തായ്ലന്‍ഡ് ഹിതപരിശോധന: സൈനിക ഭരണഘടനക്ക് അംഗീകാരം

ബാങ്കോക്: തായ്ലന്‍ഡില്‍ നടന്ന ഹിതപരിശോധനയില്‍ സൈനിക കമ്മിറ്റി തയാറാക്കിയ കരട് ഭരണഘടനക്ക് അംഗീകാരം. 90 ശതമാനത്തിലധികം വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ 61 ശതമാനം പേര്‍ ഭരണഘടനയെ പിന്തുണച്ച് വോട്ട് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. 2014ല്‍ രാഷ്ട്രീയ അരക്ഷിതാവസ്ഥയും വ്യാപക അക്രമസംഭവങ്ങളുമുണ്ടായ സാഹചര്യത്തില്‍ സൈന്യം ഭരണം പിടിച്ചെടുക്കുകയും നിലവിലുള്ള ഭരണഘടന തള്ളുകയും ചെയ്തിരുന്നു. രാജ്യത്ത് സുസ്ഥിരതയുണ്ടാക്കാന്‍ പുതിയ ഭരണഘടനക്ക് സാധിക്കുമെന്നാണ് പിന്തുണക്കുന്നവരുടെ വാദം.
എന്നാല്‍, സൈന്യത്തിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതാണ് കരട് ഭരണഘടനയെന്നും ഇത് രാജ്യത്തിന്‍െറ ജനാധിപത്യത്തെ അട്ടിമറിക്കുമെന്നുമാണ് പ്രധാന വിമര്‍ശം. പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതില്‍ സെനറ്റ് പങ്കുവഹിക്കുന്നതു സംബന്ധിച്ച വോട്ടെടുപ്പില്‍ 58 ശതമാനം പേര്‍ അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു.

നേരത്തേ കരട് ഭരണഘടനക്കെതിരായ കാമ്പയിനുകള്‍ സൈനിക ഭരണകൂടം നിരോധിക്കുകയും ഇതിന്‍െറ പേരില്‍ നിരവധി പേരെ ജയിലിലടക്കുകയും ചെയ്തിരുന്നു. തായ്ലന്‍ഡിലെ പ്രബല രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഭരണഘടന തള്ളിക്കളഞ്ഞിരുന്നു. രാജ്യത്തെ മുഴുവന്‍ വോട്ടര്‍മാരോടും ഹിതപരിശോധനയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി വോട്ടെടുപ്പ് ദിവസം ആഹ്വാനംചെയ്തു.

ഹിതപരിശോധന അന്താരാഷ്ട്ര സമൂഹത്തിന്‍െറ പിന്തുണയോടെയാണെന്നാണ് പ്രധാനമന്ത്രി പ്രയൂത് ചാന്‍ ഓച അവകാശപ്പെട്ടത്. തെരഞ്ഞെടുപ്പിന് രണ്ടു ലക്ഷത്തിലധികം സേനാംഗങ്ങളെയാണ് സുരക്ഷക്കായി നിയോഗിച്ചിരുന്നത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അനിഷ്ടസംഭവങ്ങളോ പ്രതിഷേധങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സ്വതന്ത്ര ഏജന്‍സികള്‍ വോട്ടെടുപ്പ് നിരീക്ഷിക്കാന്‍ അനുവാദം ചോദിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കമീഷന്‍ അനുമതി നല്‍കിയില്ല. കാമ്പയിന്‍ നടത്താന്‍ അനുവാദം നല്‍കാത്തതിനെ തുടര്‍ന്ന് ലോക മനുഷ്യാവകാശ സംഘടനകള്‍ ഹിതപരിശോധനക്കെതിരെ രംഗത്തുവന്നിരുന്നു.
പ്രചാരണം നടക്കാത്തതിനാല്‍ കരട് ഭരണഘടനയുടെ ഉള്ളടക്കം സംബന്ധിച്ച് മിക്ക വോട്ടര്‍മാര്‍ക്കും ധാരണയുണ്ടായിരുന്നില്ല. ഭരണഘടന അംഗീകരിക്കപ്പെടുകയാണെങ്കില്‍ അടുത്ത വര്‍ഷം പൊതുതെരഞ്ഞെടുപ്പ് നടത്തി ജനാധിപത്യ സര്‍ക്കാറിനെ പുന$സ്ഥാപിക്കുമെന്നാണ് സൈന്യത്തിന്‍െറ വാഗ്ദാനം. എന്നാല്‍, തായ്ലന്‍ഡിലെ ജനാധിപത്യ പാരമ്പര്യത്തെ അട്ടിമറിക്കുന്നതാവും സൈന്യത്തിന് കൂടുതല്‍ അധികാരം നല്‍കുന്ന ഭരണഘടനയെന്ന് വിമര്‍ശകര്‍ ഉന്നയിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.