തുര്‍ക്കിയില്‍ ‘ശുദ്ധീകരണം’ തുടരുന്നു

അങ്കാറ: പട്ടാള അട്ടിമറി ശ്രമം പരാജയപ്പെട്ട തുര്‍ക്കിയില്‍ സൈന്യത്തെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കൂടുതല്‍ പരിഷ്കാരങ്ങളുമായി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഇതിന്‍െറ ഭാഗമായി സൈനികര്‍ക്ക് പരിശീലനം നല്‍കിവരുന്ന സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി.
എല്ലാ സൈനിക വിഭാഗങ്ങളും പ്രതിരോധ മന്ത്രാലയത്തിന്‍െറ നിയന്ത്രണത്തിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച നടപടികള്‍ തുടങ്ങിയതായി പ്രതിരോധമന്ത്രി ഫിക്രി ഐസിക് മാധ്യമങ്ങളെ അറിയിച്ചു. സൈനിക സ്കൂളുകള്‍ക്കുപകരം ‘ദേശീയ സൈനിക സര്‍വകലാശാല’ സ്ഥാപിക്കുമെന്ന് പ്രസിഡന്‍റ് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച സൈന്യത്തിലെ കേണല്‍ റാങ്കിലുണ്ടായിരുന്ന 99പേരെ ജനറല്‍മാരും അഡ്മിറല്‍മാരുമായി നിയമിച്ചിരുന്നു. അട്ടിമറി അനുകൂലികളെ നീക്കം ചെയ്ത ഒഴിവിലേക്കാണ് പുതിയ നിയമനം നടത്തിയത്.

രാജ്യത്തെ ചാരസംഘടനയെയും സൈനികമേധാവിയെയും നിയന്ത്രണത്തിലാക്കുന്നതിന് ഭരണഘടനാ ഭേദഗതിയും ആലോചനയിലുണ്ടെന്ന് ഉര്‍ദുഗാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അട്ടിമറിയെ പിന്തുണച്ച സൈനിക ജനറല്‍മാരും പട്ടാളക്കാരും നേരത്തേ തന്നെ അറസ്റ്റിലാവുകയോ സേനയില്‍നിന്ന് പിരിച്ചുവിടപ്പെടുകയോ ചെയ്തിട്ടുണ്ട്. നാറ്റോ മുന്നണിയിലെ ഏറ്റവും വലിയ രണ്ടാമത്തെ സൈനിക ഗ്രൂപ്പായ തുര്‍ക്കിസേനയില്‍ ‘പുതുരക്തങ്ങള്‍’ കൊണ്ടുവരലാണ് ഉര്‍ദുഗാന്‍െറ ലക്ഷ്യം. അട്ടിമറിക്കു പിന്നില്‍ പ്രവര്‍ത്തിച്ചതായി ആരോപിക്കപ്പെടുന്ന അമേരിക്കയിലുള്ള തുര്‍ക്കി പണ്ഡിതന്‍ ഫത്ഹുല്ല ഗുലനെ അനുകൂലിക്കുന്ന സൈനികരെ നീക്കംചെയ്ത് പട്ടാളത്തെ പൂര്‍ണമായും സര്‍ക്കാറിന്‍െറ നിയന്ത്രണത്തിലാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, ഉര്‍ദുഗാന്‍െറ നടപടികള്‍ക്ക് വിവിധ കോണുകളില്‍നിന്ന് വിമര്‍ശവും ഉയര്‍ന്നിട്ടുണ്ട്. മാധ്യമങ്ങളെയും കോടതികളെയും നിയന്ത്രിക്കാനുള്ള ശ്രമങ്ങളാണ് പ്രധാനമായും വിമര്‍ശിക്കപ്പെടുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.