ബഗ്ദാദ് ഭീകരാക്രമണം: മരണം 200 കടന്നു

ബഗ്ദാദ്: ഇാറാഖ് തലസ്ഥാനമായ ബഗ്ദാദിലെ രണ്ട് വാണിജ്യ നഗരങ്ങളിലുണ്ടായ ഐ.എസ് ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 213 ആയി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണ് കഴിഞ്ഞ ദിവസം നടന്നതെന്ന് പ്രധാനമന്ത്രി ഹൈദര്‍ അല്‍അബാദിയുടെ കാര്യാലയം അറിയിച്ചു. ആക്രമികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും സുരക്ഷാ പാളിച്ചയുടെ കാരണങ്ങള്‍ കണ്ടത്തെി ആവശ്യമായ മാറ്റങ്ങള്‍ സൈനിക തലത്തില്‍ നടത്തുമെന്നും അബാദി വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന്, ഇറാഖില്‍ മൂന്നു ദിവസം ദു$ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ബഗ്ദാദിലെ കറാദ ജില്ലയിലെ അല്‍ ഹാദി സെന്‍റര്‍ എന്ന ഷോപ്പിങ് കേന്ദ്രത്തിനു സമീപമാണ് ആദ്യ സ്ഫോടനമുണ്ടായത്. ഇവിടെ മാത്രം 208 പേര്‍ മരിച്ചു. ഇവിടെ സ്ഫോടക വസ്തുക്കളുമായത്തെിയ ലോറി പൊട്ടിത്തെറിക്കുകയായിരുന്നു. ഇത്രയും വലിയ സ്ഫോടക ശേഖരം മണിക്കൂറുകളോളം അവിടെയുണ്ടായിട്ടും തിരിച്ചറിയാതെപോയത് കനത്ത സുരക്ഷാ പാളിച്ചയാണെന്ന വിമര്‍ശം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. സംഭവസ്ഥലം പ്രധാനമന്ത്രി സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിനുനേരെ നാട്ടുകാരുടെ പ്രതിഷേധമുണ്ടായത് ഇതിന്‍െറ ഭാഗമായാണ്.
അല്‍ ഹാദിയില്‍ സ്ഫോടനം നടന്ന് ഏതാനും നിമിഷങ്ങള്‍ക്കകമാണ് രണ്ടാമത്തെ ആക്രമണം ബഗ്ദാദിന് വടക്കു ഭാഗത്തായി നടന്നത്. ഇവിടെ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. രണ്ടു സ്ഫോടനങ്ങളുടെയും ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു.
വടക്കന്‍ ഇറാഖില്‍ ഐ.എസിന്‍െറ ശക്തികേന്ദ്രങ്ങള്‍ ഓരോന്നായി ഇറാഖി സൈന്യം തിരിച്ചുപിടിക്കുന്നതിനിടെയാണ് തലസ്ഥാനത്ത് ഭീകരാക്രമണമുണ്ടായിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഫല്ലൂജ നഗരം ഐ.എസില്‍നിന്ന് സൈന്യം തിരിച്ചുപിടിച്ചിരുന്നു. വടക്കന്‍ ഇറാഖില്‍ മൂസില്‍ നഗരം ഇപ്പോഴും ഐ.എസിന്‍െറ നിയന്ത്രണത്തിലാണുള്ളത്. 2014ല്‍ ഐ.എസിന്‍െറ സൈനിക നീക്കങ്ങളുടെ തുടക്കത്തില്‍ തന്നെ അവര്‍ പിടിച്ചെടുത്ത രണ്ടു നഗരങ്ങളാണ് ഫല്ലൂജയും മൂസിലും. വടക്കന്‍ ഇറാഖ് ഐ.എസ് പിടിച്ചെടുക്കുമ്പോഴും തലസ്ഥാനമായ ബഗ്ദാദും പ്രാന്തപ്രദേശങ്ങളും താരതമ്യേന സുരക്ഷിതമായിരുന്നു. ഇവിടേക്ക് കടക്കാനുള്ള ഐ.എസിന്‍െറ ശ്രമങ്ങള്‍ വിജയം കണ്ടിരുന്നില്ല. എന്നാല്‍, അടുത്ത കാലത്ത് ബഗ്ദാദ് ലക്ഷ്യമിട്ട് ഒട്ടേറെ തവണ ഐ.എസ് ആക്രമണം നടത്തിയിട്ടുണ്ട്. ജൂണ്‍ ഒമ്പതിന് ബഗ്ദാദിനടുത്തുണ്ടായ ഇരട്ട സ്ഫോടനത്തില്‍ 30 പേര്‍ മരിച്ചിരുന്നു. അതിന് മൂന്നാഴ്ച മുമ്പും തലസ്ഥാന നഗരിയിലെ മൂന്ന് ശിയാ കേന്ദ്രങ്ങളില്‍ ഐ.എസ് ആക്രമണമുണ്ടായി. ഇതില്‍ 69 പേര്‍ മരിച്ചു. മേയ് 11ന് ബഗ്ദാദിനടുത്ത സദ്ര്‍ സിറ്റിയിലുണ്ടായ ഐ.എസ് ആക്രമണത്തില്‍ 93 പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഫെബ്രുവരിയിലും ഇവിടെ ഐ.എസിന്‍െറ ചാവേര്‍ സ്ഫോടനങ്ങളുണ്ടായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.