ട്രാഫിക് പിഴ അടച്ചില്ലെങ്കിൽ ഇനി വൈദ്യുതി മുടങ്ങും; ഇ-ചലാനുകൾ ഈടാക്കാൻ ശക്തമായ നിർദേശവുമായി സുപ്രീംകോടതി

ന്യൂഡൽഹി: ഗതാഗത നിയമലംഘനങ്ങളിൽ ട്രാഫിക് പിഴകൾ ഈടാക്കുന്നതിനായി ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് സുപ്രീം കോടതി. ഇ-ചലാൻ അടച്ചില്ലെങ്കിൽ വൈദ്യുതി ബില്ലുകളുമായി ബന്ധിപ്പിച്ച് പിഴ തുക ഈടാക്കുന്ന കാര്യം സർക്കാരുകൾക്ക് പരിഗണിക്കാമെന്നും സുപ്രീം കോടതി നിർദേശിച്ചു.

ജസ്റ്റിസ് ജെ.ബി. പർദിവാല അടങ്ങിയ ബെഞ്ചാണ് സുപ്രധാനമായ നിർദേശം മുന്നോട്ടുവെച്ചത്. ആളുകൾ ട്രാഫിക് പിഴ അടക്കുന്നില്ലെങ്കിൽ അത് അവരുടെ വൈദ്യുതി ബില്ലിലേക്ക് കൂട്ടിച്ചേർക്കാം. വൈദ്യുതി ലൈൻ വിച്ഛേദിക്കപ്പെടുമെന്ന ഭയം കാരണം ആളുകൾ വൈദ്യുതി ബിൽ അടക്കാൻ നിർബന്ധിതരാകും. യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി രാജ്യത്ത് നിലനിൽക്കുന്ന ഇത്തരം പ്രതിസന്ധികൾക്ക് പുതിയ വഴികൾ കണ്ടെത്തേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. എന്നാലിത് വാദത്തിനിടെ കോടതി മുന്നോട്ടുവെച്ച ഒരു നിർദേശം മാത്രമാണെന്നും, നടപ്പാക്കാനുള്ള ഉത്തരവല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഏകദേശം 45000 കോടി രൂപയുടെ ഇ-ചലാൻ കുടിശ്ശികയുണ്ടെന്നാണ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും കോടതിക്ക് സമർപ്പിച്ച കണക്കിലുള്ളത്. ഇതിൽ 25000 കോടി രൂപ മാത്രമാണ് ഇതുവരെ ഈടാക്കാൻ സാധിച്ചിട്ടുള്ളത്. ലക്ഷക്കണക്കിന് ചലാനുകൾ പോലീസ് അയക്കുന്നുണ്ടെങ്കിലും പിഴ ഈടാക്കലാണ് യഥാർത്ഥ വെല്ലുവിളിയെന്ന് കോടതി ചൂണ്ടിക്കാട്ടി.

പിഴ അടക്കാത്ത വാഹനങ്ങളുടെ ആർ.സി. പുതുക്കൽ, ഡ്യൂപ്ലിക്കേറ്റ് ആർ.സി. നൽകൽ, ഉടമസ്ഥാവകാശ മാറ്റം തുടങ്ങിയവ തടയാനും, ചലാൻ തുക പൂർണ്ണമായി അടച്ചുതീർക്കാത്ത വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റോ പി.യു.സി. സർട്ടിഫിക്കറ്റോ നൽകരുതെന്നും കോടതി നിർദേശിച്ചു. ചലാനുമായി ബന്ധിപ്പിച്ചിട്ടുള്ള ഡ്രൈവിങ് ലൈസൻസുകൾ പുതുക്കി നൽകാതിരിക്കുകയോ താൽക്കാലികമായി റദ്ദാക്കുകയോ ചെയ്യാമെന്നും കോടതി പറഞ്ഞു.

വാഹനങ്ങളെ പരിവാഹൻ പോർട്ടലിൽ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യുകയും ആവർത്തിച്ച് കുടിശ്ശിക വരുത്തുന്ന വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്യാമെന്നുമുള്ള നിർദേശം കോടതി മുന്നോട്ടുവെച്ചു. റോഡ് അപകടങ്ങൾ കുറക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഈ നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. 

Tags:    
News Summary - Supreme Court issues strong directive to collect e-challans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.