ഫല്ലൂജയില്‍ ഐ.എസ് പ്രതിരോധിക്കുന്നു; മാനുഷിക ദുരന്തമെന്ന് യു.എന്‍

ബഗ്ദാദ്: 20000ത്തോളം കുട്ടികളുള്‍പ്പെടെ അരലക്ഷത്തിലേറെ പേര്‍ ഉപരോധജീവിതം നയിക്കുന്ന ഫല്ലൂജയില്‍ മാനുഷികദുരന്തമെന്ന് യു.എന്‍. ലോകത്തിലെ ഏറ്റവുംവലിയ തടവറയായി മാറിയ ഫല്ലൂജയിലേക്ക് ഇറാഖിസൈന്യം നടത്തുന്ന മുന്നേറ്റം വന്‍ മനുഷ്യക്കുരുതിയിലേക്ക് നയിക്കുമോ എന്ന ആശങ്കയിലാണ് ലോകം. നഗരംവളഞ്ഞ സൈന്യം ഉള്ളില്‍ക്കടക്കുന്നത് തടയാന്‍ ജനങ്ങളെ ഐ.എസ് മനുഷ്യകവചമായി ഉപയോഗിക്കുകയാണ്. ഐ.എസിന്‍െറ ഭാഗമാകാന്‍ വിസമ്മതിച്ച  നിരവധിപേരെയും കൊലപ്പെടുത്തി. വെള്ളവും ഭക്ഷണവും മരുന്നുമില്ലാതെ ദുരന്തത്തില്‍ കഴിയുകയാണിവര്‍.

ഉപയോഗശൂന്യമായ ധാന്യങ്ങളും അഴുകിത്തുടങ്ങിയ ഉണങ്ങിയ പഴങ്ങളും ഭക്ഷിച്ചാണ് ആളുകള്‍ വിശപ്പുമാറ്റുന്നത്. നിരവധി പട്ടിണിമരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി യു.എന്‍ വക്താവ് മെലിസ ഫ്ളെമിങ് ചൂണ്ടിക്കാട്ടി. വിശന്നുകരയുന്ന കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ മറ്റുമാര്‍ഗമില്ലാതെ അവരെ നദിയിലൊഴുക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

സ്ഥിതിഗതികള്‍ അനുദിനം വഷളായിവരുകയാണെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നോര്‍വീജിയന്‍ റഫ്യൂജി കൗണ്‍സില്‍ ഇറാഖ് ഡയറക്ടര്‍ നാസര്‍ മുഫ്ലാഹി പറഞ്ഞു. ആക്രമണം കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങളോട് നഗരം വിട്ടുപോകാന്‍ ഇറാഖ് സൈന്യം ആവശ്യപ്പെട്ടു. എന്നാല്‍, നഗരം വിട്ടുപോകാന്‍ ഐ.എസ് തീവ്രവാദികള്‍ അവരെ അനുവദിക്കുന്നില്ല. ജനങള്‍ ഒളിച്ചുകടക്കുന്നത് തടയാന്‍ പ്രധാന പാതകളിലെല്ലാം ഐ.എസ് ചെക് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

കൂടുതല്‍പേരുടെ ജീവന്‍ നഷ്ടപ്പെടുന്നതിന് മുമ്പ് പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള അവസരം ഒരുക്കണമെന്ന് സന്നദ്ധസംഘടനകളും ആവശ്യപ്പെട്ടു. മൂവായിരത്തിലധികം പേര്‍ കഴിഞ്ഞയാഴ്ച മാത്രം ഫല്ലൂജയില്‍നിന്ന് പലായനം ചെയ്തുവെന്നാണ് കണക്ക്. സൈന്യം കുടുംബങ്ങളെ ഒഴിപ്പിക്കുന്നതിന്‍െറ ദൃശ്യം ഇറാഖിചാനലുകള്‍ പുറത്തുവിട്ടു.  

ഫല്ലൂജയില്‍ മരുന്നുകള്‍ക്കും ഇന്ധനങ്ങള്‍ക്കും ക്ഷാമമനുഭവപ്പെടുകയാണെന്ന് നഗരവാസികള്‍ അറിയിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. അരിവില കിലോഗ്രാമിന് 48 ഡോളറായി വര്‍ധിച്ചു. 2014 ജനുവരിയിലാണ് ബഗ്ദാദില്‍നിന്ന് 40 മൈല്‍ അകലെയുള്ള ഫല്ലൂജ ഐ.എസ് പിടിച്ചെടുത്തത്. സുന്നി ഭൂരിപക്ഷമുള്ള മേഖല ശിയാഭരണകൂടത്തിന് ശക്തമായ വെല്ലുവിളിയായിരുന്നു.

അതിനിടെ, ഫല്ലൂജ പിടിച്ചെടുക്കാനുള്ള ഇറാഖ് സൈന്യത്തിന്‍െറ നീക്കത്തെ ശക്തമായ പ്രതിരോധം തീര്‍ക്കുകയാണ് ഐ.എസ്. സ്ഫോടനം നടത്തി സൈന്യത്തിന്‍െറ മുന്നേറ്റം തടയാനാണ് ഐ.എസിന്‍െറ ശ്രമം. പ്രതിരോധം ശക്തമായതോടെ കരുതലോടെ നീങ്ങാനാണ് ഇറാഖ് സൈന്യത്തിന്‍െറ തീരുമാനം. ദക്ഷിണ ഇറാഖിലെ പ്രാന്തപ്രദേശമായ നുഐമിയയില്‍ സൈന്യം പ്രവേശിച്ചതോടയാണ് ഐ.എസ് പ്രതിരോധം ശക്തമാക്കിയത്. പലയിടങ്ങളിലും ഐ.എസ് സ്ഫോടനം നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

പ്രതിരോധം ശക്തമായതോടെ ഇറാഖ് സൈന്യത്തിന്‍െറ റാപ്പിഡ് റെസ്പോണ്‍സ് ടീം തങ്ങളുടെ മുന്നേറ്റം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി സൈനിക കമാന്‍ഡര്‍ അറിയിച്ചു. അല്‍ശുഹദ ജില്ലക്ക് 500 മീറ്റര്‍ മാത്രം സൈന്യത്തിന്‍െറ നീക്കങ്ങള്‍ കരുതലോടെയായിരിക്കും. ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 75ലധികം ഐ.എസ് ഭീകരര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാഖ് സൈനികര്‍ക്കും ഏറ്റുമുട്ടലില്‍ പരിക്കേറ്റിട്ടുണ്ട്. അമേരിക്കന്‍ സഖ്യസേന ഇറാഖിസൈന്യത്തിന് യുദ്ധവിമാനങ്ങളില്‍ ആകാശ പ്രതിരോധമൊരുക്കി പിന്തുണ നല്‍കുന്നുമുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.