വിപണിയിലെ തകര്‍ച്ച: ചൈന ബാങ്ക് നിരക്കു കുറച്ചു

ബെയ്ജിങ്: തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്ന വിപണിയെയും സമ്പദ് വ്യവസ്ഥയെയും കരകയറ്റാന്‍ ലക്ഷ്യമിട്ട് ബാങ്കുകളിലെ കരുതല്‍ ധന നിക്ഷേപവും മുഖ്യ പലിശനിരക്കുകളും ചൈനീസ് കേന്ദ്ര ബാങ്ക് കുറച്ചു. രണ്ടുമാസത്തിനിടെ രണ്ടാം തവണയാണ് ബാങ്ക് നിരക്കുകള്‍ വെട്ടിക്കുറക്കുന്നത്. സാമ്പത്തിക രംഗത്തെ ദുര്‍ബലത വ്യക്തമാക്കി തിങ്കളാഴ്ചത്തെ എട്ടു ശതമാനം ഇടിവിന് പിന്നാലെ ചൊവ്വാഴ്ചയും ചൈനയിലെ ഓഹരി വിപണി ഏഴു ശതമാനത്തിലധികം കൂപ്പുകുത്തിയതോടെയാണ് പുതിയ തീരുമാനം പുറത്തുവന്നത്.
കേന്ദ്ര ബാങ്കായ പീപ്ള്‍സ് ബാങ്ക് ഓഫ് ചൈന വായ്പനിരക്കില്‍ 25 അടിസ്ഥാന പോയന്‍റിന്‍െറ കുറവാണ് വരുത്തിയത്. 4.6 ശതമാനമാണ് പുതുക്കിയ നിരക്ക്. ആഗസ്റ്റ് 26 മുതല്‍ പ്രാബല്യത്തില്‍വരും. നിക്ഷേപങ്ങളുടെ പലിശനിരക്കിലും 25 പോയന്‍റിന്‍െറ കുറവാണ് വരുത്തിയത്. ഒരു വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന  ഉയര്‍ന്ന പലിശനിരക്ക് പരിധിയും എടുത്തുകളഞ്ഞു. ഇതിനുപുറമേ വന്‍കിട ബാങ്കുകളുടെ കരുതല്‍ ധനശേഖരത്തില്‍ 50 അടിസ്ഥാന പോയന്‍റിന്‍െറ കുറവും വരുത്തി. 18 ശതമാനമായാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. ഇത് സെപ്റ്റംബര്‍ ആറു മുതല്‍ പ്രാബല്യത്തില്‍ വരും.
രണ്ടാഴ്ചമുമ്പ് കറന്‍സിയായ യുവാന്‍െറ മൂല്യവും ചൈന ഇടിച്ചിരുന്നു. കറന്‍സിയുടെ മൂല്യം സ്വമേധയാ കുറച്ചത് സാമ്പത്തിക പരിഷ്കരണ നടപടികള്‍ക്ക് സഹായകമാകാനെന്നായിരുന്നു വിശദീകരണമെങ്കിലും നഷ്ടത്തിലായ കയറ്റുമതിരംഗത്തെ സഹായിക്കാനായിരുന്നെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ചൈനയുടെ കറന്‍സി മൂല്യം ഇടിഞ്ഞതും വിപണികള്‍ കടുത്ത തകര്‍ച്ച നേരിടുന്നതിന്‍െറയും അനുരണനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍തന്നെ പ്രകടമായിത്തുടങ്ങിയിരുന്നു. ആഭ്യന്തര, കയറ്റുമതി ഡിമാന്‍ഡുകളില്‍ കുറവുവന്നതിനെ തുടര്‍ന്ന് രാജ്യത്തെ വ്യവസായരംഗം തകര്‍ച്ച നേരിടുകയാണെന്ന് അടുത്തിടെ പുറത്തുവന്ന സ്വകാര്യ ഏജന്‍സിയുടെ സര്‍വേ ഫലങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. പ്രവചനങ്ങള്‍ മറികടന്ന് രണ്ടാം പാദത്തില്‍ ഏഴു ശതമാനം വളര്‍ച്ചയാണ് ചൈനീസ് സാമ്പത്തിക രംഗം കൈവരിച്ചിരുന്നത്. വളര്‍ച്ചനിരക്ക് ഏഴു ശതമാനമായി പിടിച്ചുനിര്‍ത്തുന്നതിന് കൂടുതല്‍ ശക്തമായ നടപടികള്‍ വരുന്ന മാസങ്ങളിലും സര്‍ക്കാറിന് സ്വീകരിക്കേണ്ടി വരുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന.
ചൊവ്വാഴ്ചയും കനത്ത ഇടിവ്
ചൈനീസ് ഓഹരി വിപണിയില്‍ ചൊവ്വാഴ്ചയും കനത്ത ഇടിവ്. പ്രധാന വിപണിയായ ഷാങ്ഹായ് കോമ്പസിറ്റ് ഇന്‍ഡക്സ് നിക്ഷേപക പരിഭ്രാന്തിയില്‍ നിര്‍ണായകമായ 3000 നിലവാരവും ഭേദിച്ചതോടെ വിപണി ഏഴ് ശതമാനത്തിലേറെ ഇടിയുകയായിരുന്നു. ഷാങ്ഹായ് കോമ്പസിറ്റ് ഇന്‍ഡക്സ് 7.6 ശതമാനം ഇടിഞ്ഞ് 2964.97ല്‍ അവസാനിച്ചപ്പോള്‍ ബ്ളൂചിപ് സി.എസ്.ഐ 300 ഇന്‍ഡക്സ് 7.1 ശതമാനം ഇടിഞ്ഞ് 3042.9 ലത്തെി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.