അബാദിയുടെ പരിഷ്കാരങ്ങള്‍ക്ക് ഇറാഖ് പാര്‍ലമെന്‍റിന്‍െറ പിന്തുണ

ബഗ്ദാദ്: പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി മുന്നോട്ടുവെച്ച പരിഷ്കാരങ്ങള്‍ക്ക് ഇറാഖ് പാര്‍ലമെന്‍റിന്‍െറ പൂര്‍ണ പിന്തുണ. അഴിമതി കുറക്കുന്നതിനും വിഘടിത പ്രതിസന്ധി ഇല്ലാതാക്കുന്നതുമായ പരിഷ്കരണ നടപടി ഐകകണ്ഠ്യേനയാണ് പാര്‍ലമെന്‍റ് പാസാക്കിയത്. കൂടുതല്‍ ചര്‍ച്ചകള്‍ നടക്കാതെയാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശങ്ങള്‍ സഭ പാസാക്കിയതെന്ന് പാര്‍ലമെന്‍റ് സ്പീക്കര്‍ സലീം അബ്ദുല്ല അല്‍ജുബൂരി അറിയിച്ചു.
സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് പ്രധാനമന്ത്രി പുതിയ പരിഷ്കാരങ്ങള്‍ മുന്നോട്ടുവെച്ചത്. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ അധികാരം പങ്കുവെക്കുന്നതിനെ ജനങ്ങള്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. വൈസ് പ്രസിഡന്‍റ്, ഉപപ്രധാനമന്ത്രി തുടങ്ങിയ പ്രമുഖ സ്ഥാനങ്ങള്‍ രാജ്യത്തെ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ പങ്കുവെച്ചതാണെന്ന വിമര്‍ശമുണ്ടായിരുന്നു. ഈ പദവികള്‍ ഇല്ലാതാക്കുക എന്നത് പരിഷ്കരണ പദ്ധതിയിലെ പ്രധാന നിര്‍ദേശമാണ്.
പുതിയ പരിഷ്കാരത്തിന്‍െറ ഭാഗമായി കഴിവ് പരിഗണിച്ചായിരിക്കും പ്രമുഖ പദവികളിലുള്ളവരെ നിയമിക്കുന്നത്. ഇതിലൂടെ അഴിമതി ഇല്ലാതാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.പ്രധാനമന്ത്രിയുടെ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പൂര്‍ണമായും അനുകൂലിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.