വൂളി മാമത്തുകള്‍ ചത്തൊടുങ്ങിയത് ജലക്ഷാമം മൂലമെന്ന്

വാഷിങ്ടണ്‍: വംശനാശം വന്ന മാമത്തിന്‍െറ ഒരു വിഭാഗമായ തുന്ദ്ര മാമത്തുകള്‍ എന്നറിയപ്പെടുന്ന വൂളി മാമത്തുകള്‍ ചത്തൊടുങ്ങിയത് ജലക്ഷാമം മൂലമായിരിക്കാമെന്ന് പഠനം. ഹിമയുഗത്തിനുശേഷം, ഭൂമിയുടെ താപനില ഉയര്‍ന്നതോടെ ഇവയുടെ ആവാസകേന്ദ്രങ്ങളായിരുന്ന ഹിമപ്രദേശങ്ങള്‍ നന്നേ കുറഞ്ഞു. ഇതേതുടര്‍ന്നാണത്രെ ഇവയുടെ നിലനില്‍പിന് വെല്ലുവിളി ഉണ്ടായത്. മാമത്തുകള്‍ അതിജീവനത്തിനായി വെള്ളത്തെയാണ് കൂടുതല്‍ ആശ്രയിച്ചിരുന്നത്.

കാലാവസ്ഥാ മാറ്റത്തോടെ ശുദ്ധ ജലാശയങ്ങളുടെ എണ്ണം കുറഞ്ഞതാണ് വൂളി മാമത്തുകളുടെ നാശത്തിന് കാരണമെന്ന് പെന്‍സല്‍വേനിയ സ്റ്റേറ്റ് സര്‍വകലാശാലയിലെ പ്രഫസര്‍ റസല്‍ ഗ്രഹാം പറയുന്നു. പ്രധാനമായും വടക്കേ അമേരിക്കയിലും യൂറേഷ്യയിലുമുണ്ടായിരുന്ന വൂളി മാമത്തുകളുടെ ഏറ്റവും അവസാനത്തെ കണ്ണി ആര്‍ട്ടിക് സമുദ്രത്തിലെ റാംഗ്ളര്‍ ദ്വീപിലാണ് ജീവിച്ചിരുന്നത്.
ഇവ നശിച്ചിട്ട് 4600 വര്‍ഷമേ ആയിട്ടുള്ളൂ. മനുഷ്യരുടെ വേട്ടയും പാരിസ്ഥിതിക മാറ്റത്തോടൊപ്പം ഇവയുടെ നാശത്തിന് വഴിവെച്ചിരിക്കാമെന്നും ശാസ്ത്രജ്ഞര്‍ കരുതുന്നു. പ്രൊസീഡിങ്സ് ഓഫ് ദ നാഷനല്‍ അക്കാദമി ഓഫ് സയന്‍സസിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം അപൂര്‍വ ജീവികളെ എത്ര മാരകമായി ബാധിക്കുന്നുവെന്നതിന് സൂചകമാണ് പുതിയ പഠനമെന്ന് സ്വീഡിഷ് മ്യൂസിയം പ്രഫസറായ ലവ് ദാലന്‍ ചൂണ്ടിക്കാട്ടി. മാമത്തുകളുടെ പുതിയ രൂപമായ ആനകള്‍ക്ക് ദിനംപ്രതി 70 മുതല്‍ 200 വരെ ലിറ്റര്‍ വെള്ളം ആവശ്യമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.