ഡൽഹിയിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് ഇറങ്ങാറുള്ളത്; പാകിസ്താനിലേക്കാണോ പോയത് എന്നതറിയില്ല -ചാരവൃത്തി കേസിൽ അറസ്റ്റിലായ യൂട്യൂബറെ കുറിച്ച് അച്ഛൻ

ന്യൂഡൽഹി: പാകിസ്‍താന് ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്രയുടെ കാര്യങ്ങളൊന്നും അറിയില്ലെന്ന് പിതാവ്. മകൾ പാകിസ്താനിലേക്ക് പോയതിനെ കുറിച്ചും അറിയില്ലെന്നും ഹരീഷ് മൽഹോത്ര പ്രതികരിച്ചു. അവളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളെയും യൂട്യൂബ് ചാനലിനെ കുറിച്ചും വലിയ ധാരണയില്ല. ഡൽഹിയിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് മകൾ വീട്ടിൽ നിന്നിറങ്ങിയത്. നേരത്തേ ഡൽഹിയിൽ ജോലി ചെയ്തിരുന്നതിനാൽ അതിൽ സംശയമൊന്നും തോന്നിയില്ലെന്നും ഹരീഷ് മൽഹോത്ര എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ സൂചിപ്പിച്ചു.

'അവളെപ്പോഴും എന്നോട് പറഞ്ഞിരുന്നത് ഡൽഹിയിലേക്ക് പോകുന്നുവെന്നായിരുന്നു. മറ്റാന്നും അവളൊരിക്കലും പറഞ്ഞിട്ടില്ല. വിഡിയോ ഷൂട്ട് ചെയ്യാനായി ജ്യോതി പാകിസ്താനിൽ പോയതിനെ കുറിച്ചൊന്നും അറിഞ്ഞിട്ടേയില്ല​. വീട്ടുകാരുമായി വലിയ അടുപ്പമൊന്നുമില്ല. അവൾ വീട്ടിൽ വെച്ചും വിഡിയോ ചെയ്യാറുണ്ടായിരുന്നു. അതിനാൽ ഒന്നും സംശയിച്ചില്ല''-ഹരീഷ് മൽഹോത്ര പറഞ്ഞു. കോവിഡിന് മുമ്പ് ജ്യോതി ഡൽഹിയിൽ ജോലി ചെയ്തിരുന്നത്. പിന്നീട് ജോലി രാജി​വെച്ചു.

ഹരിയാന സ്വദേശിയായ ​ജ്യോതിയുടെ 'ട്രാവൽ വിത്ത് ജോ' എന്ന യൂട്യൂബ് ചാനലിന് നാലുലക്ഷത്തിനടുത്ത് സബ്സ്ക്രൈബേഴ്സ് ഉണ്ട്. ഇന്ത്യൻ സൈനിക വിവരങ്ങൾ പാകിസ്താന് കൈമാറിയതിന് കഴിഞ്ഞാഴ്ചയാണ് ജ്യോതിയെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തത്. പാക് ഹൈകമീഷനിലെ ഉദ്യോഗസ്ഥരുമായി ജ്യോതിക്ക് അടുപ്പമുണ്ടായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി ഹരിയാന പൊലീസ് അറിയിച്ചിരുന്നു. രണ്ടുതവണ ജ്യോതി പാകിസ്താൻ സന്ദർശിച്ചിട്ടുണ്ട്. അതിലൊന്ന് പഹൽഗാം ഭീകരാക്രമണം നടക്കുന്നതിന് തൊട്ടുമുമ്പായിരുന്നു. അതിനു ശേഷം കശ്മീരിലുമെത്തി. ഈ സന്ദർശനങ്ങൾ തമ്മിലുള്ള ബന്ധം കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

തന്റെ യൂട്യൂബ് ചാനലിൽ 450 വിഡിയോകൾ ജ്യോതി അപ് ലോഡ് ചെയ്തിട്ടുണ്ട്. അതിൽ ചിലത് പാക് സന്ദർശനത്തെ കുറിച്ചാണ്. ഇന്ത്യൻ പെൺകുട്ടി പാകിസ്താനിൽ, ഇന്ത്യൻ പെൺകുട്ടി ലാഹോറിൽ, ഇന്ത്യൻ പെൺകുട്ടി കതാസ് രാജ് ക്ഷേത്രത്തിൽ എന്ന പേരുകളിലാണ് വിഡിയോകൾ അപ് ലോഡ് ചെയ്തത്. പാകിസ്താനിലെ ആഡംബര ബസിൽ യാത്ര ചെയ്യുന്ന ഇന്ത്യൻ പെൺകുട്ടി എന്ന പേരിലും വിഡിയോ ഉണ്ട്. ചാരക്കേസിൽ ജ്യോതിയടക്കം 12 പേരാണ് അറസ്റ്റിലായത്.

Tags:    
News Summary - YouTuber told family about Delhi trip, then visited Pak? what her father said

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.