അഭയാര്‍ഥികളെ അനുകൂലിച്ചും എതിര്‍ത്തും യൂറോപ്പില്‍ പ്രകടനങ്ങള്‍

ലണ്ടന്‍: അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തയാറാകണമെന്നാവശ്യപ്പെട്ട് യൂറോപ്പിലെയും ആസ്ട്രേലിയയിലെയും  നിരവധി നഗരങ്ങളില്‍ റാലികള്‍ സംഘടിപ്പിച്ചു. വിഷയത്തില്‍ ഭരണകൂടങ്ങളുടെ ഭാഗത്തുനിന്ന് ഉടന്‍ നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട് നടത്തിയ അന്താരാഷ്ട്ര ദിനാചരണത്തിന്‍െറ ഭാഗമായാണ് റാലികള്‍ നടന്നത്.
ആയിരക്കണക്കിനാളുകളാണ് ലണ്ടന്‍ നഗരത്തില്‍ ‘അഭയാര്‍ഥികള്‍ക്ക് സ്വാഗതം’, ‘ഒരു മനുഷ്യജീവനും നിയമവിരുദ്ധമല്ല’ തുടങ്ങിയ പ്ളക്കാര്‍ഡുകളേന്തി പ്രകടനത്തില്‍ പങ്കെടുത്തത്. ബ്രിട്ടനിലെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷനേതാവും പ്രമുഖ സോഷ്യലിസ്റ്റുമായ ജെറമി കോര്‍ബിന്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ‘നിങ്ങളുടെ ഹൃദയം നിരാശരായ ജനതക്കുനേരെ തുറന്നുവെക്കുക. സുരക്ഷിതമായി എവിടെയെങ്കിലും ജീവിക്കാനും നമ്മുടെ സമൂഹത്തിന് സംഭാവനകള്‍ ചെയ്യാനും അവരും ആഗ്രഹിക്കുന്നു’ -കോര്‍ബിന്‍െറ വാക്കുകള്‍ കൈയടിയോടെയാണ് സദസ്സ് സ്വീകരിച്ചത്.
കോപന്‍ഹേഗനിലും മ്യൂണിക്, ഹംബര്‍ഗ് തുടങ്ങിയ നഗരങ്ങളിലും സമാന രീതിയില്‍ വന്‍ റാലികള്‍ നടന്നു. ബര്‍ലിനില്‍ നടന്ന റാലിയില്‍ സിറിയന്‍ പതാകകളും വീശിയാണ് പ്രകടനക്കാരത്തെിയത്.
സ്റ്റോക്ഹോം, ഹെല്‍സിങ്കി, ലിസ്ബന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആയിരത്തോളം പേര്‍ റാലിക്കത്തെി. അതേസമയം, കിഴക്കന്‍ യൂറോപ്പില്‍ ചിലയിടങ്ങളില്‍ അഭയാര്‍ഥി അനുകൂല നിലപാടുകളെ വിമര്‍ശിച്ച് റാലികള്‍ നടന്നു. ഇസ്ലാംവിരുദ്ധ മുദ്രാവാക്യങ്ങളും ഇത്തരം റാലികളിലുണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.