അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി
ആധുനികതയുടെ വെളിച്ചത്തിൽ പാരമ്പര്യത്തിന്റെ ചൈതന്യം ഒത്തുചേരുന്നിടങ്ങളാണ് വാഫി-വഫിയ്യ സംവിധാനങ്ങൾ. വിജ്ഞാനത്തോടൊപ്പം സംസ്കാരനിർമിതിയും ഈ കോളജുകളുടെ പ്രത്യേകതകളാണ്. മത വിദ്യാഭ്യാസത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസവും സമന്വയിപ്പിച്ച് സമൂഹ നിർമിതക്കനുയോജ്യരായ വിദ്യാർഥികളെ ഒരുക്കിയെടുക്കുന്നതിലും, പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നതിലും വാഫി-വഫിയ്യ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
ഇതിന്റെയെല്ലാം അമരക്കാരനായി നിലകൊള്ളുന്ന വ്യക്തിത്വമാണ് അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി. വളർച്ചകൾക്കിടയിലുണ്ടാകുന്ന ചില സ്വരച്ചേർച്ചയില്ലായ്മകളിലും അവഗണിക്കപ്പെടലുകളിലും തളരാതെ ആത്മവിശ്വാസത്തോടെ ഈ സംവിധാനങ്ങളെ മുന്നോട്ടുനയിക്കുന്നതിൽ ഹകീം ഫൈസി എന്നും വേറിട്ടുനിൽക്കുന്നു. ബഹ്റൈൻ സന്ദർശനവേളയിൽ അദ്ദേഹം ഗൾഫ് മാധ്യമവുമായി സംസാരിക്കുന്നു.
വാഫി- വഫിയ്യ സംവിധാനം പൊതു വിദ്യാഭ്യാസ ധാരയിൽ തന്നെ മുന്നോട്ടുപോകുന്ന സമ്പ്രദായമാണ്. മത വിദ്യാഭ്യാസത്തിന് തടസ്സമില്ലാതെ ഭൗതിക വിദ്യാഭ്യാസം, ഭൗതിക വിദ്യാഭ്യാസത്തിന് തടസ്സമില്ലാതെ മത വിദ്യാഭ്യാസം എന്നതാണ് ഞങ്ങൾ മുന്നോട്ടുവെക്കുന്ന തത്ത്വം. രാജ്യത്തിന്റെ വികസനത്തിന് മുതൽക്കൂട്ടാകുന്ന പ്രവർത്തനങ്ങളാണ് ഞങ്ങൾ ചെയ്തുവരുന്നത്. രക്ഷിതാക്കളും വിദ്യാർഥികളുമായി ധാരാളം പേർ ഞങ്ങളുമായി നിരന്തരം സഹകരിച്ചുവരുന്നു.
കോഓഡിനേഷൻ ഓഫ് ഇസ്ലാമിക് കോളജസ് എന്നാണ് സി.ഐ.സിയുടെ മുഴുവൻ പേര്. വാഫി - വഫിയ്യ സംവിധാനമടക്കം ഈ സംരംഭത്തിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. 58 സ്ഥാപനങ്ങളിലായി 5000ത്തോളം വിദ്യാർഥികൾ നിലവിൽ ഈ സ്ഥാപനങ്ങളിൽ പഠിക്കുന്നുണ്ട്. ഈ വർഷം അത് 7000വരെ എത്തിയേക്കും. ഈ ഒരു സാർവത്രികതയാണ് സി.ഐ.സിയെ വ്യത്യസ്തമാക്കുന്ന ഒരു കാര്യം. മതവിദ്യാഭ്യാസത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസവും പൂർത്തിയാക്കുമ്പോഴേ ഞങ്ങൾ സർട്ടിഫിക്കറ്റ് നൽകുകയുള്ളു. നിർബന്ധമായും രണ്ടു വിദ്യാഭ്യാസവും നേടാൻ കഴിയും എന്നാണ് ഇതിന്റെ മറ്റൊരു സവിശേഷത. കാലത്തിനനുസരിച്ച് സഞ്ചരിക്കുന്ന വിദ്യാഭ്യാസ മേഖലയാണ് സി.ഐ.സി മുന്നോട്ടുവെക്കുന്നത്.
വിദ്യാഭ്യാസ പ്രവർത്തനം എന്നത് എല്ലാ പ്രശ്നങ്ങൾക്കും അതീതമാണ്. അതുകൊണ്ട് തർക്കങ്ങൾ ഒന്നും ഇതിന് തടസ്സമില്ല എന്ന രീതിയിൽ ഞങ്ങൾ മുന്നോട്ടുപോവും. പുറത്ത് എന്തെങ്കിലും വിവാദങ്ങളും ചർച്ചകളും നടക്കുന്നുണ്ടാകാം, അതൊന്നും ഞങ്ങളുടെ തനത് പ്രവർത്തനങ്ങളെ ബാധിക്കുന്ന ഒന്നല്ല.
ഇസ്ലാമിക പാണ്ഡിത്യത്തിന്റെ തനത് ശൈലി സമന്വയത്വത്തിന്റേതാണ്. മഹാന്മാരായ ഇമാമീങ്ങളൊക്കെ രണ്ട് വിദ്യാഭ്യാസം നേടിയവരാണ്. അവരുടെ കാലത്ത് ഏതളവിലാണോ ഭൗതിക വിദ്യാഭ്യാസം ഉണ്ടായിരുന്നത് അത് നേടിയവരാണവർ. അതാണ് ഞങ്ങൾ പിന്തുടരുന്നത്. ഇതൊന്നും പുതിയ സംവിധാനങ്ങളല്ല എന്നതാണ് വസ്തുത.
പെൺകുട്ടികളുടെ വിദ്യാഭ്യാസം ഒരു സാഹചര്യത്തിലും ഒരു രാജ്യത്തും ഒരാളും തടസ്സപ്പെടുത്തിയിട്ടില്ല. ഇസ്ലാമിക വിദ്യാഭ്യാസം എന്ന് പറയുന്നത് ഭൗതിക വിദ്യാഭ്യാസവും കൂടി അടങ്ങിയതാണ്. കേരള മുഖ്യധാര മുസ്ലിം സമൂഹം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നുണ്ട്. സ്ത്രീകളുടെ വിദ്യാഭ്യാസത്തെ നമ്മൾ അവഗണിക്കുന്നുവെന്നത് ആരോപണം മാത്രമാണ്.
കഴിഞ്ഞ 25 വർഷമായി ഈ സംവിധാനം പ്രവർത്തിച്ചുവരുന്നു. അന്നും ഇന്നും ഒരേ പോലെയാണ് പ്രവർത്തിക്കുന്നത്. ഇസ്ലാമിന്റെ മൂല പ്രമാണങ്ങൾ, പരമ്പരാഗതമായി മുസ്ലിം സമൂഹം അനുവർത്തിച്ചുപോരുന്ന രീതിശാസ്ത്രങ്ങൾ എന്നിവയൊന്നും ഞങ്ങൾ തെറ്റിച്ചിട്ടില്ല. കരിക്കുലങ്ങൾ കാലത്തിനനുസരിച്ചായിരിക്കണമല്ലോ. അവിടെ ചില മാറ്റങ്ങൾ സംഭവിച്ചിരുന്നേക്കാം, അതിനെ വേണമെങ്കിൽ പരിഷ്കാരം എന്നു പറയാം.
വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് ഞങ്ങളുടെ വിദ്യാർഥികൾ. രാവിലെ മദ്റസയിൽ പഠിപ്പിച്ചും അതിനു ശേഷം സ്കൂളുകളിലും മറ്റുമായി ഇംഗ്ലീഷ് ക്ലാസുകളും അല്ലാത്ത പൊതു വിഷയങ്ങളും പഠിപ്പിക്കുന്നവരുണ്ട്. പിന്നീട് മതപരമായ ക്ലാസുകളിലും പ്രബോധന രംഗത്തും ഇതേ ആൾക്കാർ തന്നെയാണ് സജീവമായിട്ടുള്ളത്. ഇത് വാഫി വിദ്യാർഥികളുടെ ഒരു പ്രത്യേകതയാണ്. 3000ത്തിലധികം പെൺകുട്ടികൾ ഞങ്ങളുടെ സ്ഥാപനത്തിൽ നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട്. അവരിൽ പകുതി പേരും കുടുംബിനികളായി തന്നെ മറ്റു ജോലിയും ചെയ്യുന്നവരാണ്. ഇത് രണ്ട് വിദ്യാഭ്യാസവും ലഭിക്കുന്നതുകൊണ്ട് കിട്ടുന്ന പ്രത്യേകതകളാണ്.
ഞങ്ങളുടെ സ്ഥാപനം മുന്നോട്ടുകൊണ്ടു പോകാനുള്ള ധൈര്യം ജനങ്ങളുടെ സഹകരണവും പിന്തുണയുമാണ്. അത് ധാരാളമായി ഞങ്ങൾക്ക് കിട്ടുന്നുമുണ്ട്. കൂടെ നിൽക്കാൻ ആളുള്ളപ്പോൾ പ്രശ്നങ്ങളൊന്നും ഞങ്ങളെ ബാധിക്കില്ല. സമാധാനത്തോടെ തന്നെ മുന്നോട്ടുപോവാൻ സാധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.