ശ്രീലങ്ക പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്: യു.എന്‍.പി മുന്നില്‍; രാജപക്സെ തോല്‍വി സമ്മതിച്ചു

കൊളംബോ: ശ്രീലങ്ക പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ നേതൃത്വം നല്‍കുന്ന യുനൈറ്റഡ് നാഷണല്‍ പാര്‍ട്ടി(യു.എന്‍.പി) വിജയത്തിലേക്ക്. മുന്‍ പ്രസിഡന്‍റും  യുനൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സിന്‍െറ(യു.പി.എഫ്.എ) പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ മഹിന്ദ രാജപക്സെ തോല്‍വി സമ്മതിച്ചതായി റിപ്പോര്‍ട്ട്. പുറത്തുവന്ന ആദ്യ സൂചനകള്‍ പ്രകാരം രാജ്യത്തെ 22 ജില്ലയില്‍ യു.എന്‍.പി 11 ജില്ലയിലും യു.പി.എഫ്.എ എട്ട് ജില്ലയിലും ഭൂരിപക്ഷം നേടി. തമിഴ് പാര്‍ട്ടികള്‍ മൂന്ന് ജില്ലകളില്‍ ഭൂരിപക്ഷം നേടി.
ഒൗദ്യോഗിക ഫലം പ്രഖ്യാപനം വരുന്നതിന് മുമ്പാണ് രാജ പക്സെ തോല്‍വി സമ്മതിച്ചത്. പ്രസിഡന്‍റാവാനുള്ള തന്‍റെ സ്വപ്നം വീണ്ടും പൊലിഞ്ഞുവെന്നും നല്ല ഒരു പോരാട്ടത്തിലാണ് തോല്‍വിയെന്നും രാജപക്സെ എ.എഫ്.പി വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഏറ്റുവാങ്ങിയ മഹിന്ദ രാജപക്സെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലൂടെ തിരിച്ചുവരവിനുള്ള ശ്രമത്തിലായിരുന്നു.225 അംഗ പാര്‍ലമെന്‍റില്‍ 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
അതേസമയം, ഒൗദ്യോഗിക തെരഞ്ഞെടുപ്പ് ഫലം ലഭിച്ചിട്ടില്ലാത്തതിനാല്‍ തോല്‍വി സമ്മതിക്കാനോ ഫലം അംഗീകരിക്കാനോ കഴിയില്ളെന്ന് മഹിന്ദ രാജപക്സെ ട്വീറ്റ് ചെയ്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.