മുതിര്‍ന്ന പുരാവസ്തു ഗവേഷകനെ ഐ.എസ് തലയറുത്തു

ഡമസ്കസ്: മുതിര്‍ന്ന പുരാവസ്തു ഗവേഷകനെ സിറിയയിലെ പല്‍മീറയില്‍ ഐ.എസ് തീവ്രവാദികള്‍ തലയറുത്ത് കൊന്നു. 50 വര്‍ഷമായി പുരാവസ്തു രംഗത്ത് സജീവമായി ഇടപെടുന്ന ഖാലിദ് അസദ് (82) എന്ന ഗവേഷകനെയാണ് ഐ.എസ് കൊലപ്പെടുത്തിയതെന്ന് സിറിയന്‍ പുരാവസ്തു വിഭാഗം തലവന്‍ മാമൂന്‍ അബ്ദുല്‍കരീം അറിയിച്ചു. തലയറുത്ത ശേഷം ശരീരം ചരിത്ര നഗരത്തിന്‍െറ പ്രധാന കവലയില്‍ തൂങ്ങുന്ന ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

ഒരുമാസത്തിലധികമായി ഐ.എസിന്‍െറ പിടിയിലായിരുന്നു അസദെന്ന് അബ്ദുല്‍കരീം പറഞ്ഞു. പല്‍മീറയെ കുറിച്ച് നിരവധി അമൂല്യവിവരങ്ങള്‍ പുറംലോകത്തിനത്തെിച്ച പണ്ഡിതനാണ് അസദ്. ഭരണകൂട അനുകൂലിയും വിദേശ രാജ്യങ്ങളില്‍ മതവിരുദ്ധരോടൊപ്പം വേദികള്‍ പങ്കിടുകയും പല്‍മീറയിലെ ബിംബങ്ങള്‍ സംരക്ഷിക്കുകയും ചെയ്തെന്നാരോപിച്ചാണ് അസദിനെ കൊലപ്പെടുത്തിയത്. വര്‍ഷങ്ങളായി യു.എസ്, ഫ്രഞ്ച്, ജര്‍മന്‍, സ്വിസ് സംയുക്ത പല്‍മീറ ഉത്ഖനന മിഷനില്‍ പ്രവര്‍ത്തിക്കുകയായിരുന്നു ഇദ്ദേഹം.

സിറിയയിലെയും ഇറാഖിലെയും നിരവധി ഭാഗങ്ങള്‍ നിയന്ത്രണത്തിലാക്കിയ ഐ.എസ് കഴിഞ്ഞ മേയിലാണ് പല്‍മീറ പിടിച്ചടക്കുന്നത്. പുരാതന റോമന്‍ സംസ്കാരത്തിന്‍െറ അവശിഷ്ടങ്ങള്‍ സ്ഥിതിചെയ്യുന്ന പല്‍മീറയിലെ പൈതൃകങ്ങള്‍ ഐ.എസ് നശിപ്പിച്ചതായി ഇതുവരെ അറിവായിട്ടില്ല. പ്രധാനപ്പെട്ട പുരാതന പ്രതിമകളും മറ്റും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നതായി സിറിയന്‍ അധികൃതര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.