയല്ലാതെ അദ്ദേഹം കേരളത്തിനുവേണ്ടി ഒന്നുംചെയ്തിട്ടില്ല. കേരളത്തിനു വേണ്ടി ഒന്നും ചെയ്യാത്ത കേരളക്കാരനായ കേന്ദ്ര മന്ത്രി എന്നാണ് അദ്ദേഹത്തിന് നൽകാവുന്ന വിശേഷണം. ജനങ്ങൾക്കിടയിൽ പരിഹാസ്യനാകാതിരിക്കാൻ വി. മുരളീധരനെ അദ്ദേഹത്തിന്‍റെ പാർട്ടിക്കാർ ഉപദേശിക്കുന്നത് നന്നായിരിക്കും.

കൺവീനർ എന്ന നിലയിൽ ആദ്യ പരീക്ഷണമായ തൃക്കാക്കര തെരഞ്ഞെടുപ്പിൽ തന്ത്രം എന്തായിരിക്കും?

തൃക്കാക്കര തെരഞ്ഞെടുപ്പ് ചർച്ച തുടങ്ങിയിട്ടില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാറിന്റെ ജനകീയ അംഗീകാരം തെളിയിക്കപ്പെടുന്ന തെരഞ്ഞെടുപ്പായിരിക്കും.

Tags:    
News Summary - LDF convener EP Jayarajan Interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.