അഭയാര്‍ഥി പ്രതിസന്ധിയും പടിഞ്ഞാറിന്‍െറ നിസ്സംഗതയും

സിറിയയിലും ഇറാഖിലും പാശ്ചാത്യ രാജ്യങ്ങള്‍ അപകടകരകരമായ നിസ്സംഗത തുടരുന്നതാണ് അഭയാര്‍ഥി പ്രശ്നം വഷളാക്കിയതെന്ന് പ്രമുഖ ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകന്‍ പാട്രിക് കോബേണ്‍


ഇറാഖിനെയും സിറിയയെയും തരിപ്പണമാക്കുകയും പശ്ചിമേഷ്യ കണ്ടതിലേറ്റവുംവലിയ കൂട്ടപലായനത്തിന് നിമിത്തമാകുകയുംചെയ്ത ആഭ്യന്തര യുദ്ധമവസാനിപ്പിക്കാന്‍ ഇതുവരെയും ഒന്നും നടന്നിട്ടില്ല. 2.3 കോടി ജനസംഖ്യയുള്ള സിറിയയില്‍ പകുതിയിലേറെപേര്‍ നാടും വീടുംവിട്ട് പലായനംചെയ്തവരാണ്. ഇവരില്‍ 40 ലക്ഷം പേര്‍ രാജ്യത്തുനിന്ന് പുറപ്പെടേണ്ടിവന്നവരും. പലായനം ചെയ്യുന്നവരുടെ എണ്ണത്തില്‍ ഇറാഖും പിന്നിലല്ല. ഇതുവരെയായി നാടുവിട്ടത് 30 ലക്ഷം പേരാണ്. അനുദിനം എണ്ണം കുത്തനെപെരുകുന്നു.
ഇറാഖിലെയും സിറിയയിലെയും യുദ്ധങ്ങളാണ് യൂറോപ്യന്‍ യൂനിയന്‍ നേരിടുന്ന അഭയാര്‍ഥി പ്രതിസന്ധിയുടെ മര്‍മം. പ്രശ്നം കൂടുതല്‍ ഗുരുതരമായി വളരുകയാണ്. ഇറാഖിനകത്തെ വ്യത്യസ്ത സൈനിക അതിരുകള്‍ സംരക്ഷിക്കപ്പെടാനാണ് ദേശീയ അതിര്‍ത്തി കാക്കാന്‍ നടക്കുന്നതിലേറെ അങ്കം മുറുകുന്നത്. ഇതില്‍ വലിയനഷ്ടം സ്വാഭാവികമായും സുന്നി മുസ്ലിംകള്‍ക്കാണ്. ഒരുകാലത്ത് ബഗ്ദാദിനുചുറ്റും സങ്കര സംസ്കാരവുമായി കഴിഞ്ഞവര്‍ ഐ.എസിനോട് അനുഭാവം ആരോപിക്കപ്പെട്ടും അല്ലാതെയും ആട്ടിയോടിക്കപ്പെടുന്നു. ഇനിയൊരു തിരിച്ചുവരവ് അവര്‍ക്ക് സാധ്യമാകുമെന്ന് തോന്നുന്നില്ല. സുന്നി ഭൂരിപക്ഷമുള്ള അന്‍ബാര്‍, നിനെവ, സലാഹുദ്ദീന്‍ പ്രവിശ്യകളിലാകട്ടെ രൂക്ഷമായി തുടരുന്ന യുദ്ധമാണ് അവരെ നാടുവിടാന്‍ നിര്‍ബന്ധിക്കുന്നത്.
ശിയാ ഭൂരിപക്ഷ പ്രവിശ്യകളില്‍ ശിയാ മിലീഷ്യകളും കുര്‍ദ് മേഖലകളില്‍ സിറിയന്‍ കുര്‍ദുകളും മുന്‍കൈയെടുത്ത് വംശീയ ഉന്മൂലനമാണ് നടത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിവിലിയന്‍ കേന്ദ്രങ്ങളില്‍ ബോംബിട്ട് ഐ.എസ് വര്‍ഗീയ വിദ്വേഷം ആളിക്കത്തിക്കുകയും ചെയ്യുന്നു. സിറിയന്‍ കുര്‍ദ് മേഖലകളില്‍ താമസിക്കാന്‍ തീരെ ആളില്ളെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. സമാനമായി, തങ്ങള്‍ക്ക് ആധിപത്യമുള്ള മേഖലകളില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ ഐ.എസും മറ്റുവിഭാഗങ്ങള്‍ക്ക് 10 ദിവസത്തെ അന്ത്യശാസനം നല്‍കിയിരുന്നു.
ഒരുനൂറ്റാണ്ട് മുമ്പ് ഒന്നാംലോകയുദ്ധത്തെ അനുസ്മരിപ്പിക്കുംവിധമാണിപ്പോള്‍ സിറിയയിലെയും ഇറാഖിലെയും കാര്യങ്ങളുടെ പോക്ക്. പ്രതിസന്ധി ഇത്രമേല്‍ ഗുരുതരമായിട്ടും  സൈനികവിജയത്തില്‍ കവിഞ്ഞ് പ്രശ്നപരിഹാരത്തിന് എവിടെയും നീക്കങ്ങള്‍ ഉണ്ടാകുന്നേയില്ല. യു.എസും യു.കെയും ഫ്രാന്‍സും പ്രാദേശിക ശക്തികളായ സൗദി, തുര്‍ക്കി, ഖത്തര്‍ എന്നിവയും 2011ല്‍ പ്രശ്നത്തിന്‍െറ ഭാഗമാകുമ്പോള്‍ ബശ്ശാര്‍ എളുപ്പം വീഴുമെന്നായിരുന്നു പ്രതീക്ഷിച്ചത്. വൈകാതെ തെറ്റ് ബോധ്യമായിട്ടും എല്ലാം ശരിയാകുമെന്ന ധാരണയില്‍ പിന്നെയും സമാനനടപടികളുമായി മുന്നോട്ടുപോയി.
വംശീയയുദ്ധങ്ങള്‍ ഇരുരാജ്യങ്ങളെയും ഛിന്നഭിന്നമാക്കിയിട്ടും കൗതുകത്തോടെ പുറമ്പോക്കില്‍നിന്ന് കളികാണാനാണ് പാശ്ചാത്യശക്തികള്‍ ശ്രമിച്ചത്. അടിയന്തര ഇടപെടലിന് ആത്മാര്‍ഥത ആരും കാണിച്ചതേയില്ല. യൂറോപിലേക്ക് അഭയാര്‍ഥി പ്രവാഹം ആരംഭിച്ചിട്ടും ഈ മാനസികാവസ്ഥയില്‍ എന്തെങ്കിലും മാറ്റമുണ്ടായതായി തോന്നുന്നില്ല. പശ്ചിമേഷ്യയിലും ഉത്തര ആഫ്രിക്കയിലും രാഷ്ട്രീയ സാഹചര്യം എങ്ങനെയാകണമെന്ന പാശ്ചാത്യ കാഴ്ചപ്പാട് മനസ്സിലാക്കാത്തിടത്തോളം ഈ ഉദാസീനത നമ്മെ അദ്ഭുതപ്പെടുത്തും.
പാകിസ്താന്‍ മുതല്‍ നൈജീരിയവരെ വിശാലമായ ഭൂപ്രദേശത്ത് ഒമ്പതിടങ്ങളിലാണ് വംശീയയുദ്ധം നടക്കുന്നത്. നൈജീരിയയിലെ ബോകോഹറാമും അഫ്ഗാനിസ്താനിലെ താലിബാനും എല്ലാവര്‍ക്കുമറിയാം. പക്ഷേ, ദക്ഷിണ സുഡാനില്‍ 2013 മുതലുള്ള വംശീയപോരാട്ടങ്ങളെ തുടര്‍ന്ന് ഇതുവരെയായി 15 ലക്ഷംപേര്‍ നാടുവിടേണ്ടിവന്നത് അധികമാരുമറിഞ്ഞിട്ടുണ്ടാകില്ല. ഖാര്‍ത്തൂമിന് സുഡാന്‍ എന്ന രാജ്യത്തിനുമേല്‍ കാര്യമായ സ്വാധീനമില്ളെന്നും. ശീതയുദ്ധകാലത്ത് സാമന്തരാജ്യങ്ങള്‍ അസ്ഥിരമാകാന്‍ ഇരു വന്‍ശക്തി രാജ്യങ്ങളും അനുവദിക്കാത്തതിനാല്‍ പ്രശ്നങ്ങള്‍ കുറവായിരുന്നു. അതേ സമയം, ഇറാഖോ ലിബിയയോ തകര്‍ന്നാല്‍ തങ്ങളുടെ താല്‍പര്യങ്ങളെ ബാധിക്കില്ളെന്ന് പടിഞ്ഞാറ് വിശ്വസിക്കുന്നു. എണ്ണവിലയെ പോലും ഇവ സ്വാധീനിക്കുന്നില്ളെന്ന് നമുക്കുമറിയാം.
രാജ്യങ്ങളില്‍ പൊതു സാമ്പത്തികസുരക്ഷ പുതിയകാലത്ത് ആരുടെയും വിഷയമല്ളെന്നും മനസ്സിലാക്കണം. 2011നുമുമ്പ് ഡമസ്കസ് ജീവിത നിലവാരമുയര്‍ന്നുനിന്ന പട്ടണമായി തുടര്‍ന്നപ്പോഴും വടക്കന്‍ സിറിയ കടുത്ത വരള്‍ച്ചക്കുനടുവിലായിരുന്നു. ഇത് വിമതര്‍ക്ക് വളരാന്‍ മികച്ച അവസരവുമൊരുക്കി.
ശീതയുദ്ധത്തിന്‍െറ അവസാനം പ്രശ്നമവസാനിപ്പിക്കുമെന്നായിരുന്നു വിലയിരുത്തലെങ്കിലും എല്ലാം തെറ്റായിരുന്നെന്ന് ഇപ്പോള്‍ ബോധ്യമായി...

കടപ്പാട്: ഇന്‍ഡിപെന്‍ഡന്‍റ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.