ബ്രദര്‍ഹുഡ് നേതാവ് ബദീഅ് ഉള്‍പ്പെടെ 94 പേര്‍ക്ക് ജീവപര്യന്തം

കൈറോ: മുസ്ലിം ബ്രദര്‍ഹുഡിന്‍െറ പരമോന്നത നേതാവ് മുഹമ്മദ് ബദീഇനും 94 പ്രവര്‍ത്തകര്‍ക്കും ഈജിപ്ത് ക്രിമിനല്‍ കോടതി ജീവപര്യന്തം തടവ് വിധിച്ചു. 2013ല്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചെന്ന കേസിലാണ് ജീവപര്യന്തം വിധിച്ചത്. ബദീഇനൊപ്പം ബ്രദര്‍ഹുഡ് നേതാക്കളായ സഫ്വത് ഹിജാസിക്കും, മുഹമ്മദ് അല്‍ ബല്‍താജിക്കും ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടുണ്ട്. 28 പേര്‍ക്ക് പത്തുവര്‍ഷം തടവ് വിധിച്ചിട്ടുണ്ട്. 68പേരെ കോടതി വെറുതെ വിട്ടു.

പോര്‍ട്ട് സൈദിലെ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച സംഘം ഉദ്യോഗസ്ഥരെ വധിക്കാനും ആയുധങ്ങള്‍ കൊള്ളയടിക്കാനും തടവുകാരെ രക്ഷിക്കാനും ശ്രമിച്ചതായി അഭിഭാഷകര്‍ കുറ്റപ്പെടുത്തി. തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിയെ പുറത്താക്കിയതിനെ തുടര്‍ന്നുണ്ടായ സമരങ്ങളുടെ ഭാഗമായാണ് 2013ല്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടന്നത്. അതില്‍ അഞ്ച് സിവിലിയന്മാര്‍ കൊല്ലപ്പെടുകയും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

മുര്‍സിയെ പുറത്താക്കിയതിനുശേഷം അധികാരം പിടിച്ചടക്കിയ അബ്ദുല്‍ ഫത്താഹ് അല്‍സീസിയുടെ സര്‍ക്കാര്‍ ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. 72 കാരനായ ബദീഇനെതിരെ ഈജിപ്തിലെ വിവിധകോടതികള്‍ വധശിക്ഷയടക്കം നിരവധി ശിക്ഷ വിധിച്ചിട്ടുണ്ട്.
2011ലെ ജയില്‍ ആക്രമണവുമായി ബന്ധപ്പെട്ട് മുര്‍സിയും ബദീഇനും അടക്കം 100 ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ ജൂണില്‍ വധശിക്ഷ വിധിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.