ജപ്പാനില്‍ ആണവനിലയം വീണ്ടും തുറന്നു; വ്യാപക പ്രതിഷേധം

ടോക്യാ: 2011ലെ ഫുകുഷിമ ദുരന്തത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ ആണവനിലയം നാലു വര്‍ഷങ്ങള്‍ക്ക് ശേഷം ജപ്പാന്‍ തുറന്നു. കനത്ത പ്രതിഷേധവും സുരക്ഷാ ഭീഷണിയും മുന്‍നിര്‍ത്തി അടഞ്ഞുകിടക്കുന്ന ആണവനിലയങ്ങളിലൊന്നാണ് ചൊവ്വാഴ്ച വീണ്ടും പ്രവര്‍ത്തനമാരംഭിച്ചത്. തലസ്ഥാന നഗരമായ ടോക്യോയില്‍നിന്ന് 1000 കിലോമീറ്റര്‍ അകലെ സെന്‍ഡായിയിലുള്ള നിലയം പ്രാദേശിക സമയം രാവിലെ 10.30നാണ് വീണ്ടും ചലിച്ചുതുടങ്ങിയത്. വെള്ളിയാഴ്ച വൈദ്യുതി ഉല്‍പാദനം ആരംഭിക്കുമെങ്കിലും പതിവുപ്രവര്‍ത്തനം സെപ്റ്റംബറോടെ മാത്രമേ ആരംഭിക്കൂ. 31 വര്‍ഷം പഴക്കമുള്ള നിലയത്തില്‍ ആണവ ഇന്ധനം നിറക്കുന്നതുള്‍പ്പെടെ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.

എന്നാല്‍ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നാലരവര്‍ഷത്തെ സ്തംഭനത്തിനു ശേഷമാണ് ജപ്പാന്‍ ആണവ പദ്ധതിയിലേക്ക് തിരിച്ചുപോകുന്നത്. 2011ലെ സൂനാമിയില്‍ ഫുകുഷിമ ആണവനിലയം തകര്‍ന്നതിനു സമാനമായ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആണവ നിയന്ത്രണ അതോറിറ്റി കര്‍ക്കശമായ സുരക്ഷാചട്ടങ്ങള്‍ നടപ്പാക്കിവരുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം. സെന്‍ഡായി നിലയത്തില്‍ ഇവ പൂര്‍ണമായി പാലിച്ചതായി പരിശോധനകളില്‍ കണ്ടത്തെിയിരുന്നു. സെന്‍ഡായിയിലെ രണ്ടാമത്തെ നിലയം ഒക്ടോബറില്‍ പുനരാരംഭിക്കാനാണ് നീക്കം. ജപ്പാനില്‍ പ്രവര്‍ത്തന യോഗ്യമായ 50ഓളം റിയാക്ടറുകള്‍ അറ്റകുറ്റപ്പണികള്‍ക്കും സുരക്ഷാ പരിശോധനക്കുമായി അടച്ചിട്ടിരിക്കുകയാണ്. രാജ്യത്തിന്‍െറ സുസ്ഥിര സാമ്പത്തിക വികസനം ലക്ഷ്യംവെച്ച് ഇവ പ്രവര്‍ത്തനസജ്ജമാക്കാനാണ് നിലവിലെ ആബെ സര്‍ക്കാറിന്‍െറ നീക്കം. സുരക്ഷ ഉറപ്പുവരുത്തിയ ശേഷം ആണവ നിലയങ്ങള്‍ പുനരാരംഭിക്കാന്‍തന്നെയാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മന്ത്രിസഭ ചീഫ് സെക്രട്ടറി യോഷിഹിദേ സുഗ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ വര്‍ഷമാണ് രാജ്യത്ത് ആണവനയത്തില്‍ മാറ്റംകൊണ്ടുവരാന്‍ സര്‍ക്കാര്‍ തിരുമാനിച്ചത്. രാജ്യത്തിനാവശ്യമായ മൊത്തം വൈദ്യുതിയുടെ നാലിലൊന്നും ഒരു കാലത്ത് ആണവനിലയങ്ങളില്‍നിന്നാണ് ജപ്പാന്‍ ഉല്‍പാദിപ്പിച്ചിരുന്നത്. തീരെ നിലച്ചുപോയ ഉല്‍പാദനം  2030ഓടെ 20 ശതമാനത്തിലത്തെിക്കാന്‍ സര്‍ക്കാര്‍ ഈ വര്‍ഷാദ്യത്തില്‍ തീരുമാനിച്ചിരുന്നു. പുനരുല്‍പാദക ഊര്‍ജത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കാനും തീരുമാനമുണ്ട്.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.