ഫലസ്തീന്‍ സമരത്തിന് കനല്‍ പകര്‍ന്ന് അഹ്മദ് മന്‍സാറ

ജറൂസലം:  അഹ്മദ് മന്‍സാറ എന്ന 13 കാരന്‍െറ ചിത്രം ഫലസ്തീനികളുടെ സ്വാതന്ത്ര്യ പോരാട്ടത്തിന്‍െറ പുതിയ മുഖമായി മാറുന്നു. പൊലീസ് മര്‍ദനത്തില്‍ ചോരയൊലിക്കുന്ന തലയുമായി, ഇസ്രായേലികളുടെ  ശാപവചനങ്ങള്‍ കേട്ട് തെരുവില്‍ കിടക്കുന്ന കുട്ടിയുടെ ചിത്രമാണ് ഇസ്രായേലീ ക്രൂരത വരച്ചുകാട്ടി ഇതിനകം വൈറലായി മാറിയത്.
ചില പൊലീസുകാര്‍ അവനെ പിന്നില്‍നിന്ന് തള്ളുന്നുണ്ട്. ഹീബ്രുവില്‍ ‘ഇവനു മരണ’മെന്ന് പറഞ്ഞ് വഴിയാത്രക്കാര്‍ ചുറ്റും നില്‍ക്കുന്നു. കുഞ്ഞുബാലനോട് ഇത്രയും ക്രൂരത കാണിക്കുന്ന ഇസ്രായേലിനോട് എങ്ങനെ പൊറുക്കുമെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ ചോദ്യം.
ഫലസ്തീനിലെ തെരുവില്‍ ബന്ധുവായ ഹസനൊപ്പം സഞ്ചരിക്കവെയാണ് ഇരുവരും ആക്രമിക്കപ്പെടുന്നത്. വെടിയേറ്റ് ഇരുവരും മരണത്തിന് കീഴടങ്ങിയെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ടെലിവിഷന്‍ പ്രഭാഷണത്തില്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് അതേറ്റു പറയുകയും ചെയ്തതോടെ പ്രതിഷേധം ഒഴുകി. ഫലസ്തീനികളെ ഇസ്രായേല്‍ സേന നിഷ്കരുണം കൊന്നൊടുക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. അവരെ അറസ്റ്റ് ചെയ്യാന്‍ നിരവധി മാര്‍ഗങ്ങളുണ്ടെന്നിരിക്കെ, വെടിവെച്ചുകൊല്ലുകയാണ്. കൂടുതല്‍ കേസുകളിലും ഇതാണ് സംഭവിക്കുന്നത് -അദ്ദേഹം തുടര്‍ന്നു.
ഇതോടെ, ബാലന്‍ മരിച്ചില്ളെന്നും ആശുപത്രിയില്‍ ചികില്‍സയിലാണെന്നും കാണിച്ച് ഇസ്രായേല്‍ പുതിയ ചിത്രം പുറത്തുവിട്ടു. രണ്ട് ഇസ്രായേലികളെ കുത്തിയതിനെ തുടര്‍ന്നാണ് ഇവനെ പോലിസ് നേരിട്ടതെന്നായിരുന്നു ഇസ്രായേല്‍ വിശദീകരണം. അഹ്മദും ഹസനും കത്തിയുമായി കിഴക്കന്‍ ജറൂസലമിലൂടെ ഓടുന്ന സഹോദരങ്ങളുടെ വിഡിയോ ആണ് പുറത്തുവിട്ടത്. സൈക്കിളില്‍ മെഴുകുതിരിക്കടക്കരികില്‍ നിന്ന ഇസ്രായേല്‍ ബാലന്‍െറ ദൃശ്യങ്ങളും വിഡിയോയിലുണ്ട്.
ഇസ്രായേലിനെ ആക്രമിക്കുന്നു എന്ന കാരണം പറഞ്ഞ് ഫലസ്തീനികളെ വെടിവെച്ചുകൊല്ലുന്നതിനെതിരെ മനുഷ്യാവകാശസംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. ഫലസ്തീനികള്‍ക്കുനേരെ മാരകായുധങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ യു.എസും ആശങ്ക അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം നടന്ന ആക്രമണങ്ങളില്‍ എട്ടു ഇസ്രായേലികള്‍ കൊല്ലപ്പെട്ടപ്പോള്‍ 31 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ കിഴക്കന്‍ ജറൂസലമില്‍ ഇസ്രായേല്‍ കനത്ത സുരക്ഷാസന്നാഹമാണ് ഏര്‍പ്പെടുത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.