ലങ്കയില്‍ രാജപക്സക്ക് തിരിച്ചടി വിക്രമസിംഗെ പ്രധാനമന്ത്രിയായി തുടരും

കൊളംബോ: മുന്‍ പ്രസിഡന്‍റ് മഹീന്ദ രാജപക്സയുടെ രാഷ്ട്രീയ തിരിച്ചുവരവിന് വഴിയൊരുങ്ങുമായിരുന്ന ശ്രീലങ്കന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ നേതൃത്വം നല്‍കുന്ന യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടി (യു.എന്‍.പി) വിജയിച്ചു. രാജപക്സയുടെ യുനൈറ്റഡ് പീപ്ള്‍സ് ഫ്രീഡം അലയന്‍സ് (യു.പി.എഫ്.എ)ക്കെതിരെ വ്യക്തമായ വിജയമാണ് വിക്രമസിംഗെയുടേത്. രാജ്യത്ത് നടപ്പാക്കിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമായാണ്  ഭരണകക്ഷിയുടെ വിജയത്തെ വിലയിരുത്തപ്പെടുന്നത്. പുറത്തുവന്ന ആദ്യ സൂചനകള്‍ പ്രകാരം രാജ്യത്തെ 22 ജില്ലയില്‍ യു.എന്‍.പി 11ലും യു.പി.എഫ്.എ എട്ട് ജില്ലയിലും ഭൂരിപക്ഷം നേടി. തമിഴ് പാര്‍ട്ടികള്‍ മൂന്ന് ജില്ലകളില്‍ ഭൂരിപക്ഷം നേടിയിട്ടുണ്ട്.
നല്ല ഭരണത്തിന് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് ഈ വിജയമെന്ന് 66കാരനായ വിക്രമസിംഗെ പറഞ്ഞു. പ്രസിഡന്‍റാവാനുള്ള തന്‍െറ സ്വപ്നം വീണ്ടും പൊലിഞ്ഞുവെന്നും നല്ല ഒരു പോരാട്ടത്തിലാണ് തോല്‍വിയെന്നും രാജപക്സ എ.എഫ്.പി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഏറ്റുവാങ്ങിയ മഹീന്ദ രാജപക്സ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലൂടെ തിരിച്ചുവരവിനുള്ള ശ്രമത്തിലായിരുന്നു.
106 സീറ്റുകളിലാണ് യു.എന്‍.പി സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. 95 സീറ്റുകളില്‍ യു.പി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് വിജയിക്കാനായി. ജനതാ വിമുക്തി പെരാമുന പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ നാല് സീറ്റിലും വിജയിച്ചു. വടക്കന്‍ തമിഴ് ജില്ലകളില്‍ മൂന്നിടത്തും തമിഴ് നാഷനല്‍ അലയന്‍സ് (ടി.എന്‍.എ) സമ്പൂര്‍ണ വിജയം നേടി. 225 അംഗ പാര്‍ലമെന്‍റില്‍ 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ ചെറു പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് അറിയുന്നത്.  ഇന്ന് സത്യപ്രതിജ്ഞ നടക്കും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.