ടിയാനന്‍മെന്‍ ദുരന്തം: ചൈനീസ് സര്‍ക്കാരില്‍ നിന്ന് നീതി തേടി അമ്മമാര്‍

ബെയ്ജിങ്: ടിയാനന്‍മെന്‍ ചത്വരം ഇപ്പോള്‍ നിശ്ശബ്ദമാണ്. പട്ടാളക്കാരുടെയും പൊലീസ് ഓഫിസര്‍മാരുടെയും നിറസാന്നിധ്യമാണ് തെരുവിന് ഭീതിദമായ നിശ്ശബ്ദത സമ്മാനിച്ചിരിക്കുന്നത്. ഏകകക്ഷിഭരണം അവസാനിപ്പിച്ച് ജനാധിപത്യ വ്യവസ്ഥ പരീക്ഷിക്കണമെന്നാവശ്യപ്പെട്ട് ഈ ചത്വരത്തില്‍ ഐതിഹാസിക പ്രക്ഷോഭം നടത്തിയവരെ സൈന്യം നിഷ്ഠുരം പീരങ്കികള്‍ക്കിരയാക്കിയതിന്‍െറ 27ാം വാര്‍ഷികത്തിന് ദിവസങ്ങള്‍മാത്രം ബാക്കിയിരിക്കെ, സര്‍ക്കാറിന്‍െറ പീഡനനയങ്ങളില്‍ പ്രതിഷേധിച്ച് ഒരു സംഘം വീട്ടമ്മമാര്‍ രംഗപ്രവേശം ചെയ്തു

1989 ജൂണ്‍ മൂന്ന്, നാല്  തീയതികളില്‍ ടിയാനന്‍മെന്‍ സ്ക്വയറില്‍ സൈന്യം വകവരുത്തിയ വിദ്യാര്‍ഥികളുടെ മാതാക്കള്‍ അവരുടെ അമര്‍ഷം  തുറന്ന കത്തിലൂടെയാണ് അധികാരികള്‍ക്കും ലോകജനതക്കും മുമ്പാകെ വെളിപ്പെടുത്തുന്നത്. ഇരകളുടെ ബന്ധുക്കളെ അധികൃതര്‍ ഇപ്പോഴും ചോദ്യം ചെയ്തുവരുകയും പലരെയും വീട്ടുതടങ്കലിലാക്കുകയും ചെയ്യുന്നു. കുരുതിയെ സംബന്ധിച്ച് സംസാരിക്കുന്നതുപോലും വിലക്കിയ അധികൃതര്‍, ഇതേ വിദ്യാര്‍ഥികളുടെ പേരും ഐഡന്‍റിറ്റിയും പുറത്തുവിടാന്‍ തയാറാകുന്നില്ല. ഇത്തരം മനുഷ്യാവകാശലംഘനങ്ങളെ ശക്തമായി അപലപിച്ച് 131 വീട്ടമ്മമാര്‍ ഒപ്പുവെച്ച കത്ത് കഴിഞ്ഞ ദിവസം ‘ഹ്യൂമന്‍റൈറ്റ്സ് ഇന്‍ ചൈന’ എന്ന പൗരാവകാശ ഗ്രൂപ് മുഖേനയാണ് പുറത്തുവിട്ടത്.

‘ഇപ്പോഴും ഞങ്ങള്‍ക്കുനേരെ ഭീഷണികള്‍ തുടരുന്നു.  ഞങ്ങളില്‍ പലരും വൃദ്ധകളായി.  എന്നിട്ടുപോലും കനിവുകാട്ടാന്‍ സന്മനസ്സില്ലാത്ത നിഷ്ഠുരതയാണ് അധികൃതരുടേത്’ -17കാരനായ മകനെ നഷ്ടപ്പെട്ട ഡിങ്സിലിന്‍േറതാണ് ഈ പരിഭവം. ഓരോ വര്‍ഷവും ടിയാനന്‍മെന്‍ സ്ക്വയറില്‍ സുരക്ഷാസന്നാഹങ്ങള്‍ വര്‍ധിപ്പിക്കുമ്പോള്‍ പൊള്ളുന്ന യാഥാര്‍ഥ്യങ്ങള്‍ പൊതുജനങ്ങള്‍ക്കുവേണ്ടി വെളിപ്പെടുത്തേണ്ടത് കര്‍ത്തവ്യമാണെന്നും അവര്‍ വ്യക്തമാക്കുന്നു. സൈനിക മുഷ്കിനു മുന്നില്‍ പതറാതെ ധര്‍മം നിര്‍വഹിക്കുമെന്നും ഒടുവില്‍ സത്യവും നീതിയും പുലരുമെന്നും  ഈ മാതൃവേദി തുറന്ന കത്തിലൂടെ പ്രഖ്യാപിക്കുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.