കൊറിയന്‍ സംഘര്‍ഷത്തിന് താല്‍ക്കാലിക ശമനം

സോള്‍: ഉന്നതതല മാരത്തണ്‍ ചര്‍ച്ചയുടെ തീരുമാന ഫലമായി ഉത്തര കൊറിയക്കെതിരായ പ്രചാരണത്തിന് ദക്ഷിണ കൊറിയ സ്ഥാപിച്ച ഉച്ചഭാഷിണികളുടെ പ്രവര്‍ത്തനം നിശ്ചലമാക്കി. ഉത്തര കൊറിയയുടെ മൈനുകള്‍ പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ക്ക് പരിക്കുപറ്റിയതിനെ തുടര്‍ന്നാണ് പത്തു വര്‍ഷമായി നിശ്ചലമായിരുന്ന ഉച്ചഭാഷിണികള്‍ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങിയത്. മൈന്‍ പൊട്ടിത്തെറിയില്‍ ഉത്തര കൊറിയ മാപ്പുപറഞ്ഞതിനെ തുടര്‍ന്നാണ് ലൗഡ് സ്പീക്കര്‍ ഓഫ് ചെയ്യാന്‍ ദക്ഷിണ കൊറിയ തയാറായത്.
ശനിയാഴ്ച മുതല്‍ നടന്ന ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളുടെയും രണ്ടുവീതം മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. ചൊവ്വാഴ്ച പ്രാദേശിക സമയം 12 മണിക്ക് ശേഷമാണ് ഇരു കൊറിയയും തമ്മില്‍ സമവായത്തിന് ധാരണയായത്.
മൈന്‍ ആക്രമണത്തിന്‍െറ ഉത്തരവാദിത്തത്തില്‍നിന്നും തുടര്‍ച്ചയായി ഒഴിഞ്ഞു മാറിയ ഉത്തര കൊറിയയെക്കൊണ്ട് ഖേദം രേഖപ്പെടുത്താന്‍ വളരെ ക്ളേശിച്ചുവെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ദക്ഷിണ കൊറിയന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു.
1950-53 യുദ്ധത്തില്‍ വേര്‍പ്പെട്ടുപോയ കുടുംബങ്ങളുടെ ഒത്തുച്ചേരല്‍ നടത്താന്‍ ഇരു കൊറിയയും ധാരണയായിട്ടുണ്ട്. ചര്‍ച്ചകള്‍ തുടരാനും സാമ്പത്തിക ഇടപാടുകള്‍ ആരംഭിക്കാനും ചര്‍ച്ച വഴിവെക്കുമെന്നാണ് വിലയിരുത്തല്‍.
അതേസമയം, അതിര്‍ത്തിയില്‍നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ ദക്ഷിണ കൊറിയ തയാറായിട്ടില്ല. ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്‍െറ വെള്ളിയാഴ്ചത്തെ യുദ്ധപ്രഖ്യാപനത്തില്‍നിന്നും അവര്‍ പിന്മാറിയെന്ന് ഉറപ്പായതിന് ശേഷമേ സൈന്യത്തെ പിന്‍വലിക്കുകയുള്ളൂവെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഉത്തര കൊറിയ നിരവധി അന്തര്‍ വാഹിനികളും സായുധ സൈന്യത്തേയും അതിര്‍ത്തിയില്‍ നിയോഗിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ആശങ്കകള്‍ ഇല്ലാതാക്കുന്ന കരാറിന് ഇരു കൊറിയയും തയാറായതിനെ അമേരിക്ക സ്വാഗതം ചെയ്തു. കൊറിയകള്‍ തമ്മിലുള്ള ധാരണ എങ്ങനെ നടപ്പാകുന്നുവെന്ന് നോക്കിക്കാണുകയാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് വകുപ്പ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.