മുന്‍ ഖാലിസ്താന്‍ നേതാവ് കുത്തേറ്റ് മരിച്ചു

വാഷിങ്ടണ്‍: മുന്‍ സിഖ് വിഘടനവാദ നേതാവ് സത്വിന്ദര്‍ സിങ് ഭോലയെ (52) അമേരിക്കയിലെ ഇലനോയില്‍ കുത്തേറ്റ് മരിച്ചു. ഗ്രോസറി നടത്തുകയായിരുന്ന ഭോലയെ അജ്ഞാതസംഘം അപ്പാര്‍ട്മെന്‍റിന്‍െറ പാര്‍ക്കിങ് ഏരിയയില്‍വെച്ച് ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. നിരവധിതവണ കുത്തേറ്റ പാടുകള്‍ ഭോലയുടെ ദേഹത്തുണ്ടായിരുന്നതായാണ് വിവരം. കഴുത്തിലേറ്റ കുത്താണ് മരണകാരണമെന്നാണ് നിഗമനം.

പഞ്ചാബില്‍ വിഘടനവാദം ശക്തമായിരിക്കെ ഓള്‍ ഇന്ത്യാ സിഖ് സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍െറ വക്താവായിരുന്നു ഭോല. ഓപറേഷന്‍ ബ്ളൂസ്റ്റാറിനെ തുടര്‍ന്ന് രണ്ടുവര്‍ഷം ജയിലില്‍ കിടന്നിട്ടുണ്ട്. ജയില്‍മോചിതനായശേഷം ഭോല അമേരിക്കയിലേക്ക് ചേക്കേറുകയായിരുന്നു. സിഖ് രാഷ്ട്രീയത്തടവുകാരുടെ മോചനമാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹരം കിടക്കുന്ന ബാപു സൂറത് സിങ് ഖല്‍സയുടെ മരുമകനാണ് ഭോല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.