ചര്‍ച്ചക്ക് തയാറായി കൊറിയകള്‍

സോള്‍: യുദ്ധത്തിലേക്ക് നീങ്ങിയിരുന്ന കൊറിയകള്‍ തമ്മിലുള്ള സംഘര്‍ഷത്തിന് നേരിയ അയവ്. അതിര്‍ത്തിപ്രശ്നങ്ങളില്‍ ഉന്നതതല ചര്‍ച്ചക്ക് ഇരു കൊറിയകളും തമ്മില്‍ ധാരണയായതോടെ അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്ന സൈന്യങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പ് പിന്‍വലിച്ചു. ഉത്തര കൊറിയയുടെ അന്ത്യശാസനം അവസാനിക്കുന്നതിന് മുമ്പാണ് അതിര്‍ത്തിഗ്രാമമായ പാന്‍മുജോമില്‍ ചര്‍ച്ചനടത്താന്‍ ധാരണയായത്.

ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റിന്‍െറ സുരക്ഷാ ഉപദേഷ്ടാവ് കിം വാന്‍ ജിന്‍, ഏകീകരണ കാര്യ മന്ത്രി ഹോങ് യോങ് പ്യോ ഉത്തര കൊറിയയുടെ ഉപപ്രധാനമന്ത്രി വാങ് പ്യോങ് സൊ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കിം യോങ് ഗോന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സൈനിക മുക്ത പ്രദേശമായ പാന്‍മുജോമിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ നടക്കാറുള്ളത്.

അടച്ചിട്ട മുറിയില്‍ നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ഇരുകൂട്ടരും തയാറായിട്ടില്ല. എന്നാല്‍, ദക്ഷിണ കൊറിയ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഉത്തര കൊറിയക്കെതിരായ പ്രചാരണങ്ങള്‍ തുടരുമെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധമന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന തീരുമാനം അനുസരിച്ച് പ്രചാരണം തുടരുകയോ അവസാനിപ്പിക്കുകയോ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ആകെ 11 ലൗഡ് സ്പീക്കറുകളാണ് അതിര്‍ത്തിയില്‍ ദക്ഷിണ കൊറിയ സ്ഥാപിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയന്‍ സര്‍ക്കാറിനെ പുകഴ്ത്തുന്ന പരിപാടികളും ഉത്തര കൊറിയക്കെതിരായ പ്രചാരണങ്ങളുമാണ് ഇതിലൂടെ പ്രക്ഷേപണം ചെയ്യുന്നത്.

ലൗഡ് സ്പീക്കറുകള്‍ ഉത്തര കൊറിയ തകര്‍ക്കുകയാണെങ്കില്‍ ശക്തമായി തിരിച്ചടിക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.