അന്‍ബാര്‍ പിടിക്കാന്‍ രൂക്ഷ പോരാട്ടം

ബഗ്ദാദ്: ഇറാഖിന്‍െറ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ അന്‍ബാറില്‍ ഐ.എസും സര്‍ക്കാര്‍ സേനയും തമ്മിലുള്ള പോരാട്ടം ശക്തമായി. നിരവധി ഇറാഖ് സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പ്രവിശ്യാ തലസ്ഥാനമായ റമദിക്കടുത്ത് തിങ്കളാഴ്ച നടന്ന കാര്‍ബോംബ് സ്ഫോടനത്തില്‍ ഇറാഖ് സൈന്യത്തിന്‍േറയും ജനകീയ പോരാട്ട സംഘത്തിന്‍െറയും 18 പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചക്കിടെ വിവിധ ആക്രമണങ്ങളിലായി 46 ഇറാഖ് സൈനികര്‍ കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇതുവരെ ഏഴ് ഐ.എസ് അംഗങ്ങളേയും വധിച്ചിട്ടുണ്ട്.

ഐ.എസ് നിയന്ത്രണത്തിലുള്ള അന്‍ബാര്‍ തിരിച്ചുപിടിക്കാനായി കഴിഞ്ഞ മാസമാണ് ഇറാഖ് സേന നടപടി തുടങ്ങിയത്. അന്‍ബാര്‍ പിടിക്കാനുള്ള ശ്രമം വളരെ പ്രയാസമേറിയതാണെന്ന് ശിയാ പോരാളികളുടെ നേതൃത്വത്തിലുള്ള ജനകീയ പോരാട്ട സംഘത്തിന്‍െറ വക്താവ് കരീം അല്‍നൂരി പറഞ്ഞു. എന്നാല്‍, മുന്നേറ്റങ്ങള്‍ നടത്താന്‍ തങ്ങള്‍ക്കായതായി അദ്ദേഹം അറിയിച്ചു.

മേയ് ആദ്യത്തിലാണ് അന്‍ബാര്‍ ഐ.എസ് നിയന്ത്രണത്തിലായത്. സിറിയ, ജോര്‍ഡന്‍, സൗദി അറേബ്യ എന്നിവയുമായി അതിര്‍ത്തി പങ്കിടുന്ന അന്‍ബാര്‍ വന്‍ പ്രാധാന്യമേറിയ പ്രവിശ്യയാണ്. വിവിധ ഭാഗങ്ങളിലൂടെ അന്‍ബാറില്‍ പ്രവേശിച്ച ഐ.എസ് വിരുദ്ധ സേനക്ക് വന്‍ തിരിച്ചടിയാണ് ഐ.എസില്‍നിന്നും കിട്ടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചമാത്രം ഐ.എസ് ആക്രമണത്തില്‍ 50ലധികം സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.