മിനാ അപകടം: 17 ഇന്ത്യക്കാരുള്‍പ്പെടെ 717 മരണം; 863 പേര്‍ക്ക് പരിക്ക്

മക്ക: ഹജ്ജിനിടെ മിനായില്‍ തീര്‍ഥാടകരുടെ താമസസ്ഥലത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 717 ആയി. 863 പേര്‍ക്ക് പരിക്കേറ്റതായും സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു. രണ്ട് മലയാളികളുള്‍പ്പെടെ 17 ഇന്ത്യക്കാരും അപകടത്തില്‍ മരിച്ചു. മലപ്പുറം ചേലേമ്പ്ര ചക്കുവളവ് സ്വദേശി ആശാരിപ്പടി അബ്ദുറഹ്മാന്‍ (51), പാലക്കാട് വടക്കുഞ്ചേരിക്കടുത്ത് പുതുക്കോട് മൈദാകര്‍ വീട്ടില്‍ മൊയ്തീന്‍ അബ്ദുല്‍ ഖാദര്‍ (62) എന്നിവരാണ് മരിച്ച മലയാളികള്‍. അബ്ദുറഹ്മാന്‍െറ ഭാര്യയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മരിച്ച മറ്റ് ഇന്ത്യക്കാര്‍.

ഗുജറാത്ത് 10, തമിഴ്നാട്, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേര്‍, ഝാര്‍ഖണ്ഡില്‍ നിന്നുള്ള ഒരാള്‍ എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍. രാജ്യാടിസ്ഥാനത്തിലുള്ള കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ ഇറാനില്‍ നിന്നുള്ളവരാണ് മരിച്ചത്; 131 പേര്‍. ഇന്തോനേഷ്യയില്‍ നിന്ന് ഏഴ് പേരും പാകിസ്താനില്‍ നിന്ന് ആറുപേരും അപകടത്തില്‍ മരണപ്പെട്ടു.



വ്യാഴാഴ്ച രാവിലെ സൗദി സമയം ഒമ്പതിന് ഹാജിമാരുടെ താമസ സ്ഥലത്തുനിന്നുള്ള സുഖുല്‍ അറബ് റോഡിനും കിങ് ഫഹദ് റോഡിനും ഇടയിലുള്ള 204ാം നമ്പര്‍ സ്ട്രീറ്റിലാണ് അപകടം. കനത്ത ചൂട് രേഖപ്പെടുത്തിയ മക്കയില്‍ രാവിലെ ജംറയിലെ കല്ലേറിന് പുറപ്പെട്ട പ്രായാധിക്യമുള്ളവരും സ്ത്രീകളും വഴിയില്‍ തളര്‍ന്നിരിക്കുകയും കിടക്കുകയും ചെയ്തത് മൂലമുണ്ടായ മാര്‍ഗതടസ്സമാണ് ജനപ്രവാഹമുണ്ടായപ്പോള്‍ തിക്കിനും തിരക്കിനുമിടയാക്കിയത്. ഈ ഭാഗത്ത് ആഫ്രിക്കക്കാരുടെ തമ്പുകളാണ് അധികവും. ന്യൂ മിന ആശുപത്രിയില്‍ എത്തിച്ച മൃതദേഹങ്ങളില്‍ അധികവും ആഫ്രിക്കക്കാരുടേതാണെന്ന് മലയാളി വളണ്ടിയര്‍മാര്‍ 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു. യു.പി സ്വദേശിയുടെ മൃതദേഹവും തിരിച്ചറിഞ്ഞിട്ടുണ്ട്.



അപകടത്തെക്കുറിച്ച് സൗദി രാജാവ് അന്വേഷണത്തിന് ഉത്തരവിട്ടു. ദുരന്തത്തെ തുടര്‍ന്ന് മക്കയിലെ ആശുപത്രികളില്‍ റെഡ് അലേട്ട് പ്രഖ്യാപിച്ചു. വിവരങ്ങളറിയുന്നതിന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍െറ ഹെല്‍പൈ് ലൈന്‍ നമ്പര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വിവരങ്ങള്‍ക്ക് വിളിക്കാനുള്ള നമ്പര്‍: 00966125458000, 00966125496000.

കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ ഹജ്ജ് കര്‍മത്തോടനുബന്ധിച്ചുണ്ടാകുന്ന രണ്ടാമത്തെ ദുരന്തമാണിത്. കഴിഞ്ഞയാഴ്ച ക്രെയിന്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ 107 പേര്‍ മരിക്കുകയും 400 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.