ബാങ്കോക് സ്ഫോടനം: വനിതയടക്കം രണ്ടു പേരെ പൊലീസ് തിരയുന്നു

ബാങ്കോക്: തായ് ലന്‍ഡ് തലസ്ഥാനത്ത് 20 പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനവുമായി ബന്ധമുള്ള രണ്ടു പേര്‍ക്കെതിരെ പൊലീസ് അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു. ഇതില്‍ ഒരാള്‍ സ്ത്രീയാണ്. ഇവരുടെ രേഖാചിത്രം പുറത്തുവിട്ടിട്ടുണ്ട്. ശിരോവസ്ത്രം ധരിച്ച സ്ത്രീയുടെ ചിത്രമാണ് പുറത്തുവിട്ടതിലുള്ളത്. വാന്ന സുവാന്‍സാത് എന്ന് പേരുള്ള 26 കാരിയെയാണ് പൊലീസ് തിരയുന്നത്. ഇവര്‍ ബാങ്കോക്കിലെ മിന്‍ ബുരി ജില്ലയില്‍ വാടകക്ക് താമസിക്കുകയായിരുന്നെന്ന് പൊലീസ് വക്താവ് പറഞ്ഞു.
വാനയുടെ മുറിയില്‍നിന്ന് കഴിഞ്ഞ ദിവസം പൊലീസ് ബോംബുമായി ബന്ധപ്പെട്ട വസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു. ഇവരുടെ മുറിയില്‍നിന്ന് ലഭിച്ച വസ്തുക്കള്‍ പൊലീസ് മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്. രണ്ടാമത്തെ രേഖാചിത്രത്തിലുള്ളയാളിനെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
വിദേശികള്‍ക്ക് വീട് വാടകക്ക് കൊടുക്കുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പാണ് പൊലീസ് നല്‍കിയിട്ടുള്ളത്. സംശയകരമായ എന്തെങ്കിലും പ്രവൃത്തികള്‍ കാണുകയാണെങ്കില്‍ പൊലീസില്‍ വിവരമറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സ്ഫോടക വസ്തുക്കളുമായി ശനിയാഴ്ച ഒരു വിദേശിയെ പിടികൂടിയിരുന്നു. അതേസമയം, സ്ഫോടനവുമായി ബന്ധമുള്ളവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് പ്രതിഫലം പ്രഖ്യാപിച്ചിരിക്കയാണ്. ശനിയാഴ്ച വിദേശിയെ പിടികൂടിയ പൊലീസ്സംഘത്തിന് പ്രതിഫലം നല്‍കുമെന്ന് പൊലീസ് വക്താവ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.