തുർക്കിയിൽ മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ

ഇസ്തംബൂള്‍: തുര്‍ക്കിയില്‍ പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ മൂന്നു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അങ്കാറയില്‍ ഉന്നത സുരക്ഷാ കൗണ്‍സില്‍ ഉദ്യോഗസ്ഥരുമായും മന്ത്രിസഭാ അംഗങ്ങളുമായും നടത്തിയ കൂടിക്കാഴ്ചക്കു ശേഷമായിരുന്നു പ്രഖ്യാപനം. പാര്‍ലമെന്‍റിന്‍െറ അനുമതിയോടെ ആറുമാസം വരെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍  തുര്‍ക്കി ഭരണഘടനയിലെ 121ാം വകുപ്പ് അനുശാസിക്കുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ പ്രസിഡന്‍റിന്‍െറ അധ്യക്ഷതയില്‍ മന്ത്രിസഭായോഗം വിളിച്ചുചേര്‍ത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഇത് അനുമതി നല്‍കുന്നു. അടിയന്തരാവസ്ഥ ജനാധിപത്യത്തിനും നിയമവാഴ്ചക്കും പൗരസ്വാതന്ത്ര്യത്തിനും എതിരല്ളെന്ന് ഉര്‍ദുഗാന്‍ വ്യക്തമാക്കി.

അടിയന്തരാവസ്ഥയെ തുടര്‍ന്ന് ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യവും അവകാശങ്ങളും നിയന്ത്രിക്കപ്പെടുമോ എന്ന് ആശങ്കയുയര്‍ന്ന സാഹചര്യത്തിലാണ് ഉര്‍ദുഗാന്‍െറ പ്രഖ്യാപനം. ‘നമ്മുടെ രാജ്യവും ജനാധിപത്യവും വെള്ളിയാഴ്ച ആക്രമിക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഫ്രാന്‍സും ബെല്‍ജിയവുമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അത്തരം സാഹചര്യങ്ങള്‍ നേരിടുകയാണ്’ -മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജനാധിപത്യത്തിനും രാജ്യത്തിനും എതിരായ ഫത്ഹുല്ല ഗുലനെ തടയാന്‍ ഇത്തരം നടപടികള്‍ അനിവാര്യമായിരിക്കുന്നു. പട്ടാള ഉദ്യോഗസ്ഥര്‍ക്കിടയിലെ വൈറസിനെ മുഴുവന്‍ തുടച്ച്  വൃത്തിയാക്കും.  തുര്‍ക്കിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ വിമര്‍ശിക്കാന്‍ യൂറോപ്പിന് അധികാരമില്ളെന്നും ഉര്‍ദുഗാന്‍ ചൂണ്ടിക്കാട്ടി. ഭീകരാക്രമണത്തെ തുടര്‍ന്ന് ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ തുടരുകയാണ്.
പ്രഖ്യാപനത്തെ തുടര്‍ന്ന് 5000 സൈനികരെ സേനയില്‍നിന്ന് പുറത്താക്കി. ഒപ്പം നിരവധി ജഡ്ജിമാര്‍ക്കും സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥര്‍ക്കും സ്ഥാനം നഷ്ടപ്പെട്ടു.

അതിനിടെ, തുര്‍ക്കിയില്‍ സൈനിക അട്ടിമറി പരാജയപ്പെട്ടതിനെ തുര്‍ന്ന് ഗ്രീസിലേക്ക് രക്ഷപ്പെട്ട  തുര്‍ക്കി സൈനിക ഓഫിസര്‍മാരെ ഇവിടെ വിചാരണ ചെയ്യും. നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ച കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ശനിയാഴ്ചയാണ് സൈനിക ഹെലികോപ്ടറില്‍ എട്ട് ഓഫിസര്‍മാര്‍ അലക്സാണ്ട്രോപോളിക്കടുത്തുള്ള വടക്കന്‍ നഗരത്തില്‍ ഇറങ്ങിയത്. രണ്ട് കമാന്‍ഡര്‍മാര്‍, നാല് ക്യാപ്റ്റന്മാര്‍, രണ്ട് കീഴുദ്യോഗസ്ഥര്‍  എന്നിവരാണ്  സംഘത്തിലുള്ളത്. ഗ്രീസ് സര്‍ക്കാറിനോട് അഭയം അഭ്യര്‍ഥിച്ച് ഇവര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇവരെ ഉടന്‍ കയറ്റിയയക്കണമെന്ന ശക്തമായ ആവശ്യവുമായി തുര്‍ക്കി രംഗത്തുവന്നു. അതേസമയം, അധികൃതര്‍  ഇവരുടെ അപേക്ഷ പരിഗണിക്കുന്ന ആഗസ്റ്റ് ആദ്യം വരെ  ഈ കാര്യത്തില്‍ തീരുമാനമെടുക്കുന്നത് ഗ്രീസിലെ കോടതി മാറ്റിവെച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.