ഇസ് ലാമാബാദ്: അതിര്‍ത്തിയിലുണ്ടാകുന്ന ആക്രമണങ്ങളില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്. നിയന്ത്രണരേഖയില്‍ ഇന്ത്യ തുടര്‍ച്ചയായി നടത്തുന്ന വെടിനിര്‍ത്തല്‍ ലംഘനം കശ്മീരിന് മാത്രമല്ല, മേഖലയിലെ മൊത്തം സമാധാനത്തിന് തന്നെ തടസ്സമാണെന്ന് നവാസ് ശരീഫ് പറഞ്ഞു. ഇന്ത്യയുടെ വെടിനിര്‍ത്തല്‍ ലംഘനം ഇപ്പോള്‍ വര്‍ധിച്ചുവരികയാണെന്നും പാക്കധീന കശ്മീരിലെ ബാഗില്‍ ഒരു സ്റ്റേഡിയം ഉദ്ഘാടന ചടങ്ങിനിടെ നവാസ് ശരീഫ് പറഞ്ഞു.
ഇന്ത്യ പ്രകോപനമില്ലാതെ വെടിവെക്കുകയാണ്. ഇത് ലോകത്തിന്‍െറ തന്നെ മനസാക്ഷിക്കെതിരാണ്. കശ്മീര്‍ പ്രശ്നം ഉയര്‍ത്തിപ്പിടിക്കും. കശ്മീരിലെ ജനങ്ങളുടെ ഹിതമനുസരിച്ച് കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതുവരെ വിഷയം ഉന്നയിക്കും. കശ്മീര്‍ ജനതയുടെ അവസ്ഥ യു.എന്നിന്‍െറയും അന്താരാഷ്ട്ര സമൂഹത്തിന്‍െറയും ശ്രദ്ധയില്‍ പെടുത്താന്‍ പാകിസ്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. തീവ്രവാദത്തിനെതിരെയുള്ള ആഗോള യുദ്ധത്തില്‍ പാകിസ്താന്‍ പ്രധാന പങ്കാണ് വഹിക്കുന്നതെന്നും ഇത് ഏറെ പ്രശംസിക്കപ്പെട്ടതാണെന്നും നവാസ് ശരീഫ് കൂട്ടിച്ചേര്‍ത്തു.
കശ്മീര്‍ വിഷയത്തില്‍ ഉടക്കി ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം റദ്ദാക്കിയിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും പാകിസ്താന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസും തമ്മില്‍ കഴിഞ്ഞ മാസം 23ന് നടക്കേണ്ടിയിരുന്ന കൂടിക്കാഴ്ചയാണ് റദ്ദായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.