ന്യൂഡൽഹി: രാജ്യത്തെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ടുള്ള ബി.ജെ.പി നേതാവിന്റെ ഹരജി സുപ്രീംകോടതി തള്ളി. അധിനിവേശ ശക്തികൾ പേര് മാറ്റിയ സ്ഥലങ്ങളെ പുനർനാമകരണം ചെയ്യാൻ കമീഷനെ വെക്കണമെന്നാവശ്യപ്പെട്ടാണ് അഭിഭാഷകൻ കൂടിയായ ബി.ജെ.പി നേതാവ് അശ്വനി കുമാർ ഉപാധ്യായ ഹരജി നൽകിയിരുന്നത്. ഹരജി വിരൽ ചൂണ്ടുന്നത് ഒരു സമൂഹത്തിന് നേരെയാണെന്നും ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര തത്വങ്ങൾക്ക് വിരുദ്ധമായ ഹരജിയാണ് ഇതെന്നും ജസ്റ്റിസ് കെ.എം. ജോസഫ്, ജസ്റ്റിസ് ബി.വി നാഗരത്ന എന്നിവരടങ്ങുന്ന ബെഞ്ച് വിമർശിച്ചു.
രാജ്യം തിളച്ചുമറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോയെന്ന് ഹരജിക്കാരനോട് ജസ്റ്റിസ് കെ.എം. ജോസഫ് ചോദിച്ചു. നിങ്ങൾ ഭൂതകാലത്തെ ഒരു വശത്തുകൂടി മാത്രമാണ് നോക്കിക്കാണുന്നത്. അത് കുഴിച്ചെടുത്ത് ഇന്നത്തെ തലമുറയുടെ മേൽ അതിന്റെ ഭാരം ചുമത്തരുത്. ഈ രീതിയിൽ ചെയ്യുന്ന ഓരോ കാര്യവും കൂടുതൽ ഭിന്നതയുണ്ടാക്കുകയാണ് ചെയ്യുക. ഇന്ത്യ ഇന്ന് ഒരു മതേതര രാജ്യമാണ്. ക്രൂരന്മാരെന്ന് വിശേഷിപ്പിച്ച് നിങ്ങൾ വിരൽ ചൂണ്ടുന്നത് ഒരു പ്രത്യേക സമൂഹത്തിന് നേരെയാണ്, അത് ക്രൂരമാണ്. രാജ്യം തിളച്ചുമറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?. ഹിന്ദുയിസം എന്നത് ഒരു മതമല്ല, ജീവിതരീതിയാണ്. അതിൽ മതഭ്രാന്ത് ഇല്ല. ഞാൻ വരുന്ന കേരളത്തിൽ ഹിന്ദു രാജാക്കന്മാർ മറ്റ് മതസ്ഥർക്ക് ആരാധനാലയങ്ങൾ പണിയാൻ ഭൂമി കൊടുത്ത ചരിത്രമുണ്ട്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടിഷ് രീതിയാണോ ഹരജിക്കാരൻ ഉദ്ദേശിക്കുന്നത്? ഭൂതകാലത്തിന്റെ തടവുകാരായി തുടരാൻ പറ്റില്ല. സമൂഹത്തിനെ നശിപ്പിക്കുന്ന ഉപകരണമായി കോടതിയെ മാറ്റാൻ ശ്രമിക്കരുത്. ഹിന്ദുത്വത്തിന്റെ മഹത്വം മനസ്സിലാക്കാൻ ശ്രമിക്കണം. കോടതിയുടെ തീരുമാനം ശരിയാണെന്ന് ഹർജിക്കാരന് പിന്നീട് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.
‘നിലവിൽ രാജ്യം നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും അതാണ് ആദ്യം പരിഹരിക്കേണ്ടതെന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞു. ഹിന്ദുമതം ഒരു ജീവിതരീതിയാണ്, അതുകൊണ്ടാണ് ഇന്ത്യ എല്ലാവരേയും സ്വീകരിച്ചത്. അതുകൊണ്ടാണ് നമുക്ക് ഒരുമിച്ച് ജീവിക്കാൻ കഴിയുന്നത്. ബ്രിട്ടീഷുകാരുടെ വിഭജിച്ച് ഭരിക്കുക നയം നമ്മുടെ സമൂഹത്തിൽ ഭിന്നതയുണ്ടാക്കി. നമ്മൾ അത് തിരികെ കൊണ്ടുവരരുത്. ഇതിലേക്ക് ഒരു മതത്തെയും വലിച്ചിഴക്കരുത്’ അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.