ന്യൂഡൽഹി: എ.എൻ.ഐക്കെതിരെ ആരോപണവുമായി യൂട്യൂബർമാർ. ഡിജിറ്റൽ ക്രിയേറ്റർമാരിൽ നിന്ന് പണം തട്ടാൻ എ.എൻ.ഐ പകർപ്പവകാശ നിയമം ഉപയോഗിക്കുന്നുവെന്ന് ഡിജിറ്റൽ ക്രിയേറ്റർ മോഹക് മംഗൾ ആരോപിച്ചു. തന്റെ വിഡിയോകളിലെ പകർപ്പവകാശ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രതിവർഷം 30 മുതൽ 40 ലക്ഷം രൂപ വരെ എ.എൻ.ഐ ആവശ്യപ്പെട്ടതായാണ് ആരോപണം. പകർപ്പാവകാശം പിൻവലിക്കാനും നഷ്ടപരിഹാരത്തിനുമായുള്ള നടപടി ഉപേക്ഷിക്കാനും വാര്‍ത്ത ഏജന്‍സി ആനുവല്‍ ലൈസന്‍സിന് 48 ലക്ഷവും ജി.എസ്.ടിയും ആവശ്യപ്പെട്ടെന്ന് മോഹക് മംഗള്‍ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രി അശ്വിനി വൈഷ്ണവിന് അയച്ച കത്തില്‍ പറയുന്നു.
കറന്റ് അഫയേഴ്‌സ് വിഡിയോകൾ പങ്കുവെക്കുന്ന ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ഡിജിറ്റൽ ക്രിയേറ്ററാണ് മോഹക്.
പത്ത് മിനിറ്റ് ദൈർഘ്യമുള്ള തന്‍റെ വിഡിയോയിലൂടെ അതിന്‍റെ തെളിവുകളായി ഇ മെയിൽ, ഫോൺ കോൾ റെക്കോർഡുകൾ എന്നിവയും പങ്കുവെച്ചു. ന്യൂസ്, എജ്യുക്കേഷൻ എന്നീ വിഡിയോകൾക്ക് പത്ത് സെക്കൻഡിൽ താഴെയുള്ള ചെറിയ വിഡിയോ ക്ലിപ്പുകൾ ഉപയോഗിക്കുന്നത് യൂട്യൂബിന്‍റെ ന്യായമായ ഉപയോഗ നയത്തിന് കീഴിൽ പരിരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെടുന്നു.
യൂട്യൂബറായ പൗരുഷ് ശര്‍മയും സമാനമായ പരാതി ഉന്നയിച്ചിട്ടുണ്ട്. തനിക്ക് എ.എന്‍.ഐയുടെ രണ്ട് കോപ്പി റൈറ്റ് സ്‌ട്രൈക്കുകള്‍ ലഭിച്ചതായും പണം നല്‍കുകയോ സബ്സ്‌ക്രിപ്ഷന്‍ ചെയ്യുകയോ ചെയ്തില്ലെങ്കില്‍ ചാനല്‍ നീക്കം ചെയ്യുമെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും പൗരുഷ് ശര്‍മ പറഞ്ഞു.
യൂട്യൂബ് പകർപ്പാവകാശ നിയമം
അനുമതിയില്ലാതെ ഒരു ചാനലിന്‍റെ ഉള്ളടക്കങ്ങൽ മറ്റൊരു വ്യക്തി ഉപയോഗിച്ചാൽ പകർപ്പാവകാശ ഉടമകൾക്ക് സ്ട്രൈക്ക് ഉപയോഗിക്കാനുള്ള അധികാരം യൂട്യൂബ് നൽകുന്നു. ഒരു ചാനലിന് മൂന്ന് സ്ട്രൈക്കുകൾ ലഭിച്ചാൽ, യൂട്യൂബിന് ചാനൽ പിൻവലിക്കാനും അതിലെ എല്ലാ വിഡിയോകളും നീക്കം ചെയ്യാനും കഴിയും.
യൂട്യൂബിന്‍റെ പകർപ്പാവകാശ നിയമം വിമർശനം, വാർത്തകൾ അല്ലെങ്കിൽ വിദ്യാഭ്യാസം പോലുള്ള കാര്യങ്ങൾക്കായി ഡിജിറ്റൽ ക്രിയേറ്റർമാർക്ക് പകർപ്പവകാശമുള്ള ഉള്ളടക്കത്തിന്റെ ഭാഗങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകുന്നുണ്ടെങ്കിലും എത്രത്തോളം ഉള്ളടക്കം ഉപയോഗിക്കാമെന്ന് പ്ലാറ്റ്‌ഫോം വ്യക്തമായി നിർവചിക്കുന്നില്ല.
എ.എൻ.ഐക്കെതിരെ നിരവധിപേർ സമൂഹ മാധ്യമങ്ങളിലൂടെയും രംഗത്ത് വന്നിട്ടുണ്ട്. ചിലർ മീമുകളിലൂടെ തങ്ങളുടെ രോഷം പ്രകടിപ്പിച്ചു.
സ്വതന്ത്ര കണ്ടന്‍റ് ക്രിയേറ്റർമാർക്കെതിരെയുള്ള പകർപ്പവകാശ ആക്രമണങ്ങളെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവ് സാകേത് ഗോഖലെ യൂട്യൂബ് ഇന്ത്യക്ക് കത്ത് എഴുതി.
എക്‌സിൽ തന്‍റെ കത്ത് പങ്കുവെച്ചുകൊണ്ട് പത്രസ്വാതന്ത്ര്യത്തോടുള്ള കടുത്ത അവഗണനയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.