മുംബൈ ഭീകരാക്രമണം: പാക് ബന്ധം ഉറപ്പിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്

കറാച്ചി: 2008 നവംബറിലെ മുംബൈ ഭീകരാക്രമണത്തിലെ പാക് പങ്കിന് ബലം പകരുന്ന വിവരങ്ങള്‍ പുറത്ത്. പാക് രഹസ്യാന്വേഷണ വിഭാഗം മുന്‍ മേധാവി താരിഖ് ഖ്വാസയുടേതാണ്  പുതിയ വെളിപ്പെടുത്തലുകള്‍. പാക് പത്രമായ ഡോണില്‍ എഴുതിയ ലേഖനത്തില്‍ ആണ് ആക്രമണം സംബന്ധിച്ച ഇന്ത്യയുടെ വാദങ്ങള്‍ക്ക് ബലം പകരുന്ന കാര്യങ്ങള്‍ അദ്ദേഹം തുറന്നെഴുതിയത്.

ആക്രമണം നടത്തുന്നതിനായി 2008ല്‍ മുംബൈ തീരത്ത് ബോട്ടില്‍ വന്നിറങ്ങിയവരെ ഫോണ്‍ വഴി കറാച്ചിയിലെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് നിയന്ത്രിച്ചിരുന്നുവെന്നും തീവ്രവാദികളില്‍ ജീവനോടെ പിടിക്കപ്പെട്ട കസബ് പാക് പൗരന്‍ ആയിരുന്നുവെന്നും ഇവര്‍ക്ക് പാകിസ്താനില്‍ പരിശീലനം ലഭിച്ചിരുന്നുവെന്നും ഖ്വാസ പറയുന്നു.
166 പേര്‍ക്ക് ജീവഹാനി വരുത്തിയ ആക്രമണം നടത്തിയ പത്തു തീവ്രവാദികളില്‍ അജ്മല്‍ കസബ് മാത്രമാണ് പിടിക്കപ്പെട്ടത്. സ്കൂളിലെ പ്രാഥമിക പഠനത്തിനുശേഷം നിരോധിത തീവ്രവാദ സംഘടനയായ ലശ്കറെ ത്വയ്യിബയില്‍ ചേര്‍ന്ന കസബ് പിന്നീട് സംഘടനയുടെ ‘ഇന്‍വെസ്റ്റിഗേറ്റര്‍’ ആയി മാറുകയായിരുന്നു. കസബിനും മറ്റു തീവ്രവാദികള്‍ക്കും സിന്ധ്, തറ്റ എന്നിവിടങ്ങളില്‍ നിന്ന് പരിശീലം ലഭിച്ചിരുന്നു. മുംബൈയില്‍ ഉപയോഗിച്ച സ്ഫോടക വസ്തുക്കള്‍ ഈ പരിശീലക ക്യാമ്പുകളില്‍ നിന്ന് കണ്ടത്തെിയിരുന്നുവെന്നും ഖ്വാസ എഴുതുന്നു.
ആക്രമണത്തിന്‍റെ ബുദ്ധികേന്ദ്രമായി കരുതപ്പെടുന്ന സഖീയുര്‍റഹ് മാന്‍ നഖ് വിയുടെയും മറ്റുള്ളവരുടെയും വിചാരണ അനന്തമായി നീളുന്നതിന്‍റെ കാരണവും ഖ്വാസ പറയുന്നു. കേസിലെ ജഡ്ജിമാരെ നിരന്തരമായി മാറ്റുന്നതും പ്രതികളുടെ തന്ത്രങ്ങളും, കേസിലെ പ്രോസിക്യൂട്ടറുടെ കൊലയും എല്ലാം ഇതിന് കാരണമാവുന്നുണ്ട്. ഈ വര്‍ഷം ആദ്യത്തില്‍ ലഖ് വിയെ പാകിസ്താനിലെ പ്രാദേശിക കോടതി മോചിപ്പിച്ച നടപടി ഇന്ത്യ ^പാക് ബന്ധത്തില്‍ കാര്യമായ ഉലച്ചില്‍ തട്ടിയിരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യ നിരന്തരം പ്രതിഷേധം അറിയിച്ചുവരുന്നതിനിടെയാണ് മുന്‍ പാക് രഹസ്യാന്വേഷണ മേധാവിയുടെ വെളിപ്പെടുത്തല്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.