മനുഷ്യ പരിണാമ സിദ്ധാന്തത്തെ വെല്ലുവിളിച്ച് പുതിയ പഠനം

വാഷിങ്ടണ്‍: പരിണാമ പ്രക്രിയയില്‍ ആധുനിക മനുഷ്യന്‍െറ മുന്‍ഗാമികള്‍ ഇന്നുള്ളവരേക്കാള്‍ വലിപ്പം കൂടുതലുള്ളവരായിരുന്നെന്ന ധാരണ തെറ്റെന്ന് പഠനം. പരിണാമസിദ്ധാന്തത്തിന്‍െറ ഏറ്റവുംവലിയ തെളിവുകളിലൊന്നായി വിലയിരുത്തിപ്പോന്ന ശരീര വലുപ്പത്തിലെ വ്യത്യാസം മനുഷ്യപരിണാമത്തെ ന്യായീകരിക്കാന്‍തക്ക തെളിവല്ളെന്നും അമേരിക്കയിലെ ജോര്‍ജ് വാഷിങ്ടണ്‍ സര്‍വകലാശാലയിലെ പാലിയോ ബയോളജി വിഭാഗം നടത്തിയ ഏറ്റവും പുതിയ പഠനം വ്യക്തമാക്കുന്നു.

മനുഷ്യവംശം ഉള്‍പ്പെടുന്ന ‘ഹോമോനിന്‍’ സ്പീഷിസിലെ മുന്‍ഗാമികള്‍ ഉയര്‍ന്ന ശരീര വലുപ്പമുള്ളവരായിരുന്നെന്നും പിന്നീട് കാലക്രമത്തില്‍ ഉപയോഗത്തിന് അനുസൃതമായി അവയവങ്ങളുടെ വലുപ്പം കുറഞ്ഞ് ഇന്നത്തെ അവസ്ഥയിലത്തെിയെന്നുമാണ് പരിണാമസിദ്ധാന്തം വിശദീകരിക്കുന്നത്. മനുഷ്യശരീരത്തിലെ ചിലഭാഗങ്ങളില്‍ കാണപ്പെടുന്ന അധിക അവയവ വളര്‍ച്ച പരിണാമത്തിന്‍െറ ബാക്കിപത്രങ്ങളായും ശാസ്ത്രം കണക്കാക്കുന്നു.

എന്നാല്‍, ആദിമ ഫോസിലുകള്‍ അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്താല്‍ പരിശോധിക്കുമ്പോള്‍ ഇത്തരമൊരു ശരീര വലുപ്പം മുമ്പുണ്ടായിരുന്നുവെന്ന് അനുമാനിക്കാവുന്ന തെളിവുകളൊന്നുംതന്നെ കണ്ടത്തൊന്‍ കഴിഞ്ഞില്ളെന്ന് ഗവേഷണത്തില്‍ പങ്കാളിയായ അസിസ്റ്റന്‍റ് റിസര്‍ച് പ്രഫസര്‍ മാര്‍ക് ഗ്രബോവ്സ്കി പറഞ്ഞു.

മുമ്പ് കണക്കാക്കിയിരുന്നതിനേക്കാള്‍ ആദിമ മനുഷ്യര്‍ക്ക് വലുപ്പം കുറവായിരുന്നെന്ന് പഠനത്തില്‍ വ്യക്തമായി. പരിണാമ സിദ്ധാന്തത്തിലെ വാദഗതികളില്‍ പലതും ഇനിയും ശാസ്ത്രീയമായി പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും വരുന്ന ഏതാനും വര്‍ഷത്തിനുള്ളില്‍ പരിണാമസിദ്ധാന്തത്തിന്‍െറ അടിത്തറയായി വര്‍ത്തിക്കുന്ന പല സങ്കല്‍പങ്ങളും തിരുത്തിയെഴുതപ്പെടാന്‍ സാധ്യതയുണ്ടെന്നും ജോര്‍ജ് വാഷിങ്ടണ്‍ സര്‍വകലാശാലയിലെ പ്രഫ. ബര്‍നാഡ് വുഡ് പറഞ്ഞു.

മുമ്പും പലതവണ ചോദ്യം ചെയ്യപ്പെട്ടിട്ടുള്ള പരിണാമസിദ്ധാന്തത്തെ ഒരിക്കല്‍കൂടി ശാസ്ത്രലോകത്ത് സജീവ ചര്‍ച്ചയാക്കി മാറ്റിയിരിക്കുകയാണ് ജേണല്‍ ഓഫ് ഹ്യൂമന്‍ എവലൂഷനില്‍ പ്രസിദ്ധീകരിച്ച പുതിയ വിവരങ്ങള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.