അന്വേഷണം മുന്‍വിധിയോടെ; നേരിട്ട് ഹാജരാകില്ലെന്ന്​ സാകിര്‍ നായിക്

മുംബൈ: തനിക്കെതിരായ നിയമ നടപടി മുന്‍വിധിയോടെയാണെന്നും അത് സൃഷ്ടിച്ച പ്രതികൂല സാഹചര്യം വസ്തുനിഷ്ഠ അന്വേഷണത്തിന് തടസ്സമാണെന്നും ചൂണ്ടിക്കാട്ടി ചോദ്യംചെയ്യലിന് നേരിട്ട് ഹാജരാകാന്‍ കഴിയില്ളെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനോട് (ഇ.ഡി) ഇസ്ലാമിക പ്രചാരകന്‍ ഡോ. സാകിര്‍ നായിക്. നേരിട്ട് ഹാജരാകുന്നതിന് പകരം സ്കൈപ് അടക്കമുള്ള ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി മൊഴി നല്‍കാമെന്നും അദ്ദേഹം അറിയിച്ചു.

നേരിട്ട് ഹാജരാകാന്‍ സമയം വേണമെന്ന് ആശ്യപ്പെട്ട സാകിര്‍ നായിക് നിലവിലെ സാഹചര്യത്തില്‍ നീതി പ്രതീക്ഷിക്കാനാകില്ളെന്ന് കത്തില്‍ വ്യക്തമാക്കി. വിദേശത്ത് കഴിയുന്ന നായിക് അഭിഭാഷകരായ മഹേഷ് മൂലെ, താരിഖ് സയ്യിദ് എന്നിവര്‍ മുഖേനയാണ് ഇ.ഡിയുടെ സമന്‍സിനോട് പ്രതികരിച്ചത്്. ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷന്‍ അടക്കമുള്ള നായികിന്‍െറ സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാട് അന്വേഷിക്കുന്ന ഇ.ഡി രണ്ട് തവണയായി സമന്‍സ് അയച്ചിരുന്നു.

കഴിഞ്ഞ ഒമ്പതിന് ഹാജരാകാനാണ് ആവശ്യപ്പെട്ടത്. തിങ്കളാഴ്ചയാണ് അഭിഭാഷകര്‍ മുഖേന അദ്ദേഹം പ്രതികരിച്ചത്. തന്‍െറ സ്ഥാപനമായ ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷനെ യു.എ.പി.എ നിയമപ്രകാരം അഞ്ചു വര്‍ഷത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതിന് എതിരെ ഡല്‍ഹി ഹൈകോടതി ട്രൈബ്യൂണലില്‍ അപ്പീല്‍ നല്‍കിയത് ചൂണ്ടിക്കാട്ടിയ നായിക് വിധി വരുംവരെ സാമ്പത്തിക അന്വേഷണം നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ടു.

നായികും ബന്ധുക്കളും ഡയറക്ടര്‍മാരായ കമ്പനികള്‍ വഴി 10 വര്‍ഷത്തിനിടെ 200 കോടി രൂപയുടെ ഇടപാട് നടത്തിയതായാണ് ഇ.ഡി അവകാശപ്പെടുന്നത്. ഈ പണത്തില്‍ 30 ശതമാനം വിദേശത്തുനിന്ന് ലഭിച്ചതാണ്. ദാവൂദ് ഇബ്രാഹിമിന്‍െറ ‘ഡി കമ്പനി’ ബന്ധമുള്ള ഹവാല റാക്കറ്റ് വഴിയാണ് പണമിടപാടെന്നും പറയുന്നു. സംഭാവനയായി ലഭിച്ച പണം വ്യാജ കമ്പനികളിലെ അക്കൗണ്ടുകളിലേക്ക് മറിച്ച് സ്വത്തുവകകള്‍ വാങ്ങി. 2003നും 2016നുമിടയില്‍ ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷന് 60 കോടി രൂപയിലേറെ ലഭിച്ചെന്നും ഈ പണം റിയല്‍ എസ്റ്റേറ്റിലാണ് നിക്ഷേപിച്ചതെന്നുമാണ് ഇ.ഡി ആരോപിക്കുന്നത്. നായികിന്‍െറ കമ്പനികളില്‍ ഡയറക്ടറായ ആമിര്‍ ഗസ്ദര്‍ ഇ.ഡിയുടെ കസ്റ്റഡിയിലാണ്.

Tags:    
News Summary - zakkir nayik statement about summons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.