യമനിലെ സുപ്രധാന സൈനികത്താവളം ഹൂതികളില്‍ നിന്ന് തിരിച്ചുപിടിച്ചു

സന്‍ആ: യമനില്‍ ഹൂതി വിമതര്‍ക്കെതിരെ പോരാടുന്ന സര്‍ക്കാര്‍ അനുകൂല സഖ്യസേന രാജ്യത്തെ ഏറ്റവും വലുതും സുപ്രധാനവുമായ സൈനിക കേന്ദ്രം തിരിച്ചുപിടിച്ചു. ദക്ഷിണ യമനിലെ ലഹേജ് പ്രവിശ്യയിലെ അല്‍അനദ് താവളത്തിന്‍െറ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അറബ് സഖ്യസേനയുടെ സഹായമാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചതെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

സൈനികത്താവളം പിടിച്ചടക്കിയത് രാജ്യത്തിന്‍െറ ഭൂരിപക്ഷ മേഖലകളും കീഴടക്കിയിരുന്ന ശിയാ വിമതരായ ഹൂതികള്‍ക്ക് വന്‍ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. അടുത്തകാലത്താണ് ദക്ഷിണ തുറമുഖ നഗരം ഏദന്‍ ഹൂതികള്‍ക്ക് നഷ്ടമായത്. ലഹേജ് പ്രവിശ്യയിലെ മറ്റു താവളങ്ങളില്‍ പ്രവേശിക്കാന്‍ കഴിഞ്ഞതായി പോപുലര്‍ റെസിസ്സ്റ്റന്‍സിന്‍െറ നാസര്‍ ഹാദോര്‍ അറിയിച്ചു. പ്രവാസ ജീവിതം നയിക്കുന്ന പ്രസിഡന്‍റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയെ പിന്തുണക്കാത്ത തെക്കുനിന്നുള്ളവരാണ് പോപുലര്‍ റെസിസ്റ്റന്‍സ് പോരാളികള്‍.

40 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന അല്‍അനദ് സൈനികത്താവളത്തില്‍ വിമാനത്താവളം, യുദ്ധ കോളജ്, ആയുധ ഡിപ്പോ എന്നിവ സ്ഥിതിചെയ്യുന്നുണ്ട്. അല്‍ഖാഇദക്കെതിരെ ഡ്രോണ്‍ ആക്രമണം നടത്താനുള്ള അമേരിക്കയുടെ താവളമായിരുന്നു ഇത്.
അറബ് രാഷ്ട്രങ്ങളില്‍നിന്ന് ആയുധങ്ങളത്തെിയതാണ് ഹൂതി വിരുദ്ധസേനക്ക് ശക്തി നല്‍കിയത്. സൈനികത്താവളത്തിനായുള്ള പോരാട്ടത്തില്‍ ഹൂതി വിമതരും പ്രസിഡന്‍റ് ഹാദി അനുകൂലികളായ പോരാളികളും ഉള്‍പ്പെടെ ഏകദേശം 50 പേര്‍ കൊല്ലപ്പെട്ടതായാണ് അറിവ്. 23 പോപുലര്‍ റെസിസ്റ്റന്‍സ് പോരാളികളും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, താവളം പിടിച്ചെടുത്തത് ഹൂതികള്‍ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, സൈനികതാവളത്തില്‍ സഖ്യസേനയുടെ ആക്രമണം നടക്കുന്നതായി ഹൂതികളുടെ സബാ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തായിസ് റോഡിലാണ് അല്‍അനദ് സ്ഥിതിചെയ്യുന്നത്. തായിസ് ഉള്‍പ്പെടെയുള്ള തെക്കന്‍ പ്രവിശ്യ തിരിച്ചുപിടിക്കാന്‍ അല്‍അനദ് സൈനികത്താവളം സഹായിക്കുമെന്ന് സര്‍ക്കാര്‍ അനുകൂലികള്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.