ദുബൈ വിമാനാപകടം: 242 വിമാനങ്ങള്‍ റദ്ദാക്കി; 64 എണ്ണം വഴിതിരിച്ചുവിട്ടു

ദുബൈ: തിരുവനന്തപുരത്തുനിന്നുള്ള എമിറേറ്റ്സ് വിമാനം ദുബൈ വിമാനത്താവളത്തില്‍ ഇടിച്ചിറങ്ങി തീപിടിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അന്വേഷണം തുടങ്ങി. അന്വേഷണം പൂര്‍ത്തിയാകാന്‍ മൂന്നുമുതല്‍ അഞ്ചുമാസം വരെ വേണ്ടിവരുമെന്നാണ് സൂചന. ഒരുമാസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവിടും. അതിനിടെ, അപകടത്തെ തുടര്‍ന്ന് ദുബൈയില്‍നിന്ന് വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വിസുകള്‍ രണ്ടാം ദിവസവും താളംതെറ്റി. 242 വിമാനങ്ങളുടെ സര്‍വിസ് റദ്ദാക്കി. 64 എണ്ണം വഴിതിരിച്ചുവിട്ടു. വിമാനത്താവളത്തിന്‍െറ പ്രവര്‍ത്തനം സാധാരണ നിലയിലാകാന്‍ 36 മണിക്കൂര്‍കൂടി എടുക്കുമെന്ന് അധികൃതര്‍ വ്യാഴാഴ്ച രാവിലെ അറിയിച്ചു. ബുധനാഴ്ച വിമാനത്താവളം അടച്ചിട്ടതുമൂലം 19,000 പേരുടെ യാത്രമുടങ്ങി. ഒരു മിനിറ്റ് ദുബൈ വിമാനത്താവളം അടച്ചിട്ടാല്‍ 10 ലക്ഷം ഡോളറാണ് നഷ്ടം കണക്കാക്കുന്നത്.

ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ എയര്‍ ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ സെക്ടറിലെ വിദഗ്ധരടങ്ങുന്ന അന്താരാഷ്ട്ര സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. എമിറേറ്റ്സ് എയര്‍ലൈന്‍സ്, വിമാന നിര്‍മാതാക്കളായ അമേരിക്കന്‍ കമ്പനി ബോയിങ്, എന്‍ജിന്‍ നിര്‍മാതാക്കളായ ബ്രിട്ടീഷ് കമ്പനി റോള്‍സ് റോയ്സ് എന്നിവയുടെ പ്രതിനിധികളും സംഘത്തിലുണ്ടാകും. വിമാനത്തിലെ ഫൈ്ളറ്റ് ഡാറ്റ റെക്കോഡര്‍, കോക്പിറ്റ് വോയിസ് റെക്കോഡര്‍ എന്നിവ കണ്ടെടുക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇവ ലഭിച്ചാല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അബൂദബിയിലെ ലബോറട്ടറിയിലേക്ക് മാറ്റി പരിശോധന നടത്തും.

കത്തിനശിച്ച വിമാനം പരിശോധനകള്‍ക്കായി സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുമെന്നും അതോറിറ്റിയുടെ വിമാനാപകട അന്വേഷണ വിഭാഗം അസി. ഡയറക്ടര്‍ ജനറല്‍ ഇസ്മായില്‍ അല്‍ ഹുസനി അറിയിച്ചു.  
ദുബൈയില്‍നിന്ന് 25 രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വിസുകള്‍ രണ്ടാംദിവസവും മുടങ്ങി. സര്‍വിസ് റദ്ദാക്കിയതുമൂലം എമിറേറ്റ്സിന്‍െറ കാല്‍ലക്ഷത്തോളം യാത്രക്കാരുടെ യാത്ര മുടങ്ങിയിരിക്കയാണ്. എല്ലാ വിമാനങ്ങളും സമയംതെറ്റിയാണ് സര്‍വിസ് നടത്തുന്നത്. ദുബൈയുടെ ചെലവുകുറഞ്ഞ വിമാന കമ്പനിയായ ഫൈ്ള ദുബൈ മാത്രം 30ഓളം സര്‍വിസുകള്‍ റദ്ദാക്കി. ഇന്ത്യയില്‍നിന്നുള്ള ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് എന്നിവയും ഖത്തര്‍ എയര്‍വേസും സൗദി അറേബ്യന്‍ എയര്‍ലൈന്‍സും തായ് എയര്‍വേസും വ്യാഴാഴ്ച സര്‍വിസ് നടത്തിയില്ല. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളില്‍ ചിലത് ഷാര്‍ജയില്‍നിന്ന് സര്‍വിസ് നടത്തുന്നുണ്ട്. ചില വിമാനങ്ങള്‍ ജബല്‍ അലിയിലെ ആല്‍മക്തൂം വിമാനത്താവളത്തില്‍നിന്നും പറക്കുന്നുണ്ട്.

മലയാളികളടക്കം നിരവധി പേരാണ് യാത്ര മുടങ്ങിയതോടെ ദുരിതത്തിലായത്. അവസരം മുതലെടുത്ത് എയര്‍ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികള്‍ യു.എ.ഇയിലെ മറ്റ് വിമാനത്താവളങ്ങളില്‍നിന്ന് പറക്കാന്‍ കഴുത്തറപ്പന്‍ നിരക്കാണ് ഈടാക്കുന്നതെന്ന് പരാതിയുണ്ട്. വിമാനങ്ങള്‍ വൈകുന്നതും റദ്ദാക്കുന്നതും അറിയാതെ നിരവധി യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തുന്നുണ്ട്. ഇവര്‍ക്ക് വിശ്രമ സൗകര്യവും ഭക്ഷണവും വിമാനത്താവള അതോറിറ്റി ഒരുക്കിയിട്ടുണ്ട്. കൂടെ മുഴുസമയ സൗജന്യ അണ്‍ലിമിറ്റഡ് വൈഫൈ സൗകര്യവും നല്‍കുന്നുണ്ട്. തിരുവനന്തപുരത്തുനിന്ന് ബുധനാഴ്ച രാവിലെ 10.19ന് ദുബൈക്ക് തിരിച്ച എമിറേറ്റ്സ് ഇ.കെ 521 വിമാനമാണ് ഇടിച്ചിറങ്ങി തീപിടിച്ചത്. മലയാളികളടക്കം 282 യാത്രക്കാരും 18 വിമാന ജീവനക്കാരും അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. തീയണക്കുന്നതിനിടെ ദുബൈ അഗ്നിശമന സേനാംഗം ജാസിം ഈസ മുഹമ്മദ് ഹസന്‍ മരിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.