ജുനോ പേടകം വ്യാഴത്തിന്‍െറ ഭ്രമണപഥത്തില്‍

വാഷിങ്ടണ്‍: അഞ്ചുവര്‍ഷത്തെ യാത്രക്കുശേഷം നാസയുടെ ജുനോ സ്പേസ്ക്രാഫ്റ്റ് വ്യാഴത്തിന്‍െറ ഭ്രമണപഥത്തിലത്തെി. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം ഒമ്പതോടെയാണ് സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹത്തിന്‍െറ രഹസ്യങ്ങള്‍ തേടിപ്പോയ പേടകം ലക്ഷ്യത്തിലത്തെിയത്. ജുനോ യാത്രയുടെ വിജയം രാജ്യത്തിന്‍െറ 240ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന യു.എസ് ജനതക്കുള്ള സമ്മാനമാണെന്ന് നാസ പറഞ്ഞു.

പേടകം ഭ്രമണപഥത്തിലത്തെിയതിന്‍െറ രേഖകള്‍ കാലിഫോര്‍ണിയയിലെ നാസയുടെ ലബോറട്ടറിയിലും കോളറാഡോയിലെ കേന്ദ്രത്തിലും ആസ്ട്രേലിയയിലെ നാസയുടെ ആന്‍റിനകളിലും ലഭിച്ചു. ഭ്രമണപഥത്തിലത്തെുന്നതിന് തൊട്ടുമുമ്പ് ജുനോ എന്‍ജിന്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. തുടര്‍ന്ന് 35 മിനിറ്റ് എന്‍ജിന്‍ എരിച്ച് വേഗം  മണിക്കൂറില്‍ 2000 കിലോമീറ്ററായി കുറച്ചു. ഈ സമയം വ്യാഴത്തിന്‍െറ ഗുരുത്വാകര്‍ഷണ വലയം പേടകത്തെ സ്വീകരിക്കുകയായിരുന്നു. ഇനി ഒന്നരവര്‍ഷം ജുനോ വ്യാഴത്തെ പരിക്രമണം ചെയ്യം.  

70 കോടി ഡോളര്‍ ചെലവിട്ട പദ്ധതി ശാസ്ത്രലോകം ഏറെ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. വ്യാഴത്തിന്‍െറ ഉദ്ഭവവും പരിണാമവും പഠിക്കുകയാണ് ജുനോയുടെ ലക്ഷ്യം. സൗരയൂഥ ജനനത്തിന്‍െറ ആദ്യഘട്ടത്തില്‍തന്നെ വ്യാഴവും ഉണ്ടായിട്ടുണ്ട്. അതിനാല്‍, ഈ ഗ്രഹത്തെക്കുറിച്ചുള്ള പഠനത്തിലൂടെ സൗരയൂഥ രൂപവത്കരണത്തെ സംബന്ധിച്ചും സൂചനകള്‍ ലഭിക്കുമെന്നാണ് ശാസ്ത്രലോകത്തിന്‍െറ പ്രതീക്ഷ. ഇവിടത്തെ ഹൈഡ്രജന്‍-ഓക്സിജന്‍ അനുപാതം കണക്കാക്കുക, ഗ്രഹത്തിന്‍െറ അകക്കാമ്പിന്‍െറ പിണ്ഡം നിര്‍ണയിക്കുക, ഗുരുത്വാകര്‍ഷണ മേഖലയുടെയും കാന്തികമേഖലയുടെയും വ്യാപ്തി കണക്കാക്കുക തുടങ്ങിയവയൊക്കെയാണ് ജുനോയുടെ ലക്ഷ്യം.

വിദ്യുത്കാന്തിക തരംഗങ്ങള്‍ അളക്കുന്ന മൈക്രോവേവ് റേഡിയോമീറ്റര്‍, ഗ്രഹത്തിലെ ജലാംശം പരിശോധിക്കാന്‍ ജോവിയന്‍ ഇന്‍ഫ്രാറെഡ് ഓറോറല്‍ മാപ്പര്‍, കാന്തികവലയങ്ങള്‍ നിര്‍ണയിക്കുന്ന മാഗ്നറ്റോമീറ്റര്‍, പിണ്ഡം അളക്കുന്ന ഗ്രാവിറ്റി സയന്‍സ്, അയോണുകളുടെയും ഇലക്ട്രോണുകളുടെയും ഗതി പഠിക്കുന്ന ജോവിയന്‍ ഓറോറിയല്‍ ഡിസ്ട്രിബ്യൂഷന്‍ എക്സ്പിരിമെന്‍റ്, എനര്‍ജറ്റിക് പാര്‍ട്ടിക്ള്‍ ഡിറ്റക്ടര്‍ ഇന്‍സ്ട്രുമെന്‍റ്, റേഡിയോ ആന്‍ഡ് പ്ളാസ്മ സെന്‍സര്‍, അള്‍ട്രാവയലറ്റ് ഇമേജിങ് സ്പെക്ടോഗ്രാഫ്, ജുനോ ക്യാം എന്നിവയാണ് ജുനോയിലെ പേലോഡുകള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.