ആതന്‍സ്: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഒരു മാസത്തിലധികമായി പൂട്ടിക്കിടന്ന ഗ്രീക് ഓഹരി വിപണി തുറന്നയുടന്‍ വന്‍ തകര്‍ച്ച. ആതന്‍സ് സ്റ്റോക് ഇന്‍ഡക്സ് (ആതക്സ്) തിങ്കളാഴ്ച രാവിലെ 22.87 ശതമാനത്തോളമാണ് ഇടിഞ്ഞത്. ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന ഇടിവാണിത്. എന്നാല്‍, ഉച്ചയോടെ നേരിയ തോതില്‍ സ്ഥിതി മെച്ചപ്പെട്ട് ഇടിവ് 17.2 ശതമാനമായി കുറഞ്ഞു.
സൂചികയുടെ അഞ്ചിലൊന്നും ബാങ്ക് ഓഹരികളായ ആതക്സില്‍ വന്‍ പ്രഹരമേല്‍പിച്ചത് പ്രധാനമായും ബാങ്ക് ഓഹരികളിലെ ഇടിവുതന്നെയാണ്. രാജ്യത്തെ ഏറ്റവും വലിയ നാല് ബാങ്കുകളായ പിരയൂസ് ബാങ്ക്, ആല്‍ഫ ബാങ്ക്, നാഷനല്‍ ബാങ്ക്, യൂറോ ബാങ്ക് എന്നിവയുടെ ഓഹരികള്‍ ഒരു ദിവസം അനുവദനീയമായതിന്‍െറ പരമാവധിയായ 30 ശതമാനമാണ് ഇടിഞ്ഞത്.
തടഞ്ഞുവെച്ചിരുന്ന വ്യാപാരങ്ങളുടെ പശ്ചാത്തലത്തില്‍ വന്‍ ഇടിവ് ഇടനില സ്ഥാപനങ്ങള്‍ നേരത്തേ പ്രവചിച്ചിരുന്നു. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും സര്‍ക്കാറും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം നിക്ഷേപകര്‍ക്ക് തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലെ പണമുപയോഗിച്ച് ഓഹരിയിടപാടുകള്‍ നടത്താന്‍ അനുമതിയുണ്ടായിരുന്നില്ല. കൈവശം സൂക്ഷിച്ചിരിക്കുന്ന പണവും സേഫുകളിലും മറ്റും സൂക്ഷിച്ചിരുന്ന പണവും മാത്രമാണ് വിപണിയില്‍ എത്തിയത്.
അതിനിടെ, രാജ്യത്തിന്‍െറ ഉല്‍പാദന പ്രക്രിയയുടെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തുന്ന മാര്‍ക്കറ്റ്സ് പര്‍ചേഴ്സിങ് മാനേജേഴ്സ് ഇന്‍ഡക്സ് (പി.എം.ഐ) തിങ്കളാഴ്ച രാവിലെ പുറത്തുവിട്ടതും സ്ഥിതി വഷളാക്കി. ജൂലൈയിലെ പി.എം.ഐ 30.2 ആണെന്നാണ് കണക്ക്. ഇത് 50 മുകളിലാണെങ്കില്‍ മാത്രമാണ് വളര്‍ച്ചയെ സൂചിപ്പിക്കുന്നത്. ഫ്രാന്‍സ് ഒഴികെ യൂറോപ്പില്‍ എല്ലായിടത്തും ഇത് മെച്ചപ്പെട്ട രീതിയില്‍ പോകുമ്പോഴാണ് ഗ്രീസില്‍ കൂപ്പുകുത്തിയത്. 1999ല്‍ രേഖപ്പെടുത്തി തുടങ്ങിയശേഷമുള്ള ഏറ്റവും മോശം നിലയാണിത്. മൂന്നാഴ്ചയോളം ബാങ്കുകള്‍ അടച്ചുകിടന്നതാണ് പുതിയ ഉല്‍പാദന ഓര്‍ഡറുകള്‍ നിലക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
രാവിലെ ഓഹരി വിപണി പ്രവര്‍ത്തനം തുടങ്ങിയ ഉടന്‍തന്നെ ജൂണ്‍ 26ന് അവസാനം വ്യാപാരം നടന്ന 615.16 പോയന്‍റില്‍നിന്ന് 182.36 പോയന്‍റാണ് ഇടിഞ്ഞത്. കറുത്ത തിങ്കള്‍ എന്നറിയപ്പെടുന്ന 1987 ഒക്ടോബര്‍ 19ന് ന്യൂയോര്‍ക്കിലെ ഡൗജോണ്‍സ് സൂചിക 22.61 ശതമാനം ഇടിഞ്ഞതാണ് ഇതിനുമുമ്പ് ഒരു ദിവസം വിപണിയിലുണ്ടായ ഏറ്റവും വലിയ ഇടിവ്. വില്‍പന സമ്മര്‍ദം പ്രതീക്ഷിച്ചതാണെന്നും ഇത്രയും നീണ്ട അടച്ചിടലിനോട് പ്രതികരിക്കുന്നതില്‍ വിപണി പരാജയപ്പെട്ടില്ളെന്നുമായിരുന്നു ഗ്രീക് ക്യാപിറ്റല്‍ മാര്‍ക്കറ്റ് കമീഷന്‍െറ തലവന്‍ കോണ്‍സ്റ്റന്‍ൈറന്‍ ബോട്ടോപുലസിന്‍െറ പ്രതികരണം.
രക്ഷാപദ്ധതിയില്‍ എത്തുന്നതില്‍ ഗ്രീസ് വിജയിച്ചെങ്കിലും രാജ്യത്തെ സ്ഥിതിഗതി സംബന്ധിച്ച് രാഷ്ട്രീയപോരാട്ടം തുടരുകയാണ്. 2014ന് മുമ്പ് ആറുവര്‍ഷം തുടര്‍ച്ചയായി സാമ്പത്തിക മാന്ദ്യത്തിലായിരുന്ന ഗ്രീസ് വീണ്ടും ഈ വര്‍ഷം അതേ സ്ഥിതിയിലേക്ക് മടങ്ങുമെന്നാണ് യൂറോപ്യന്‍ കമീഷന്‍െറ വിലയിരുത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.