സമാധാന നൊബേല്‍ ജേതാവ് ഐലീ വീസല്‍ അന്തരിച്ചു

വാഷിങ്ടണ്‍: സമാധാന നൊബേല്‍ ജേതാവും ആക്ടിവിസ്റ്റുമായ അമേരിക്കന്‍ എഴുത്തുകാരന്‍ ഐലീ വീസല്‍ (87)അന്തരിച്ചു. ജൂതവംശഹത്യ അതിജീവിച്ച എഴുത്തുകാരനെന്ന നിലയിലും വിഖ്യാതനായിരുന്നു. ദീര്‍ഘകാലമായി രോഗക്കിടക്കയിലായിരുന്ന അദ്ദേഹം മാന്‍ഹാട്ടനിലെ വസതിയില്‍ ശനിയാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. കോണ്‍സെന്‍ട്രേഷന്‍  ക്യാമ്പുകളിലെ ജീവിതാനുഭവങ്ങളെ ലോകത്തിനു മുന്നില്‍ തുറന്നുവെച്ചതടക്കമുള്ള സംഭാവനകള്‍ പരിഗണിച്ച് 1986ലാണ് ഐലീ വീസലിന് സമാധാന നൊബേല്‍ ലഭിച്ചത്.
1928ല്‍ റുമേനിയയില്‍ ജനിച്ച ഇദ്ദേഹം ഇഗ്ളീഷിലും ഫ്രഞ്ചിലുമായി 57പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലെ തന്‍െറ അനുഭവങ്ങളെ പുരസ്കരിച്ച് രചിച്ച ‘നൈറ്റ്’ പ്രശസ്തമാണ്. തന്‍െറ പതിനഞ്ചാമത്തെ വയസ്സില്‍, 1944ല്‍ കുടുംബത്തോടൊപ്പം കുപ്രസിദ്ധമായ ഓഷ്വിച്ച് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലകപ്പെട്ടു. പിന്നീട് രണ്ടാം ലോക യുദ്ധാനന്തരം ഇവിടെനിന്ന് രക്ഷപ്പെട്ട് അമേരിക്കയിലത്തെുകയായിരുന്നു.
ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ രാഷ്ട്രമീമാംസയില്‍ അധ്യാപകനായിരുന്നു. ഇദ്ദേഹത്തിന് ആദരവ് നല്‍കി സര്‍വകലാശാലയില്‍ ജൂതപഠന കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. പാരിസിലും ന്യൂയോര്‍ക്കിലും മാധ്യമപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1978ല്‍ യു.എസ് പ്രസിഡന്‍റ് ജിമ്മികാര്‍ട്ടന്‍ രൂപം നല്‍കിയ കമീഷന്‍ ഓണ്‍ ഹോളോകോസ്റ്റ് ചെയര്‍മാനായി ഐലീയെ നിയമിച്ചിരുന്നു. ഇതിന്‍െറ പ്രവര്‍ത്തനഫലമായാണ് വാഷിങ്ടണിലെ ഹോളോകോസ്റ്റ് മ്യൂസിയം നിലവില്‍വന്നത്. ഇസ്രായേല്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്നയാളായിരുന്നു. ഐലീയുടെ മരണത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു ദു$ഖം രേഖപ്പെടുത്തി. ഐലീ വാക്കുകളുടെ കുലപതിയായിരുന്നെന്ന് അദ്ദേഹം അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.