ബഹിരാകാശ പര്യവേക്ഷണങ്ങള്‍ക്ക് ഇനി ഡ്രോണുകളും

വാഷിങ്ടണ്‍: സൈനിക ആവശ്യങ്ങള്‍ക്ക് മുതല്‍ വിവാഹച്ചടങ്ങുകള്‍ക്ക് ഫോട്ടോയെടുക്കാന്‍വരെ നാട്ടില്‍ സജീവമായിക്കഴിഞ്ഞ ഡ്രോണുകളെ ഗോളാന്തര പര്യവേക്ഷണങ്ങള്‍ക്ക് ഉപയോഗിക്കാനൊരുങ്ങുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ചന്ദ്രനിലും ചൊവ്വയിലും മറ്റ് ഛിന്നഗ്രഹങ്ങളിലും നിലവില്‍ ഉപയോഗിക്കുന്ന പര്യവേക്ഷണ വാഹനങ്ങള്‍ക്ക് (റോവര്‍) ഗ്രഹങ്ങളുടെ ഇരുണ്ട ഭാഗങ്ങളിലും ദുര്‍ഘടമായ പ്രദേശങ്ങളിലുമൊന്നും ചെന്നത്തെി സാമ്പിളുകള്‍ ശേഖരിക്കാന്‍ സാധിക്കാറില്ല. ഈ കുറവ് നികത്താനാണ് ‘എക്സ്ട്രീം ആക്സസ് ഫ്ളയേഴ്സ്’ എന്ന് പേരിട്ടിരിക്കുന്ന പ്രത്യേകം തയാറാക്കിയ ഡ്രോണുകളെ ബഹിരാകാശത്തേക്ക് അയക്കാനൊരുങ്ങുന്നത്.
എന്നാല്‍, ചൊവ്വയിലെ നേര്‍ത്ത അന്തരീക്ഷത്തിലും ഛിന്നഗ്രഹങ്ങളിലെയും ചന്ദ്രനിലെയും വായുരഹിത മണ്ഡലങ്ങളിലും സുഗമമായി പ്രവര്‍ത്തിക്കാനും ഇതര ഗോളങ്ങളില്‍ സുരക്ഷിതമായി ഇറങ്ങാനുമൊക്കെയുള്ള സംവിധാനങ്ങള്‍ ഇതില്‍ ഒരുക്കേണ്ടി വരുമെന്നുമാത്രം. നിശ്ചിത ഉയരം വരെ സാധാരണ റോക്കറ്റുകളില്‍ ഉപയോഗിക്കുന്ന വിക്ഷേപണ സംവിധാനം വേണ്ടിവരും. ഭൂമിയുടെ അന്തരീക്ഷ മണ്ഡലത്തിന് പുറത്തിറങ്ങിയാല്‍ പിന്നെ ബാറ്ററിയുടെ സഹായത്താല്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നും നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു.
അന്യഗ്രഹങ്ങളില്‍നിന്നുള്ള വിഭവങ്ങള്‍ ഭൂമിയിലെ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനുള്ള പരിശ്രമത്തിന്‍െറ ആദ്യ പടിയായാണ് ഇത്തരം പദ്ധതികള്‍ തയാറാക്കുന്നത്. അഞ്ചടിയോളം വിസ്തൃതിയുള്ള ഡ്രോണിന്‍െറ മാതൃക കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ തയാറായിവരികയാണ്. പരീക്ഷണം വിജയിച്ചാല്‍ ബാഹ്യാകാശത്തിന് പുറമേ ഭൂമിയിലും ഉപയോഗിക്കാനാവും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.