ഗ്രീക് രക്ഷാപദ്ധതിയെ പിന്തുണച്ച് ജര്‍മന്‍ പാര്‍ലമെന്‍റ്

ബര്‍ലിന്‍: അംഗലാ മെര്‍കലിന്‍െറ പാര്‍ട്ടിയിലെ ചില അംഗങ്ങളുയര്‍ത്തിയ ആശങ്കകളെ തള്ളി ജര്‍മന്‍ ഗ്രീക് രക്ഷാപദ്ധതിയെ പിന്തുണക്കാന്‍ ജര്‍മന്‍ പാര്‍ലമെന്‍റിന്‍െറ തീരുമാനം. ബുധനാഴ്ച നടന്ന വോട്ടെടുപ്പില്‍ 454 അംഗങ്ങള്‍ അനുകൂലിക്കുകയും 113 പേര്‍ എതിര്‍ക്കുകയും ചെയ്തു. 18 പേര്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു.

അഞ്ചു വര്‍ഷത്തിനിടെ ഗ്രീസിന് നല്‍കുന്ന മൂന്നാമത് രക്ഷാപദ്ധതി രാജ്യത്തിന് ബാധ്യതയാകുമെന്ന് ജര്‍മന്‍ ധനമന്ത്രി വോള്‍ഫ്ഗാങ് ഷ്യൂബിള്‍ മുന്നറിയിപ്പ് നല്‍കി. ഗ്രീസിന്‍െറ നിരുത്തരവാദ സമീപനത്തില്‍ 86 ബില്യന്‍ യൂറോ വെറുതെയാകുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. അംഗലാ മെര്‍കലിന്‍െറ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ 60ഓളം അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഭരണകക്ഷി പാര്‍ട്ടി സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പദ്ധതിയെ അനുകൂലിച്ചു.

വേനല്‍ക്കാല അവധിയില്‍ പ്രവേശിക്കുന്നതിന് മുമ്പായാണ് പാര്‍ലമെന്‍റ് ഗ്രീസ് രക്ഷാപദ്ധതിക്ക് അനുകൂലമായി വോട്ട് ചെയ്തത്. ഗ്രീക് പാര്‍ലമെന്‍റും യൂറോസോണ്‍ ധനമന്ത്രിമാരും ഇതിനെ അനുകൂലിച്ചിരുന്നു. കഴിഞ്ഞ ദിവസം ഓസ്ട്രിയ, എസ്തോണിയ, സ്പെയിന്‍ പാര്‍ലമെന്‍റുകള്‍ ഗ്രീക് രക്ഷാപദ്ധതിയെ പിന്തുണച്ചിരുന്നു. അതേസമയം, എതിര്‍പ്പിനെ തുടര്‍ന്ന് ഡച്ച് പാര്‍ലമെന്‍റ് വോട്ടെടുപ്പ് അവധിക്കാലത്തിനു ശേഷം നടത്താന്‍ തീരുമാനിച്ചു.

ജര്‍മന്‍ പാര്‍ലമെന്‍റിന്‍െറ പിന്തുണയോടെ പാക്കേജിന്‍െറ ആദ്യ ഗഡു (13 ബില്യണ്‍ യൂറോ) ഗ്രീസിന് നല്‍കാനാകും. ഇതില്‍ 3.2 ബില്യണ്‍ യൂറോ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന് വ്യാഴാഴ്ച തിരിച്ചടക്കാനുള്ളതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.