അഭയാര്‍ഥികളുടെ പുനരധിവാസം യൂറോപ്പിന് പ്രശ്നമാകുന്നു

മ്യൂണിക്: യൂറോപ്യന്‍ രാജ്യങ്ങളില്‍ അഭയാര്‍ഥികളെ സ്വീകരിക്കുന്നതിനെ സംബന്ധിച്ച് ആശങ്ക തുടരുന്നതിനിടയിലും യൂറോപ്പിലേക്ക് അഭയം തേടിയത്തെുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്.
കഴിഞ്ഞദിവസം ജര്‍മനിയിലെ മ്യൂണിക്കിലേക്ക് ഒഴുകിയത്തെിയത് 13,000 പേരാണ്. അതേസമയം, രാജ്യത്തിന് ഉള്‍ക്കൊള്ളാവുന്നതിന്‍െറ പരിധിയും കടന്നാണ് ഇവരെ സ്വീകരിക്കുന്നതെന്ന് അധികൃതര്‍ വെളിപ്പെടുത്തി. പുതുതായി എത്തുന്നവരെ എങ്ങനെ പുനരധിവസിപ്പിക്കുമെന്നറിയാതെ അധികൃതര്‍ കുഴങ്ങുകയാണ്. 1972ലെ ഒളിമ്പിക്സ് വേദിയായിരുന്നയിടം താല്‍ക്കാലിക അഭയകേന്ദ്രമായി മാറ്റാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍.
അഭയാര്‍ഥിപ്രവാഹം വര്‍ധിച്ചതോടെ ഓസ്ട്രിയയില്‍ നിന്നുള്ള തീവണ്ടി സര്‍വീസുകള്‍ ജര്‍മനി താല്‍കാലികമായി നിര്‍ത്തിവെച്ചു.  ജര്‍മനിയിലെ മറ്റിടങ്ങളിലേക്ക് കൂടുതല്‍പേരെ പുനരധിവസിപ്പിക്കണമെന്നും മ്യൂണിക് മേയര്‍ ഡീറ്റര്‍ റീറ്റര്‍ ആവശ്യപ്പെട്ടു. അതേസമയം, കൂടുതല്‍പേരെ പുനരധിവസിക്കാനുള്ള ജര്‍മനിയുടെ തീരുമാനത്തെ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ ന്യായീകരിച്ചു. നാലരലക്ഷംപേര്‍ ഇതിനകംതന്നെ ജര്‍മനിയില്‍ എത്തിക്കഴിഞ്ഞു. ആളുകള്‍ രാജ്യത്തിന് താങ്ങാവുന്നതിലും കൂടുതലായെന്നും പ്രവാഹം തടയുന്നതിനുള്ള അടിയന്തരനടപടികള്‍ കൈക്കൊള്ളണമെന്നും ജര്‍മന്‍ ഫെഡറല്‍ ഗതാഗത മന്ത്രി വ്യക്തമാക്കി. അതിനിടെ കൂടുതല്‍ അഭയാര്‍ഥികളെ ഏറ്റെടുക്കാന്‍ സന്നദ്ധമാണെന്നറിയിച്ച് നാല് യൂറോപ്യന്‍ രാജ്യങ്ങളിലെ മേയര്‍മാര്‍ മുന്നോട്ടു വന്നിട്ടുണ്ട്.
സെര്‍ബിയയില്‍നിന്ന് നാലായിരത്തിലേറെ പേരാണ് കഴിഞ്ഞദിവസം ഹംഗറിയിലത്തെിയത്.    1,75,000 പേരാണ് ഈ വര്‍ഷം സെര്‍ബിയയില്‍നിന്ന് ഹംഗറിയിലത്തെിയത്.അഭയാര്‍ഥികള്‍ക്ക് കാനഡ  10കോടി ഡോളറിന്‍െറ സഹായം പ്രഖ്യാപിച്ചു.  അതിനിടെ യൂറോപിലേക്കുള്ള പലായനത്തിനിടെ ഗ്രീസില്‍ അഞ്ചു കുഞ്ഞുങ്ങളടക്കം 28 അഭയാര്‍ഥികളെ കാണാതായതായും റിപോര്‍ട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.