ഡാളസ് വെടിവെപ്പ്: ഡെമോക്രാറ്റിക് –റിപ്പബ്ളിക്കന്‍ പാര്‍ട്ടികള്‍ക്ക് ഭിന്നസ്വരം

വാഷിങ്ടണ്‍: ഡാളസില്‍ ഒളിപ്പോര്‍ ആക്രമണത്തില്‍ അഞ്ച് പൊലീസുകാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യു.എസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥികള്‍ക്കും പാര്‍ട്ടികള്‍ക്കും ഭിന്നസ്വരം. വ്യാഴാഴ്ചയാണ് ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്കുനേരെയുണ്ടായ പൊലീസ് വെടിവെപ്പിനെതിരെ നടന്ന പ്രതിഷേധത്തിനിടെ ഒളിപ്പോരാളികള്‍ അഞ്ചു പൊലീസുകാരെ കൊലപ്പെടുത്തിയത്. സംഭവത്തെ ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റന്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു.

എന്നാല്‍, കൊലപാതകത്തിലേക്ക് നയിച്ചത് ലൂസിയാനയിലും മിനിസോടയിലും കറുത്തവര്‍ഗക്കാരായ രണ്ടുപേര്‍ കൊലചെയ്യപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടിയ ഹിലരി, രാജ്യത്തെ ആഫ്രിക്കന്‍ അമേരിക്കക്കാര്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയെയും ആശങ്കകളെയും അവഗണിക്കരുതെന്നും ആവശ്യപ്പെട്ടു. പൊലീസിനകത്ത് നടമാടുന്ന വ്യവസ്ഥാപിത വംശീയതയെയും നാം ചെറുക്കണം. നമുക്കിടയില്‍ കൂടുതല്‍ സ്നേഹവും അനുകമ്പയും ആവശ്യമാണെന്ന് തെളിയിക്കുന്ന സംഭവമാണിത്. ഭയത്തിനും ഉത്കണ്ഠക്കും കീഴ്പ്പെട്ട് ജീവിക്കുകയെന്നാല്‍ അസഹനീയമാണ്. കറുത്തവര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദേശീയ സംവാദം ആവശ്യമാണ്. നിരന്തരം സംശയിക്കപ്പെടുക, പുറത്തുപോയ കുട്ടികളുടെ സുരക്ഷിതത്വത്തെക്കുറിച്ച് വേവലാതിപ്പെടുക തുടങ്ങി ആഫ്രിക്കന്‍ അമേരിക്കക്കാര്‍ അനുഭവിക്കുന്ന നിരന്തരസംഘര്‍ഷം എന്നെപ്പോലുള്ള വെളുത്തവര്‍ അറിയേണ്ടതാണ് -അവര്‍ പറഞ്ഞു.

ഡാളസ് വെടിവെപ്പ് രാജ്യത്തിന് നേരെയുണ്ടായ ആക്രമണമാണെന്നായിരുന്നു റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്‍െറ പ്രതികരണം. വെടിവെപ്പില്‍ കൊല്ലപ്പെട്ട പൊലീസുകാരോട് രാജ്യം ഐക്യപ്പെടണമെന്നും ട്രംപ് ആവശ്യപ്പെട്ടു. പൊലീസില്‍ വംശീയവിവേചനമുണ്ടെന്ന് വാദിക്കുന്ന ഹിലരിയെ പോലുള്ള ലിബറല്‍ രാഷ്ട്രീയക്കാരാണ് കൊലപാതകത്തിന് ഉത്തരവാദികളെന്ന് റിപ്പബ്ളിക്കന്‍ പാര്‍ട്ടി അംഗവും ട്രംപിന്‍െറ പ്രചാരണത്തിന് നേതൃത്വം കൊടുക്കുകയും ചെയ്യുന്ന കൊറി സ്റ്റ്യുവാര്‍ട്ട് പ്രസ്താവിച്ചു. വെടിവെപ്പിനെ തുടര്‍ന്ന്  ഹിലരിയും ട്രംപും പ്രചാരണപരിപാടികള്‍ റദ്ദാക്കി.

ഒബാമ യൂറോപ്യന്‍ യാത്ര വെട്ടിച്ചുരുക്കി

വാഷിങ്ടണ്‍: ഡാളസില്‍ പ്രതിഷേധമാര്‍ച്ചിനിടെ അഞ്ച് പൊലീസുകാര്‍ വെടിയേറ്റുമരിച്ച സംഭവത്തിന്‍െറ പശ്ചാത്തലത്തില്‍ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ  യൂറോപ്യന്‍ പര്യടനം ഒരു ദിവസം വെട്ടിച്ചുരുക്കി മടങ്ങുന്നു. ഞായറാഴ്ച രാത്രി പ്രസിഡന്‍റ് വാഷിങ്ടണില്‍ തിരിച്ചത്തെുമെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജോഷ് ഏണസ്റ്റ് അറിയിച്ചു. അടുത്തയാഴ്ച  ഒബാമ ഡാളസ് നഗരത്തിലത്തെും. നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഒബാമ ഇപ്പോള്‍ വാഴ്സയിലാണുള്ളത്.  ഉച്ചകോടിക്കുശേഷം രണ്ടു ദിവസത്തെ സ്പെയിന്‍ യാത്ര തീരുമാനിച്ചതായിരുന്നു. 2017 ജനുവരി 20ന് പ്രസിഡന്‍റ് പദവിയില്‍  കാലാവധി തീരുന്ന ഒബാമയുടെ  അവസാനത്തെ യൂറോപ്പ് സന്ദര്‍ശനമാണിതെന്നു കരുതുന്നു.  മിനിസോടയിലും ലൂയീസിയാനയിലും കറുത്തവര്‍ഗക്കാരെ വെടിവെച്ചുകൊലപ്പെടുത്തിയതില്‍  പ്രതിഷേധിച്ച്  നടത്തിയ മാര്‍ച്ചിനിടെയാണ്  പൊലീസുകാര്‍ വെടിയേറ്റുമരിച്ചത്. വംശീയവിവേചനങ്ങള്‍ ഇല്ലാതാക്കാനും ജനങ്ങളും പൊലീസും ഒരുമിച്ച്  പ്രവര്‍ത്തിക്കാനുമുള്ള ശ്രമങ്ങള്‍ക്കും  പ്രസിഡന്‍റിന്‍െറ സന്ദര്‍ശനം ആക്കംകൂട്ടുമെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.